AI Generated Image
ഇരുപതാം നൂറ്റാണ്ടിന്‍റെ ഏറ്റവും വലിയ ഭീഷണികളില്‍ ഒന്നായിരുന്നു ടൈഫോയിഡ്. ഇന്ന് വികസിത രാജ്യങ്ങളില്‍ ഒരുപക്ഷേ ടൈഫൈയിഡ് അപൂര്‍വായിരിക്കാം. എന്നിരുന്നാല്‍ കൂടി ആധുനിക ലോകത്ത് നിന്ന് ടൈഫോയിഡിന്‍റെ ഭീഷണി ഒഴിഞ്ഞിട്ടില്ല. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഈ ഭീഷണി ഇന്നും തുടരുന്നു. ഇതിനിടയിലാണ് മരുന്നുകളെ പ്രതിരോധിക്കുന്ന ടൈഫോയിഡിന്‍റെ വകഭേദങ്ങള്‍ ലോകമെമ്പാടും, പ്രത്യേകിച്ച് ദക്ഷിണേഷ്യയിൽ അതിവേഗം പടരുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഒന്നിലധികം ആൻറിബയോട്ടിക്കുകളെ പ്രതിരോധിക്കാന്‍ ശേഷിയുണ്ടത്രേ ഇവയ്ക്ക്!
നിലവില്‍ ആന്‍റിബയോട്ടിക്കുകള്‍ തന്നെയാണ് ടൈഫോയിഡിനെതിരെയുള്ള ഏറ്റവും ഫലപ്രദമായ ചികില്‍സ. എന്നാല്‍ ദക്ഷിണേഷ്യയിൽ നിന്ന് ശേഖരിച്ച രക്തസാമ്പിളുകള്‍ തെളിയിക്കുന്നത് രോഗകാരണമാകുന്ന ബാക്ടീരിയകൾ ഇപ്പോൾ സാധാരണയായി ഉപയോഗിക്കുന്ന ആൻറിബയോട്ടിക്കുകളെ പ്രതിരോധിക്കുന്നതായി കാണിക്കുന്നു എന്നാണ്. 1990 മുതൽ ഈ പ്രതിരോധശേഷിയുള്ള ടൈഫോയിഡിന്‍റെ വകഭേദങ്ങള്‍ രാജ്യങ്ങൾക്കിടയിൽ വ്യാപിച്ചുതുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളിലായി ഉയർന്ന പ്രതിരോധശേഷിയുള്ള വകഭേദങ്ങൾ കണ്ടെത്തിയതും ആശങ്ക ഉയര്‍ത്തുന്നു.
മരുന്നുകളെ പ്രതിരോധിക്കുന്ന ടൈഫോയിഡിനെക്കുറിച്ച് ശാസ്ത്രജ്ഞർ വർഷങ്ങള്‍ക്കു മുന്‍പേ മുന്നറിയിപ്പ് നൽകിയിരുന്നു. 2016 ൽ ഇത്തരത്തില്‍ പാകിസ്ഥാനിൽ ടൈഫോയിഡിന്‍റെ ഒരു സൂപ്പർ-റെസിസ്റ്റന്റ് സ്ട്രെയിൻ കണ്ടെത്തുകയുണ്ടായി. രാജ്യത്ത് പെട്ടെന്ന് പടര്‍ന്ന ഈ വകഭേദം 2019 ആയപ്പോഴേക്കും രാജ്യത്തെ ഏറ്റവും സാധാരണമായ ടൈഫോയിഡ് വകഭേദമായി മാറി. പുതിയ ഗവേഷണങ്ങൾ വ്യക്തമാക്കുന്നതാകട്ടെ ടൈഫോയിഡിന് കാരണമായ ബാക്ടീരിയകള്‍ കൂടുതൽ പ്രതിരോധശേഷിയുള്ളതായി മാറുകയും ചികില്‍സ കൂടുതൽ സങ്കീര്‍ണമാക്കുകയും ചെയ്യുന്നുണ്ടെന്നാണ്. 2022ല്‍ സൈമെക്സില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ഇത് വ്യക്തമാക്കുന്നുണ്ട്.
സാല്‍മണെല്ല ടൈഫി ബാക്ടീരിയ പരത്തുന്ന ഒരു തരം ബാക്ടീരിയല്‍ അണുബാധയാണ് ടൈഫോയ്ഡ്. ചികിത്സിച്ചില്ലെങ്കിൽ രോഗം മാരകമാകും. ശരീരത്തിലെത്തിയാല്‍ ബാക്ടീരിയ പല അവയങ്ങളെയും ബാധിക്കാം. പല തരത്തില്‍ ടൈഫോയ്ഡ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുകയും ചെയ്യാം. 2022 ലെ കണക്കുകള്‍ അനുസരിച്ച് ലോകത്ത് ഒരു വര്‍ഷം 11 മുതല്‍ 20 ദശലക്ഷം പേര്‍ക്ക് ടൈഫോയ്ഡ് ബാധ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇതില്‍ 1,28,000 മുതല്‍ 1,61,000 പേര്‍ ഓരോ വര്‍ഷവും ടൈഫോയ്ഡ് മൂലം മരണപ്പെടുന്നു. 0.2 ശതമാനമാണ് മരണ നിരക്ക്.