.
കഞ്ചാവ് ഉപയോഗിക്കുന്നവർക്ക് സാധാരണക്കാരെ അപേക്ഷിച്ച് ഹൃദയാഘാത സാധ്യത കൂടുതലെന്ന് പഠനം. അമേരിക്കൻ ഹാർട്ട് അസോസിയേഷന്‍റെ ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്. കഞ്ചാവ് ഉപയോഗിക്കുന്നവരില്‍ ഹൃദയാഘാതസാധ്യത 29% കൂടുതലും പക്ഷാഘാത സാധ്യത 20% കൂടുതലുമാണെന്ന് ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. മരിജുവാനയും ഹൃദ്രോഗവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ഇതുവരെയുള്ള ഏറ്റവും വലിയ പഠനങ്ങളിൽ ഒന്നാണിത്.
19 നും 59 നും ഇടയിൽ പ്രായമുള്ള ആളുകളെ ഉൾപ്പെടുത്തി ശേഖരിച്ച മെഡിക്കൽ ഡേറ്റയുടെ വിശകലനം അനുസരിച്ച്, മരിജുവാന ഉപയോഗിക്കുന്നത് ഹൃദ്രോഗം മൂലം മരിക്കാനുള്ള സാധ്യത ഇരട്ടിയാക്കുന്നു. 3012 പഠനങ്ങൾ കൂടി വിലയിരുത്തിയാണ് ഗവേഷകർ ഈ അനുമാനത്തിലെത്തിയത്. അതിൽ 24 എണ്ണം കഞ്ചാവും ഹൃദ്രോഗങ്ങളും തമ്മിലുള്ള ബന്ധത്തേക്കുറിച്ച് വ്യക്തമാക്കുന്നതായിരുന്നു. കഞ്ചാവിന്‍റെ സ്ഥിരമായ ഉപയോഗം ഗുരുതരമായ ഹൃദ്രോഗ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനത്തിന് നേതൃത്വം നൽകിയ മസാച്ചുസെറ്റ്സ് ജനറൽ ഹോസ്പിറ്റലിലെ ഗവേഷകയായ ഡോ. അബ്ര ജെഫേഴ്സ് പറഞ്ഞു.
അടുത്തകാലത്തായി ദിവസേന മദ്യപിക്കുന്നവരുടെ എണ്ണത്തേക്കാൾ കൂടുതലാണ് കഞ്ചാവ് ഉപയോഗിക്കുന്നവരുടെ എണ്ണമെന്നും പഠനങ്ങളില്‍ നിന്ന് വ്യക്തമാകുന്നു. ഉപയോഗിക്കുന്നവരില്‍ കൂടുതലും പുരുഷന്‍മാരും യുവാക്കളുമാണ്. 18 നും 24 നും ഇടയിൽ പ്രായമുള്ളവരിൽ 69% പേരും മദ്യത്തേക്കാൾ കഞ്ചാവ് ഇഷ്ടപ്പെടുന്നുവെന്നും മറ്റൊരു സര്‍വേ സൂചിപ്പിക്കുന്നു. എളുപ്പത്തിൽ ലഭ്യമാകുന്നു എന്നതാണ് കഞ്ചാവിനെ പൊതുജനാരോഗ്യവിഷയത്തില്‍ വെല്ലുവിളിയാക്കുന്നത്. കഞ്ചാവ് രക്തസമ്മർദത്തിന്‍റെ തോതും ഹൃദയമിടിപ്പും കൂട്ടുമെന്നും രക്തക്കുഴലിൽ വീക്കത്തിന് കാരണമാകുമെന്നും നേരത്തേയും പലപഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ഇവയെല്ലാം ഹൃദ്രോഗസാധ്യത വർധിപ്പിക്കുമെന്നാണ് കരുതുന്നത്.ഓസ്ട്രേലിയയിലെ ഒരു പഠനത്തിൽ വ്യക്തമാക്കുന്നത് സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്നവരിൽ പക്ഷാഘാതം വരാനുള്ള സാധ്യത അഞ്ചുമടങ്ങ് ആണെന്നാണ്. അമേരിക്കയിൽ നിന്നുള്ള ഇരുപത്തിയഞ്ചും മുപ്പത്തിനാലും വയസ്സ് പ്രായമുള്ളവരെ ആധാരമാക്കി നടത്തിയ പഠനത്തിലും ഇതേ കണ്ടെത്തലാണുള്ളത്. വല്ലപ്പോഴും കഞ്ചാവ് ഉപയോഗിക്കുന്നതല്ല മറിച്ച്, സ്ഥിരമായുള്ള അവയുടെ ഉപയോഗം, അത് ചെറുപ്രായത്തിൽ തന്നെയാണെങ്കിൽ അപകട സാധ്യത കൂടുതലാണ് എന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്.
ഹൃദയാഘാത സാധ്യത വർധിപ്പിക്കുന്ന ഘടകങ്ങളിൽ കൊക്കെയ്നേക്കാൾ മുന്നിലാണ് കഞ്ചാവ് എന്ന് ഫ്രാൻസിൽ നിന്നുള്ള മറ്റൊരു പഠനത്തിലും പറയുന്നു. അമേരിക്കയിലെ പകുതി സംസ്ഥാനങ്ങളിലും യൂറോപ്പിലെ പലരാജ്യങ്ങളിലും ചികിത്സയുടെ ഭാഗമായി കഞ്ചാവ് നൽകിവരുന്നുണ്ട്. ആർത്രൈറ്റിസ്, മൾട്ടിപ്പിൾ സ്ക്ലീറോസിസ്, നാഡീസംബന്ധമായ പരിക്കുകൾ തുടങ്ങിയ ഉള്ളവരിൽ വേദന നിയന്ത്രിക്കാൻ ചികിത്സയുടെ ഭാഗമായി കഞ്ചാവ് ഉപയോഗിക്കാറുണ്ട്. കഞ്ചാവിലെ ടിഎച്ച്സി, സിബിഡി ഘടകങ്ങളാണ് വേദന കുറയ്ക്കാൻ സഹായിക്കുന്നത്. കാൻസർ രോഗികളിൽ കീമോതെറാപ്പി സംബന്ധമായ അസ്വസ്ഥകൾ ലഘൂകരിക്കാനും നിയന്ത്രിതമായ അളവിൽ കഞ്ചാവ് ഉപയോഗിക്കാറുണ്ട്. കഞ്ചാവ് ഉപയോഗം ക്രിമിനൽ കുറ്റമായി കണക്കാക്കുന്നതിന് പകരം നിരുത്സാഹപ്പെടുത്തുകയാണ് വേണ്ടതെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.