അല്‍സ്‌ഹൈമേഴ്‌സ്, പാര്‍ക്കിന്‍സണ്‍ തുടങ്ങിയ നാഡീ വ്യൂഹ രോഗങ്ങളുടെ ചികിത്സയ്ക്ക് പൂച്ചകളുടെ വിസര്‍ജ്യത്തില്‍ കാണപ്പെടുന്ന പാരസൈറ്റുകള്‍ അഥവാ പരാന്ന ജീവികള്‍ ഫലപ്രദമെന്ന് റിപ്പോര്‍ട്ട്. ഗ്ലാസ്ഗോ സര്‍വകലാശാലയും ടെല്‍ അവീവ് സര്‍വകലാശാലയും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. പൂച്ച വിസര്‍ജ്യത്തില്‍ കാണുന്ന ടോക്സോപ്ലാസ്മ ഗോണ്ടി എന്ന പരാന്ന ജീവിയുടെ വകഭേദത്തിന് അല്‍സ്‌ഹൈമേഴ്‌സ്, പാര്‍ക്കിന്‍സണ്‍ രോഗങ്ങളുടെ ചികിത്സയ്ക്കാവശ്യമായ പ്രോട്ടീനുകളെ തലച്ചോറിലേക്ക് നേരിട്ടെത്തിക്കാന്‍ സാധിക്കുമെന്നാണ് നിഗമനം.
അല്‍സ്‌ഹൈമേഴ്‌സ്, പാര്‍ക്കിന്‍സണ്‍, റൈറ്റ് സിന്‍ഡ്രോം തുടങ്ങിയ നാഡീവ്യൂഹ രോഗങ്ങളെല്ലാം പ്രോട്ടീന്‍റെ അപര്യാപ്തിയോ പ്രവര്‍ത്തന വൈകല്യമോ ആയി ബന്ധപ്പെട്ടതാണ്. ടാര്‍ജറ്റഡ് പ്രോട്ടീനുകളെ ബ്ലഡ്–ബ്രെയിന്‍ ബാരിയറുകളിലൂടെ ന്യൂറോണുകൾക്കുള്ളിലെ കൃത്യമായ സ്ഥാനത്തേക്ക് എത്തിക്കല്‍ ഈ രോഗങ്ങളുടെ ചികിത്സയില്‍ വെല്ലുവിളിയായിരുന്നു.
ബ്ലഡ്–ബ്രെയിന്‍ ബാരിയറുകളെ എളുപ്പത്തില്‍ മറികടക്കാന്‍ ശേഷിയുള്ളവയാണ് ടോക്സോപ്ലാസ്മ ഗോണ്ടി എന്ന് പഠനത്തില്‍ വ്യക്തമായി. ഇവയെ രോഗം ബാധിച്ച മസ്തിഷ്ക കോശങ്ങളിലേക്ക് ടാര്‍ജറ്റഡ് പ്രോട്ടീനുകള്‍ ഉള്‍പ്പെട്ട മരുന്നുകള്‍ എത്തിക്കുന്നതിനായി ഉപയോഗപ്പെടുത്താനാകുമോ എന്നാണ് ഗവേഷകര്‍ പരിശോധിച്ചത്.
നേച്ചര്‍ മൈക്രോബയോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് അല്‍സ്‌ഹൈമേഴ്‌സ്, പാര്‍ക്കിന്‍സണ്‍ രോഗങ്ങുടെ ചികിത്സയില്‍ വലിയ വഴിത്തിരിവായേക്കുമെന്നാണ് വൈദ്യശാസ്ത്ര രംഗത്തിന്‍റെ പ്രതീക്ഷ.