വേദനസംഹാരികൾ, പോഷക സപ്ലിമെന്റുകൾ, ഉള്‍പ്പടെ 35 ഫിക്സഡ്-ഡോസ് കോമ്പിനേഷൻ മരുന്നുകൾ നിരോധിച്ച് ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍. എഫ്ഡിസി മരുന്നുകൾ എന്നത് രണ്ടോ അതിലധികമോ സജീവ ഔഷധ ചേരുവകൾ ഒരു നിശ്ചിത അനുപാതത്തിൽ സംയോജിപ്പിച്ചാണ് തയ്യാറാക്കുന്നത്. അംഗീകാരമില്ലാത്ത എഫ്ഡിസികളുടെ നിർമ്മാണം, വിൽപ്പന, വിതരണം എന്നിവ ഔദ്യോഗികമായി നിരോധിച്ചുകൊണ്ട് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വ്യാഴാഴ്ചാണ് ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചത്. വിദഗ്ദ്ധ സമിതിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് ഈ നിരോധനം.
സുരക്ഷിതമാണോ എന്നും ഉപയോഗിച്ചാല്‍ ഫലപ്രദമാകുമോയെന്നും പരിശോധിക്കാതെയാണ് ഈ മരുന്നുകള്‍ നിര്‍മാണമെന്ന് ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ നിരോധനത്തിന് ശുപാര്‍ശ നല്‍കിയത്.
മാത്രമല്ല ഇത്തരം മരുന്നുകൾ നിർമ്മിക്കുന്നതിനും വിൽക്കുന്നതിനും ലൈസൻസ് നല്‍കുന്നത് പൊതുജനാരോഗ്യത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട് . ഇവ കൂടാതെ ഫിക്സഡ്-ഡോസ് കോമ്പിനേഷൻ മരുന്നുകൾ അംഗീകരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുനഃപരിശോധിക്കാനും 1940 ലെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ടിലെ വ്യവസ്ഥകളും നിയമങ്ങളും കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ഓര്‍ഗനൈസേഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
അംഗീകാരമില്ലാത്ത ഇത്തരം മരുന്നു സംയുക്തങ്ങള്‍ ഉപയോഗിക്കുന്നത് മൂലം പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി കമ്പനികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും അയച്ചിരുന്നു. എന്നാല്‍ ഇത്തരം മരുന്നുകള്‍ക്കുളള ലൈസന്‍സുകള്‍ നല്‍കിയിട്ടുണ്ടെന്നായിരുന്നു കമ്പനികളുടെ മറുപടി.