Image Credit: X
പ്രസവത്തിന് ശേഷമുള്ള നാളുകളില്‍ കടുത്ത വിഷാദത്തിലൂടെ കടന്നുപോയെന്ന് തുറന്നു പറഞ്ഞ് ഹോളിവുഡ് താരം ജെന്നിഫര്‍ ലോറന്‍സ്. കാന്‍ ഫിലിം ഫെസ്റ്റില്‍ സ്വന്തം ചിത്രമായ 'ഡൈ മൈ ലവ്' പ്രദര്‍ശിപ്പിക്കുന്നതിനിടെ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് അവര്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. പ്രസവാനന്തരം മാനസികവിഭ്രാന്തിയിയിലേക്ക് എത്തുന്ന ഒരമ്മയുടെ കഥ പറയുന്ന ചിത്രം ഹൃദയഭേദകമാണെന്നും അവര്‍ പറഞ്ഞു.
പ്രസവാനന്തരവിഷാദം വളരെ വിഷമകരമായ ഒന്നാണ്. അത് കൂടുതല്‍ ഏകാന്തത സൃഷ്ടിക്കും . ആ സമയം തീവ്രമായ വിഷാദവും ഒറ്റപ്പെടലും ഉല്‍കണ്ഠയും അനുഭവപ്പെടും . അ സമയം പലപ്പോഴും താന്‍ ഒരന്യഗ്രഹ ജീവിയാണോ എന്നുപോലും തോന്നിയിയന്ന് ജെന്നിഫര്‍ ലോറന്‍സ് പറഞ്ഞു.
തന്‍റെ രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ച് അഞ്ച് മാസമായപ്പോഴാണ് ഈ സിനിമ ചെയ്തത്. കുഞ്ഞുണ്ടാകുംമ്പോള്‍ പല മാറ്റങ്ങളും വരും. അത് നമ്മുടെ ജീവിതത്തെതന്നെ മാറ്റി മറിക്കും. എപ്പോള്‍ ജോലി ചെയ്യണം, എവിടെ ജോലി ചെയ്യണം, തുടങ്ങിയ തീരുമാനങ്ങളിലെല്ലാം കുട്ടികളെകൂടി ഉള്‍പ്പെടുത്തേണ്ടി വരും. കുഞ്ഞുങ്ങള്‍ തന്‍റെ ജീവിതം മാറ്റിയിട്ടുണ്ട്. അത് സര്‍ഗാത്മകത കൂടാനും സഹായിച്ചിട്ടുണ്ട്. ഒരു നടനോ നടിയോ ആകാന്‍ ആഗ്രഹമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഒരു കുഞ്ഞുണ്ടാകുന്നത് നല്ലതായിരിക്കുമെന്നും നടി പറഞ്ഞു.
എഴുത്തുകാരി അരിയാന ഹാർവിച്ചിന്റെ 2017 ലെ നോവലിനെ അടിസ്ഥാനമാക്കയിയെടുത്ത ചിത്രമാണ് 'ഡൈ മൈ ലവ്' എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രസവാനന്തര വിഷാദത്താല്‍ ഭ്രാന്തമായ ഒരു അവസ്ഥയിലേക്കെത്തുകയും തുടര്‍ന്ന് ഇക്കാരണത്താല്‍ ദാമ്പത്യം തകരുകയും ചെയ്യുന്ന സ്ത്രീയുടെ കഥയാണ് ചിത്രം പറയുന്നത്. സ്കോട്ടിഷ് ചലച്ചിത്ര നിർമ്മാതാവ് ലിൻ റാംസെയുടെ സംവിധാനത്തില്‍ ജെന്നിഫർ ലോറൻസും റോബർട്ട് പാറ്റിൻസണുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയത്.