പ്രതീകാത്മക ചിത്രം.
കുടല്‍വീക്കത്തിന് ചികിത്സ തേടിയെത്തിയ 46കാരന്‍റെ വയറിനുള്ളില്‍ ഗര്‍ഭപാത്രവും അണ്ഡാശയവും കണ്ടെത്തി ഡോക്ടര്‍മാര്‍. കുടല്‍വീക്കമെന്നുറപ്പിച്ച് നടത്തിയ ശസ്ത്രക്രിയക്കിടെയാണ് ഞെട്ടിക്കുന്ന കാര്യം ഡോക്ടര്‍മാര്‍ പോലും ശ്രദ്ധിച്ചത്. ഖോരഖ്പുര്‍ സ്വദേശിയായ രാജ്ഗിര്‍ മിസ്തിരി എന്നയാളുടെ വയറ്റിലാണ് ഗര്‍ഭപാത്രവും അണ്ഡാശയവും കണ്ടെത്തിയത്.
രണ്ടു കുട്ടികളുടെ അച്ഛനാണ് മിസ്തിരി എന്നതാണ് ആരോഗ്യരംഗത്തെ വിദഗ്ധരെയും അല്‍ഭുതപ്പെടുത്തിയ കാര്യം. കഠിനമായ വയറുവേദനനെ തുടര്‍ന്നാണ് മിസ്തിരി ചികിത്സ തേടിയത്. അള്‍ട്രാസൗണ്ട് സ്കാനിങില്‍ വയറിനുള്ളില്‍ മുഴ പോലെ എന്തോ ഉണ്ടെന്ന് കണ്ടെത്തി. ആന്തരിക അവയവങ്ങളിലേക്ക് ഇത് വ്യാപിക്കുന്നുവെന്നും കണ്ടെത്തി. ഇതോടെയാണ് കുടല്‍വീക്കമാകാമെന്ന നിഗമനത്തില്‍ ഡോക്ടര്‍മാര്‍ എത്തിയത്.
പിന്നീട് കുടല്‍വീക്കത്തിനുള്ള സൗജന്യ പരിശോധനാ മെഡിക്കല്‍ ക്യാംപില്‍ മിസ്തിരി ചികിത്സ തേടി. ഇവിടെ വച്ച് ബി.ആര്‍.ഡി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ നരേന്ദ്ര ദേവ് മിസ്തിരിയ്ക്ക് ശസ്ത്രക്രിയ വേണമെന്ന് നിര്‍ദേശിച്ചു. പിന്നീട് നടന്ന കാര്യങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നു. ശസ്ത്രക്രിയക്കിടെയാണ് മിസ്തിരിയുടെ വയറിനുള്ളില്‍ വളര്‍ച്ചയെത്താത്ത ഗര്‍ഭപാത്രം കണ്ടെത്തിയത്. ഇതിനോട് ചേര്‍ന്നു തന്നെയായിരുന്നു അണ്ഡാശയവും ഉണ്ടായിരുന്നത്.
നാളിതുവരെ സ്ത്രൈണഭാവത്തിലുള്ള പെരുമാറ്റങ്ങളൊന്നും മിസ്കിരിയില്‍ ഉണ്ടായിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഇതൊരു ജനിതക വൈകല്യമാകാം എന്ന നിഗമനത്തിലാണ് ഡോക്ടര്‍മാര്‍. ശസ്ത്രക്രിയയ്ക്കു വിധേയനായ മിസ്തിരി സുഖം പ്രാപിച്ചു വരികയാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.