വൈറ്റമിനുകളുടെ കുറവ് എല്ലാവരിലും സ്വാഭാവികമായി കാണപ്പെടുന്ന ഒന്നാണ്. എന്നാല്‍ ഇലക്ട്രോണിക് ഉപകരണങ്ങളുടെയും മറ്റും അടുത്തെത്തുമ്പോള്‍ ശരീരം വിറയ്ക്കുന്നതയി തോന്നുന്നത് അത്ര സാധാരണമല്ല. ഹൈദരാബാദില്‍ നിന്നുമുള്ള 40കാരിയാണ് ഇത്തരമൊരു രോഗാവസ്ഥയുമായി ഡോക്ടര്‍ക്കരികില്‍ എത്തിയത്. ഫോണ്‍, വാഷിങ് മെഷീന്‍, ഫാന്‍ തുടങ്ങിയ ഉപകരണങ്ങള്‍ക്കരികില്‍ നില്‍ക്കുംമ്പോഴെല്ലാം ശരീരത്തില്‍ പ്രകമ്പനം അനുഭവപ്പെടുന്ന അവസ്ഥയാണ് യുവതിയുടേത്.
ഏകദേശം ആറ് മാസത്തോളമായി യുവതി ഈ അവസ്ഥ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍ തന്നെ വിവിധ ഡോക്ടര്‍മാരെ കാണുകയും അവരുടെ നിര്‍ദേശപ്രകാരം നിരവധി മരുന്നുകള്‍ കഴിക്കുകയും ചെയ്തിരുന്നു. പക്ഷേ ഒന്നും ഫലം കണ്ടിരുന്നില്ല. അതിനാല്‍ ഈ രോഗാവസ്ഥ ക്രമേണെ യുവതിയെ നിരാശയിലേക്കും ഉത്കണ്ഠയിലേക്കും നയിച്ചു.
പിന്നീട് യുവതിയുടെ അവസ്ഥ വിശദമായി പരിശോധിച്ചപ്പോള്‍ ഇത് വിരല്‍ ചൂണ്ടിയത് പെരിഫറല്‍ ന്യൂറോപ്പതി, റസ്റ്റ്ലസ് ലെഗ് സിഡ്രോം എന്നിവയിലേക്കാണ്. തലച്ചോറിനും സുഷുമ്‌നാ നാഡിക്കും പുറത്ത് സ്ഥിതി ചെയ്യുന്ന ഞരമ്പുകൾക്ക് കേടുപാടുകൾ സംഭവിക്കുമ്പോഴാണ് പെരിഫറൽ ന്യൂറോപ്പതി സംഭവിക്കുന്നത്. കാലുകളില്‍ ചൊറിച്ചല്‍, വേദന. തരിപ്പ് എന്നിവ അനുഭവപ്പെടുകയും കാലുകള്‍ തുടര്‍ച്ചയായി ഇളക്കിക്കൊണ്ടിരിക്കാന്‍ തോന്നുകയും ചെയ്യുന്ന അവസ്ഥയാണ് റസ്റ്റ്ലസ് ലെഗ് സിഡ്രോം. പിന്നീട് നിരവധി ബ്ലഡ് ടെസ്റ്റുകള്‍ കഴിഞ്ഞതോടെ യുവതിക്ക് അയണ്‍, വൈറ്റമിന്‍ ബി12 എന്നിയുടെ കുറവ് ഉണ്ടെന്ന് കണ്ടെത്തി. നമ്മള്‍ ചെറുതെന്ന് കരുതി പലപ്പോഴും ഒഴിവാക്കുന്ന വൈറ്റമിനുകളിലെ കുറവ് നാഡീവ്യവസ്ഥയെപ്പോലും ബാധിച്ചേക്കാം.
ശരീരത്തിലുണ്ടാകുന്ന കമ്പനം, വിറയല്‍ തുടങ്ങിയവ അസാധാരണമെന്ന് തോന്നാമെങ്കിലും ഇത് ചിലയാളുകളില്‍ സാധരണയായി കണ്ടുവരുന്നുണ്ട്. സമ്മര്‍ദം, ഉല്‍ക്കണ്ഠ, വിഷാദം തുടങ്ങിയവ അനുഭവപ്പെടുന്നവരില്‍ ശരീരത്തില്‍ ഇത്തരം വിറയലുകള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ ഇവിടെയും ഇലക്ടോണിക് ഉപകരണങ്ങള്‍ കാരണമല്ല പലപ്പോഴും വിറയല്‍ അണ്ടായിരിക്കുന്നതെന്നും മറിച്ച് അതില്‍ യുവതിയുടെ മാനസികാവസ്ഥയും കാരണമായിട്ടുണ്ടെന്നാണ് ഡോക്ടര്‍ വിലയിരുത്തുന്നത്. അതായത് സാധാരണ ഉണ്ടാകുന്നത്പോലെ ഉല്‍ക്കണ്ഠ, സമ്മര്‍ദം എന്നിവ അധികമാകുന്ന സമയങ്ങളിലാണ് യുവതിയില്‍ ഇത്തരത്തിലുള്ള വിറയല്‍ അനുഭവപ്പെട്ടതായി കാണപ്പെടുന്നത്.
വിറ്റാമിൻ ബി 12 അടിസ്ഥാനപരമായി നാഡീവ്യവസ്ഥയ്ക്കുള്ള ഇന്ധനമായാണ് കണക്കാക്കപ്പെടുന്നത്. ഇത് ചുവന്ന രക്താണുക്കളെ നിര്‍മ്മിക്കാന്‍ സഹായിക്കുന്നു, തലച്ചോറിനെ ഉന്മേഷത്തോടെ നിലനിർത്തുകയും നാഡികളുടെ ആരോഗ്യത്തിന് ഒരു പ്രധാന ഘടകമായും ബി12 പ്രവര്‍ത്തിക്കുന്നുണ്ട്. രക്തത്തിലെ ഓക്സിജൻ വഹിക്കുന്ന ഹീമോഗ്ലോബിൻ നിർമ്മിക്കുന്നതിന് നിര്‍ണായകമാണ് അയണ്‍.