rainy-season-diseases-and-prevention

മഴക്കാലമെന്നാല്‍ കെടുതികളുടെ കാലം കൂടിയാണ്. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉരുള്‍പൊട്ടലുമെല്ലാമായി പലതരത്തില്‍ മഴക്കെടുതികള്‍ ജനജീവിതത്തെ ബാധിച്ചേക്കാം.എന്നാല്‍ ഇവയ്ക്കെല്ലാം പുറമേ മഴക്കാലത്ത് വില്ലനാകുന്ന മറ്റൊന്ന് കൂടിയുണ്ട്. അതാണ് മഴക്കാലജന്യ രോഗങ്ങള്‍. വൈറസ്, ഫംഗസ്, ബാക്ടീരിയ തുടങ്ങി ഒട്ടുമിക്ക രോഗകാരികളും ഏറ്റവും കൂടുതല്‍ പെരുകുന്നത് മഴക്കാലത്താണ്. സാധാരണ ജലദോഷപ്പനി മുതല്‍, ആളെക്കൊല്ലിയായ ടൈഫോയ്ഡ്, ഹെപ്പറ്റെറ്റിസ് എ പോലുള്ള അസുഖങ്ങള്‍ വരെ മഴക്കാലത്ത് വേഗത്തില്‍ പടര്‍ന്ന് പിടിക്കും. അതുകൊണ്ടു തന്നെ മഴക്കാലത്ത് രോഗം പടര്‍ന്നു പിടിക്കാതിരിക്കാന്‍ വളരെയേരെ കരുതല്‍ വേണം. വിവിധ തരം മഴക്കാല  രോഗങ്ങളെക്കുറിച്ചും പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ചും പരിചയപ്പെടാം.

രോഗകാരണങ്ങളുടെ അടിസ്ഥാനത്തില്‍ മഴക്കാലരോഗങ്ങളെ മൂന്നായി തരം തിരിക്കാം,

കൊതുകുജന്യരോഗങ്ങള്‍,ജലജന്യരോഗങ്ങള്‍ മറ്റുകാരണങ്ങള്‍ കൊണ്ടുള്ള രോഗങ്ങള്‍.

കൊതുകുജന്യ രോഗങ്ങള്‍

മഴക്കാലമെന്നാല്‍ കൊതുകുകളുടെ കാലം കൂടിയാണ്.കൊതുകുകളുടെ പ്രജനനത്തിനാവശ്യമായ കെട്ടിക്കിടക്കുന്ന വെള്ളത്തിന്‍റെ സാന്നിധ്യം കൂടുന്നത് കൊണ്ട് തന്നെ കൊതുകുകള്‍ വര്‍ധിക്കുകയും തന്മൂലം കൊതുകു പകര്‍ത്തുന്ന രോഗങ്ങളുടെ ആധിക്യമുണ്ടാവുകയും ചെയ്യുന്നു.

മലേറിയ, ഡെങ്കിപ്പനി,ചിക്കുന്‍ ഗുനിയ,ജാപ്പനീസ് എന്‍സേഫലൈടിസ്, ജപ്പാന്‍ജ്വരം,മലമ്പനി, മന്ത് തുടങ്ങിയവയെല്ലാം കൊതുകുജന്യ രോഗങ്ങളാണ്. 

ജലജന്യരോഗങ്ങള്‍

ടൈഫോയ്ഡ്, വയറിളക്കം, അതിസാരം, ചര്‍ദ്ദി, കോളറ,ഹെപ്പറ്റൈറ്റിസ് എ, വിവിധതരം മഞ്ഞപ്പിത്തങ്ങള്‍, എലിപ്പനി,ഷിഗല്ല തുടങ്ങിയവയാണ് പ്രധാനപ്പെട്ട ജലജന്യ രോഗങ്ങള്‍. വൃത്തിഹീനമായ ജലത്തിലൂടെയാണ് ജലജന്യ രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്നത്.

