വേനൽച്ചൂടിനെ ചെറുക്കാൻ തണ്ണിമത്തൻ കഴിച്ച ഒരു കുടുംബത്തിലെ നാലംഗങ്ങൾ മണിക്കൂറുകൾക്കുള്ളിൽ മരണപ്പെട്ട വാർത്ത രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. മുംബൈ ജെ.ജെ മാർഗിലെ അബ്ദുള്ള (40), ഭാര്യ നസ്രിൻ (35), മക്കളായ സൈനബ് (13), ആയിഷ (16) എന്നിവരാണ് മരണത്തിന് കീഴടങ്ങിയത്. ഏപ്രിൽ 25-ന് വീട്ടിൽ നടന്ന വിരുന്നിന് ശേഷം തണ്ണിമത്തൻ കഴിച്ച ഇവർക്ക് പിന്നാലെ കടുത്ത ഛർദ്ദിയും തലകറക്കവും അനുഭവപ്പെടുകയായിരുന്നു.
തണ്ണിമത്തൻ നേരിട്ട് മരണകാരണമാകുമോ എന്ന ചർച്ചകൾക്ക് ഈ സംഭവം വഴിതുറന്നിരിക്കുകയാണ്. എന്നാൽ തണ്ണിമത്തൻ എന്ന പഴമല്ല, മറിച്ച് അത് കൈകാര്യം ചെയ്യുന്നതിലെ അശ്രദ്ധയും രാസവസ്തുക്കളുമാണ് വില്ലനാകുന്നതെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
തണ്ണിമത്തൻ എപ്പോൾ അപകടകാരിയാകാം?
തണ്ണിമത്തൻ വഴി ഭക്ഷ്യവിഷബാധയുണ്ടാകാൻ പ്രധാനമായും മൂന്ന് കാരണങ്ങളാണുള്ളത്:
രാസവസ്തുക്കളുടെ സാന്നിധ്യം: തണ്ണിമത്തന് ആകർഷകമായ ചുവപ്പ് നിറം ലഭിക്കാൻ 'എറിത്രോസിൻ' എന്ന ഡൈ കുത്തിവയ്ക്കുന്നതും, കൃത്രിമമായി പഴുപ്പിക്കാൻ കാർബൈഡ് ഉപയോഗിക്കുന്നതും ആന്തരികാവയവങ്ങളെ ബാധിക്കാം. അശുദ്ധമായ സൂചികൾ ഉപയോഗിച്ചുള്ള ഇത്തരം കുത്തിവെയ്പ്പുകൾ വഴി ബാക്ടീരിയകൾ പഴത്തിനുള്ളിൽ വേഗത്തിൽ പെരുകുന്നു.
ബാക്ടീരിയ ബാധ: നിലത്ത് പറ്റി വളരുന്ന പഴമായതിനാൽ തൊലിപ്പുറത്ത് സാൽമൊണല്ല, ലിസ്റ്റീരിയ തുടങ്ങിയ ബാക്ടീരിയകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. മുറിക്കുന്നതിന് മുൻപ് പുറംഭാഗം നന്നായി കഴുകിയില്ലെങ്കിൽ, മുറിക്കുമ്പോൾ കത്തിയിലൂടെ ഈ അണുക്കൾ ഉള്ളിലെത്തുന്നു.
അശാസ്ത്രീയമായ സംഭരണം: മുറിച്ചുവെച്ച കഷണങ്ങൾ ദീർഘനേരം പുറത്തുവെക്കുന്നത് ബാക്ടീരിയകൾ വളരാൻ ഇടയാക്കും. ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ഭക്ഷണങ്ങളിൽ പോലും അതിജീവിക്കുന്ന ലിസ്റ്റീരിയ ബാക്ടീരിയകൾ തണ്ണിമത്തനിൽ വേഗത്തിൽ പടരാം.
സുരക്ഷിതമായി കഴിക്കാൻ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം
വേനൽക്കാലത്ത് തണ്ണിമത്തൻ ഒഴിവാക്കേണ്ടതില്ല, മറിച്ച് താഴെ പറയുന്ന മുൻകരുതലുകൾ സ്വീകരിച്ചാൽ അപകടങ്ങൾ ഒഴിവാക്കാം:
നന്നായി കഴുകുക: മുറിക്കുന്നതിന് മുൻപ് പുറംഭാഗത്തെ മണ്ണും മാലിന്യവും നീക്കാൻ നന്നായി കഴുകണം.
പഴം തിരഞ്ഞെടുക്കുമ്പോൾ: തണ്ണിമത്തന്റെ അടിഭാഗത്ത് ക്രീം മഞ്ഞ (Creamy yellow) നിറമുള്ളത് നോക്കി വാങ്ങുക. ഇത് തണ്ണിമത്തൻ സ്വാഭാവികമായി പഴുത്തതാണെന്നതിന്റെ ലക്ഷണമാണ്.
നിറവ്യത്യാസം: മുറിക്കുമ്പോൾ അസ്വാഭാവികമായ ചുവപ്പ് നിറമോ, ഉൾഭാഗത്ത് വലിയ വിള്ളലുകളോ, വഴുവഴുപ്പോ കണ്ടാൽ അത് ഒഴിവാക്കുക.
ശുദ്ധമായ കത്തിയും ബോർഡും: തണ്ണിമത്തൻ മുറിക്കാൻ ഉപയോഗിക്കുന്ന കത്തിയും ബോർഡും വൃത്തിയുള്ളതാണെന്ന് ഉറപ്പുവരുത്തുക.
ഉടൻ കഴിക്കുക: മുറിച്ച കഷണങ്ങൾ രണ്ട് മണിക്കൂറിൽ കൂടുതൽ പുറത്തുവെക്കരുത്. ഫ്രിഡ്ജിൽ സൂക്ഷിച്ചാലും 3-5 ദിവസത്തിനുള്ളിൽ കഴിച്ചുതീർക്കുക.
ആരോഗ്യസ്ഥിതി: വൃക്കരോഗമുള്ളവർ തണ്ണിമത്തൻ അമിതമായി കഴിക്കുന്നത് ഒഴിവാക്കണം. ഇതിലടങ്ങിയിരിക്കുന്ന ഉയർന്ന അളവിലുള്ള പൊട്ടാസ്യം ചിലരിൽ ഹൃദയമിടിപ്പ് തടസ്സപ്പെടുത്താൻ കാരണമായേക്കാം.
രാത്രികാലങ്ങളിൽ ദഹനപ്രക്രിയ മന്ദഗതിയിലായതിനാൽ അണുബാധയുള്ള തണ്ണിമത്തൻ കഴിക്കുന്നത് അസ്വസ്ഥതകൾ വർധിപ്പിക്കും. തണ്ണിമത്തൻ കഴിച്ചതിന് പിന്നാലെ അമിതമായ വയറുവേദനയോ ശ്വാസംമുട്ടലോ അനുഭവപ്പെട്ടാൽ ഉടൻ വൈദ്യസഹായം തേടേണ്ടതാണ്.