ഡോക്ടറെ രോഗം പഠിപ്പിച്ച വീട്ടുജോലിക്കാരി സോഷ്യല്‍ മീഡിയില്‍ കൗതുകമാവുകയാണ്. സിറിയക് ആബി ഫിലിപ്സാണ് തനിക്ക് കണ്ടുപിടിക്കാനാവാതിരുന്ന രോഗം പ്രായമായ വീട്ടുജോലിക്കാരി കണ്ടെത്തിയത് ദി ലിവര്‍ ഡോക് എന്ന ട്വിറ്റര്‍ പേജിലൂടെ പങ്കുവച്ചത്. പ്രായപൂര്‍ത്തിയായ ബന്ധുവിന് വിറയലും ക്ഷീണവും സന്ധിവേദനയും വിചിത്രമായ ചുണങ്ങുമുള്ള വിട്ടുമാറാത്ത പനിയും ഉണ്ടായെന്നും എന്നാല്‍ കോവിഡ് 19 മുതല്‍ ഡെങ്കി വരെ ടെസ്റ്റ് ചെയ്തിട്ടും തനിക്ക് ഒന്നും കണ്ടെത്താനായില്ലെന്നും സിറിയക് കുറിച്ചു. ഒടുവില്‍ പ്രായമായ വീട്ടുജോലിക്കാരി പത്ത് സെക്കന്‍റിനുള്ളില്‍ അസുഖം അഞ്ചാംപനിയാണെന്ന് കണ്ടെത്തിയെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ട്വിറ്റര്‍ കുറിപ്പിന്‍റെ പൂര്‍ണരൂപം:
'18 കഴിഞ്ഞ എന്‍റെ ഒരു കുടുംബാംഗത്തിന് വിറയലും ക്ഷീണവും സന്ധിവേദനയും വിചിത്രമായ ചുണങ്ങുമുള്ള വിട്ടുമാറാത്ത ചെറു പനിയും ഉണ്ടായിരുന്നു, ഞാൻ വൈറൽ ഹെപ്പറ്റൈറ്റിസ് മുതൽ കോവിഡ് -19, ഇൻഫ്ലുവൻസ, ഡെങ്കി, എബ്‌സ്റ്റൈൻ ബാർ വൈറസ് വരെ എല്ലാം ഞാന്‍ ടെസ്റ്റ് ചെയ്തു, ഒന്നും പോസിറ്റീവ് ആയില്ല. അതെന്നെ നിരാശനാക്കി.
ഞാൻ ഹാരിസണ്‍സ് പരിശോധിച്ചുനോക്കിക്കൊണ്ടിരുന്നു. അപ്പോൾ എന്‍റെ പ്രായമായ വീട്ടുജോലിക്കാരി വന്ന് അവരുടെ കൊച്ചുമക്കള്‍ക്ക് ഈ ചുണങ്ങു വന്നുവെന്ന് പറഞ്ഞു. ഇതിനെ പ്രാദേശിക ഭാഷയിൽ "അഞ്ചാംപനി" എന്നാണ് വിളിക്കുന്നത്, വിഷമിക്കേണ്ടതില്ലെന്നും പറഞ്ഞു. പര്‍വോവൈറസ് B19 പരിശോധിച്ചപ്പോൾ പോസിറ്റീവായി. 17 വർഷത്തെ മെഡിക്കൽ സ്കൂളിങ് ഉണ്ട്, കയ്യിലെ ലാപ്ടോപ്പില്‍ ഹാരിസൺസുമുണ്ട്, എന്നാലെന്‍റെ വീട്ടിലെ പ്രായമായ വീട്ടുജോലിക്കാരി10 സെക്കന്‍റെ കൊണ്ട് രോഗം കണ്ടെത്തി. എല്ലാവരില്‍ നിന്നും എന്തെങ്കിലും പഠിക്കാനുണ്ട്. ഒന്നു കേട്ടാൽ മതി'