പുതുവര്‍ഷം പിറന്നിട്ട് ഒരുമാസം കഴിയാറായി. ഇപ്പോഴും ഡയറ്റൊന്നും തുടങ്ങാതെ അനാരോഗ്യകരമായ ഭക്ഷണശൈലി പിന്തുടരുകയാണോ നിങ്ങള്‍. എങ്കില്‍ അതൊന്നുമാറ്റിപിടിച്ചോളൂ. വിരാട് കോലിയെപ്പോലുള്ള ഫിറ്റ്നസിന് ഏറെ പ്രാധാന്യം നല്‍കുന്നവര്‍ പിന്തുടരുന്ന വീഗന്‍ ഡയറ്റ് ഒന്നാലോചിക്കാം. സസ്യാധിഷ്ഠിത ഭക്ഷണ രീതി പിന്തുടര്‍ന്നു കൊണ്ടുള്ള ഡയറ്റാണ് വീഗണ്‍ ഡയറ്റ്. അതായത് സസ്യഭുക്കായി മാറുക. കേള്‍ക്കുമ്പോള്‍ തന്നെ എന്തോ ഒരു പ്രയാസം അനുഭവപ്പെടുന്നുണ്ടല്ലേ? എന്നാല്‍ ഡയറ്റിന്‍റെ ഗുണങ്ങള്‍ അറിഞ്ഞാല്‍ ആ പ്രയാസം സഹിക്കുന്നതില്‍ തെറ്റില്ലെന്ന് തോന്നും.
ഹൃദയാരോഗ്യമാണ് ഏറ്റവും പ്രധാനം. വീഗൻ ജീവിത രീതി പിന്തുടരുന്നതു മൂലം കൊളെസ്ട്രോളും രക്തസമ്മർദവും അതുവഴി ഹൃദ്രോഗ സാധ്യതയും കുറയുന്നു. അമിതവണ്ണമാണ് ഡയറ്റെടുക്കാന്‍ നിങ്ങളെ നിര്‍ബന്ധിതരാക്കുന്നതെങ്കില്‍ അതീനും വീഗണ്‍ ഡയറ്റ് ബെസ്റ്റാണ്. സസ്യാധിഷ്ഠിത ഡയറ്റിൽ ഫൈബർ ധാരാളം ഉള്ളതിനാൽ വയറു നിറഞ്ഞതായി തോന്നുകയും കഴിക്കുന്ന ഭക്ഷണത്തിന്റെ അളവു കുറയുകയും ചെയ്യും. അങ്ങനെ ശരീരഭാരം നിയന്ത്രിക്കാം. കൂടാതെ സസ്യാഹാരങ്ങള്‍ മെറ്റബോളിസം മെച്ചപ്പെടുത്തും.
ഇന്ന് ഏറ്റവും അധികം ഭയപ്പെടുത്തുന്ന രണ്ട് രോഗങ്ങള്‍ പ്രമേഹവും കാന്‍സറുമാണ്. ഇതിനെ ചെറുക്കാനും വീഗണ്‍ ഡയറ്റിന് കഴിയും. വീഗൻ ജീവിത രീതി പിന്തുടരുന്നവരിൽ ചില ഇനം കാൻസറുകൾ വരാനുള്ള സാധ്യത കുറവാണ്. പഴങ്ങളിലും പച്ചക്കറികളിലും പയർ വർഗങ്ങളിലും അടങ്ങിയ ആന്‍റി ഓക്സിഡന്‍റുകളും ഫൈറ്റോകെമിക്കലുകളും ആണ് ചിലയിനം കാൻസറുകളിൽനിന്നു സംരക്ഷണം നൽകുന്നത്. സംസ്കരിച്ച ഭക്ഷണങ്ങളും റെഡ് മീറ്റും ഒഴിവാക്കുന്നതു കൊണ്ടു തന്നെ മലാശയ അർബുദം വരാനുള്ള സാധ്യതയും കുറവാണ്. കൂടാതെ സസ്യഭക്ഷണം കഴിക്കുന്നത് ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്തുകയും രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും.
സംസ്കരിച്ച ധാന്യങ്ങൾക്ക് പുറമേ പാലും ,മോര്, തൈര്, ചീസ്, ബട്ടർ, ഫ്രഷ് ക്രീം. യോഗർട്ട്, നെയ്യ് , തുടങ്ങിയ പാലുൽപന്നങ്ങളും പൂര്‍ണമായും ഒഴിവാക്കണം. തേൻ, ഇറച്ചി, മീൻ, മുട്ട , മീനെണ്ണ, കടൽവിഭവങ്ങൾ തുടങ്ങി മൃഗങ്ങളിൽ നിന്നും പക്ഷികളിൽ നിന്നും മത്സ്യങ്ങളിൽ നിന്നുമുള്ള ഉൽപന്നങ്ങൾ, മൃഗക്കൊഴുപ്പുകൾ, മിൽക് ക്രീം, ബട്ടർ ചേർത്ത പച്ചക്കറി സൂപ്പ് എന്നിവയും ഡയറ്റിന്‍റെ ഭാഗമയി വര്‍ജിക്കണം. മുