കേരളത്തിനു പിന്നാലെ ഡല്‍ഹിയിലും മറ്റ് സംസ്ഥാനങ്ങളിലും സമീപകാലത്തൊന്നും കണ്ടിട്ടില്ലാത്ത വിധം മുണ്ടിനീര് (Mumps) പടരുന്നു. മഹാരാഷ്ട, രാജസ്ഥാന്‍, ആന്ധ്ര പ്രദേശ്, തെലങ്കാന, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലും വന്‍തോതില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇപ്പോള്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ ഡല്‍ഹി–എന്‍സിആര്‍ മേഖലയിലാണ്. ഈവര്‍ഷം ഇതുവരെ 15,637 പേര്‍ക്ക് രോഗബാധയുണ്ടായെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. രോഗവ്യാപനം തടയാന്‍ കര്‍ശന നടപടിയെടുക്കണമെന്ന് ആരോഗ്യവകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
എന്താണ് മുണ്ടിനീര്?
ഉമിനീര്‍ ഗ്രന്ഥികളിലുണ്ടാകുന്ന വൈറസ് ബാധയാണ് മുണ്ടിനീര്. കുട്ടികളെയും കൗമാരക്കാരെയുമാണ് ഇത് കൂടുതല്‍ ബാധിക്കുന്നത്. രോഗമുള്ളയാള്‍ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂക്കുചീറ്റുമ്പോഴും സംസാരിക്കുമ്പോഴുമെല്ലാം പുറത്തുവരുന്ന കണങ്ങള്‍ വഴി വൈറസ് മറ്റുള്ളവരിലേക്ക് പകരും. ഈ കണങ്ങള്‍ വീഴുന്ന പ്രതലങ്ങളില്‍ തൊട്ടശേഷം കൈ കഴുകാതെ മുഖത്ത് സ്പര്‍ശിച്ചാലും രോഗം പകരും.
ലക്ഷണങ്ങള്‍
വൈറസ് ബാധിച്ച് ഏതാനും 12 മുതല്‍ 25 ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും. ഉമിനീര്‍ ഗ്രന്ഥി നീരുവച്ച് വീര്‍ക്കുന്നതാണ് പ്രധാന ലക്ഷണം. പനി, തലവേദന, പേശിവേദന, ഭക്ഷണത്തോട് വിരക്തി, ക്ഷീണം എന്നിവയും ഉണ്ടാകും. മറ്റ് രോഗങ്ങളുടെ ലക്ഷണങ്ങള്‍ കൂടി ഉള്ളതിനാല്‍ പലപ്പോഴും മുണ്ടിനീര് തിരിച്ചറിയാന്‍ പ്രയാസമാണ്. അതുകൊണ്ട് സ്വയം ചികില്‍സ പാടില്ല. വൈറസ് ബാധിക്കുന്ന പകുതിപ്പേര്‍ക്ക് മാത്രമേ രോഗലക്ഷണങ്ങള്‍ ഉണ്ടാകൂ. 30 ശതമാനത്തോളം പേരില്‍ ഒരു ലക്ഷണവും ഉണ്ടാകാറില്ല. ഇത് രോഗനിയന്ത്രണത്തില്‍ വെല്ലുവിളിയാണ്.
രോഗം അധികരിച്ചാല്‍
കൃത്യസമയത്ത് രോഗം കണ്ടെത്തുകയും ചികില്‍സിക്കുകയും ചെയ്തില്ലെങ്കില്‍ ഗുരുതരമായ അവസ്ഥകളിലേക്ക് പോകാം. വൃഷണങ്ങളില്‍ വീക്കം, അണ്ഡാശയങ്ങളില്‍ വീക്കം, എന്‍സഫലൈറ്റിസ് (തലച്ചോര്‍ വീക്കം), മെനിഞ്ചൈറ്റിസ് (തലച്ചോറിനെ പൊതിഞ്ഞിരിക്കുന്ന സ്തരത്തിലെ വീക്കം), കേള്‍വിക്കുറവ്, പാന്‍ക്രിയാറ്റൈറ്റിസ് (ആഗ്നേയ ഗ്രന്ഥി വീക്കം), ഗര്‍ഭം അലസല്‍ തുടങ്ങിയവയാണ് സങ്കീര്‍ണമായ അവസ്ഥകള്‍.
ചികില്‍സ
മുണ്ടിനീരിന് കൃത്യമായ മരുന്നില്ല. ലക്ഷണങ്ങള്‍ അനുസരിച്ച് അവ നിയന്ത്രിക്കാനുള്ള മരുന്നുകളാണ് നല്‍കുക. ഏറ്റവും പ്രധാനം വിശ്രമമാണ്. സ്വയം ചികില്‍സ അരുത്. കടുത്ത പനി, തൊണ്ടവീക്കം, ആഹാരം കഴിക്കാനും വെള്ളം കുടിക്കാനുമുള്ള പ്രയാസം, വയറുവേദന, വൃഷണങ്ങളില്‍ വീക്കം എന്നിവ ഉണ്ടായാല്‍ ഉടന്‍ ഡോക്ടറെ കാണുക.
രോഗപ്രതിരോധം
വാക്സിനേഷന്‍ ആണ് ഫലപ്രദമായ പ്രതിരോധമാര്‍ഗം. വ്യക്തിശുചിത്വം പാലിക്കുക. പൊതു ഇടങ്ങളിലും രോഗികളുമായി സമ്പര്‍ക്കമുണ്ടാകുന്ന സ്ഥലങ്ങളിലും മാസ്ക് കൃത്യമായി ഉപയോഗിക്കുക. രോഗികളുമായി അടുത്ത സമ്പര്‍ക്കം ഒഴിവാക്കുക. രോഗബാധിതരെ ക്വാറന്റീനിലാക്കുക. ഒപ്പം സ്വാഭാവിക രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും ശ്രമിക്കുക.