AI Image
ചെറിയ പപ്പടം പോലെയുള്ള പൂരിയുടെ ഉള്ളിൽ മസാല നിറച്ച്, എരിവും പുളിയുമുള്ള തണുത്ത വെള്ളത്തിൽ മുക്കി ആ പാനിപൂരി ഒറ്റയടിക്ക് വായിലേക്കിടുമ്പോൾ ലഭിക്കുന്ന രുചി ഒന്ന് വേറെ തന്നെയാണ്. എന്നാൽ, ഇന്ന് കേരളത്തിലെ തെരുവോരങ്ങളിൽ സുലഭമായ ഈ 'രുചിബോംബ്' പലപ്പോഴും ആരോഗ്യത്തിന് കടുത്ത ഭീഷണിയാകുന്നുണ്ട്. അടുത്തിടെ ജാർഖണ്ഡിൽ പാനിപൂരി കഴിച്ച് കുട്ടി മരിച്ച സംഭവം നടുക്കത്തോടെയാണ് നമ്മൾ കേട്ടത്. വേനല്‍കാലത്ത് പാനിപൂരി കഴിച്ച് ഭക്ഷ്യവിഷബാധയേല്‍ക്കുന്ന വാര്‍ത്തകളും ധാരാളമാണ്. യഥാര്‍ത്തില്‍ പാനിപൂരി എങ്ങനെയാണ് ഇത്രത്തോളം അപകടകാരിയാകുന്നത്?
1. വില്ലനാകുന്നത് ആ 'രുചിയേറും വെള്ളം'
പാനിപൂരിയുടെ ആത്മാവ് എന്നു പറയുന്നത് അതിലെ പാനി അഥവാ വെള്ളമാണ്. ഇതിനായി ഉപയോഗിക്കുന്ന വെള്ളം ശുദ്ധമല്ലെങ്കിൽ ഇ. കോളി (E. coli), സാൽമൊണല്ല (Salmonella) തുടങ്ങിയ അപകടകാരികളായ ബാക്ടീരിയകൾ ശരീരത്തിലെത്താന്‍ സാധ്യതയേറെയാണ്.
AI Image
കടുത്ത വേനൽച്ചൂടിൽ ഈ ബാക്ടീരിയകൾ അതിവേഗം പെരുകും. ശുദ്ധമല്ലാത്ത ഒരു തുള്ളി വെള്ളം പോലും മണിക്കൂറുകൾക്കുള്ളിൽ മാരകമായ വിഷമായി മാറാൻ ഈ ചൂട് കാരണമാകും.
2. തുറന്നുവെച്ച ചേരുവകളും ബാക്ടീരിയയും
പൂരിയുടെ ഉള്ളിൽ നിറയ്ക്കുന്ന ഉരുളക്കിഴങ്ങ് മസാലയും കടലയും ഫ്രഷ് ആയിരിക്കുമ്പോൾ സുരക്ഷിതമാണ്. എന്നാൽ മസാലകള്‍ തയാറാക്കി മണിക്കൂറുകളോളം ചൂടത്ത് തുറന്നുവെക്കുമ്പോൾ ഇവ ബാക്ടീരിയകളുടെ പ്രജനന കേന്ദ്രമായി മാറുന്നു. ഇതിന് പുറമെ ഈച്ചകളും പൊടിയും കൂടെ കലരുന്നതോടെ ഭക്ഷ്യവിഷബാധയ്ക്കുള്ള സാധ്യത ഇരട്ടിയാകുന്നു.
AI Image
3. വ്യക്തിശുചിത്വം പ്രധാനം
പാനിപൂരി തയ്യാറാക്കുന്ന കച്ചവടക്കാരന്‍റെ കൈകൾ വൃത്തിഹീനമാണെങ്കിൽ അണുക്കൾ പെട്ടെന്ന് പടരും. പലപ്പോഴും ഒരേ പാത്രങ്ങൾ തന്നെ വീണ്ടും വീണ്ടും കഴുകാതെ ഉപയോഗിക്കുന്നതും വലിയ വെല്ലുവിളിയാണ്. ബാക്ടീരിയകൾ പുറപ്പെടുവിക്കുന്ന വിഷാംശം ശരീരത്തിലെത്തിയാൽ പെട്ടെന്ന് നിർജ്ജലീകരണം സംഭവിക്കാനും ആന്തരികാവയവങ്ങളുടെ പ്രവർത്തനം തകരാറിലാകാനും സാധ്യതയുണ്ട്.
പാനിപൂരി കഴിക്കുമ്പോൾ ജാഗ്രത പാലിക്കാം
വെള്ളത്തിന്റെ ശുദ്ധി: ഉപയോഗിക്കുന്ന വെള്ളം ശുദ്ധമാണെന്നും ഐസ് ഇടുന്നുണ്ടെങ്കിൽ അത് നല്ല വെള്ളത്തിൽ നിന്നുണ്ടാക്കിയതാണെന്നും ഉറപ്പുവരുത്തുക.
AI Image
തിരക്കുള്ള കടകൾ: ഭക്ഷണം വേഗത്തിൽ വിറ്റുപോകുന്ന തിരക്കുള്ള കടകൾ തിരഞ്ഞെടുക്കുന്നത് നല്ലതാണ്. അവിടെ ചേരുവകൾ ഫ്രഷ് ആയിരിക്കാൻ സാധ്യത കൂടുതലാണ്.
ശുചിത്വം നിരീക്ഷിക്കുക: കച്ചവടക്കാരൻ ഗ്ലൗസ് ധരിക്കുന്നുണ്ടോ എന്നും പരിസരം വൃത്തിയുള്ളതാണോ എന്നും നോക്കുക.
സവാളയും മല്ലിയിലയും: മുകളിൽ വിതറുന്ന പച്ചക്കറികൾ നന്നായി കഴുകിയതാണെന്ന് ഉറപ്പാക്കണം. ദീർഘനേരം പുറത്തിരുന്ന ചട്നികൾ പരമാവധി ഒഴിവാക്കുക.
വേനല്‍കാലമാണെന്ന് കരുതി നിങ്ങളുടെ ഇഷ്ടഭക്ഷണം വേണ്ടെന്ന് വയ്‌ക്കേണ്ട. പകരം ജാഗ്രത പുലര്‍ത്തുക.