AI Generated image

AI Generated image

TOPICS COVERED

അടിയന്തര സേവനങ്ങൾ എന്ന നിലയിലാണ് രക്ത ബാങ്കുകൾ പ്രവർത്തിക്കുന്നത്. പക്ഷെ അതിന്  വിപരീതമാണ് ഇവയുടെ സമയക്രമം.സംസ്ഥാനത്ത് നിലവില്‍ 195 ബ്ലഡ് ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നു. അതില്‍ 43 എണ്ണം സര്‍ക്കാര്‍ മേഖലയിലാണ്. ഇവയില്‍ പലതും ഞായറാഴ്ചകളിലും പൊതുഅവധി ദിവസങ്ങളിലും പ്രവര്‍ത്തിക്കുന്നില്ല. രാവിലെ 9 മണി മുതല്‍ ആരംഭിക്കുന്ന പല ബ്ലഡ് ബാങ്കുകളും രക്തം സ്വീകരിക്കുന്നത് ഉച്ച കഴിഞ്ഞ് 3 മണിയോടെ അവസാനിപ്പിക്കും. ഇത് പലപ്പോഴും അടിയന്തര സാഹചര്യങ്ങളില്‍ രക്തം വേണ്ടവര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നത്. 

വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഈ  സമയക്രമവും, അവധികളും  മാറ്റേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഓള്‍ ഇന്ത്യ ബ്ലഡ് ഡോണേഴ്സ് അസോസിയേഷന്‍ ചെയര്‍മാന്‍ പി.എം ജാഫര്‍ പറയുന്നു. ബ്ലഡ് ബാങ്കുകള്‍ക്ക് അവധികള്‍ നല്‍കാതെയും, രക്തം എടുക്കുന്ന സമയം രാവിലെ 9 മണി മുതല്‍ 7 മണിവരെ  നീട്ടണമെന്നും ആവശ്യപ്പെട്ട് രക്തദാതാക്കളുടെ സംഘടന മുഖ്യമന്ത്രിയുടെ നവ കേരള സദസില്‍ കത്ത് നല്‍കിയിരുന്നു. എന്നാല്‍ തൃപ്തികരമായ മറുപടിയായിരുന്നില്ല ലഭിച്ചത്.

രക്തം ദാനം ചെയ്യാൻ ആഗ്രഹിക്കുന്ന ഒരാൾ ഇപ്പോള്‍ ജോലിയിൽ നിന്ന് അവധിയെടുക്കണം, കോളേജ് വിദ്യാര്‍ഥിയാണെങ്കില്‍ ക്ലാസുകൾ ഉപേക്ഷിക്കണം. ഞായറാഴ്ചകളില്‍ സംഘടപ്പിക്കുന്ന രക്തദാന ക്യാംപുകളില്‍ മികച്ച ജനപങ്കാളിത്തമാണ് ലഭിക്കുന്നതെന്ന് പി.എം ജാഫര്‍ പറയുന്നു. ഓരോ മിനിറ്റിലും ഒരാൾക്ക് എവിടെയെങ്കിലും രക്തം ആവശ്യമായിവരും. അതിനാല്‍ പല വിദേശ രാജ്യങ്ങളെ മാതൃകയാക്കി ബ്ലഡ് ബാങ്കിന്റെ പ്രവര്‍ത്തന രീതിയും സമയക്രമവും മാറ്റണമെന്നാണ് രക്ത നല്‍കുന്നവരുടെ ആവശ്യം.

ENGLISH SUMMARY:

Operations of blood banks in Kerala