മറ്റു കാരണങ്ങള്‍ കൊണ്ടുള്ള രോഗങ്ങള്‍

പനി, ജലദോഷം, വയറിളക്കം, മറ്റു വൈറല്‍ പനികള്‍ തുടങ്ങിയവും മഴക്കാലത്ത് കൂടുതലായി കണ്ടു വരാറുണ്ട്.

എങ്ങനെ പ്രതിരോധിക്കാം

മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാന്‍  വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഒരുപോലെ പ്രധാനപ്പെട്ടതാണ്. 

  • കൊതുകിന്‍റെ പ്ര‍ജനനം തടയുക.
  • കൊതുകിന്‍റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ശീലമാക്കുക.
  • വെള്ളക്കെട്ടുകള്‍ രൂപപ്പെടുന്നത് ഒഴിവാക്കണം.
  • വെള്ളം കെട്ടിനില്‍ക്കുന്ന പാത്രങ്ങള്‍, കുപ്പി, ചിരട്ട തുടങ്ങിയവയെല്ലാം വെളളം കെട്ടിനില്‍ക്കാന്‍  അനുവദിക്കാത്ത തരത്തില്‍ സൂക്ഷിക്കുക.
  • കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ ശരീരഭാഗം പരമാവധി മറക്കുന്ന വസ്ത്രം ഉപയോഗിക്കുക, 
  • കൊതുകിനെ പ്രതിരോധിക്കുന്ന ലേപനങ്ങള്‍ ഉപയോഗിക്കുക.
  • കൊതുകു വല ഉപയോഗിക്കുക.
  • തിളപ്പിച്ച വെള്ളം മാത്രം ഉപയോഗിക്കുക.
  • തിളപ്പിച്ച വെള്ളത്തിലേക്ക് തിളപ്പിക്കാത്ത വെള്ളം ഒഴിച്ച് ഉപയോഗിക്കാതിരക്കുക.
  • കുടിവെള്ള സ്രോതസുകള്‍  ബ്ലീച്ചിംങ് പൗഡര്‍, ക്ലോറിന്‍ ഗുളികകള്‍ തുടങ്ങിയവ ഉപയോഗിച്ച് ശുചീകരിക്കുക.
  • ഭക്ഷണം കഴിക്കുന്നതിനു മുന്‍പും ശേഷവും ഭക്ഷണം പാകം ചെയ്യുന്നതിനു മുന്‍പം കൈകള്‍ വൃത്തിയായി കഴുകുക.
  • പഴകിയതും തുറന്ന് വെച്ചിരിക്കുന്നതുമായ ഭക്ഷണസാധനങ്ങള്‍ കഴിക്കാതിരിക്കുക.
  • തുറസായ സ്ഥലത്ത് മലമൂത്ര വിസര്‍ജനം ചെയ്യാതിരിക്കുക.
  • മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക.
  • പഴങ്ങൾ, പച്ചക്കറികൾ ഇവ വൃത്തിയായി കഴുകി ഉപയോഗിക്കുക.
  • കെട്ടിക്കിടക്കുന്ന മലിനജലവുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക.
  • കൃഷിയിടങ്ങളിലും മലിനമായ പരിസരങ്ങളിലും ജോലി ചെയ്യേണ്ടി വരുന്നവര്‍ നിര്‍ബന്ധമായും കയ്യുറ, റബര്‍ ബൂട്ട് എന്നിവ ഉപയോഗിക്കുക, ജോലിചെയ്ത ശേഷം തിളപ്പിച്ചാറിയ വെള്ളം കൊണ്ട് കൈകാലുകള്‍ വൃത്തിയാക്കുക.
  • സ്വയം ചികിത്സ അരുത്,രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ തന്നെ ഡോക്ടറുടെ  സേവനം തേടുക
ENGLISH SUMMARY:

Rainy season diseases and prevention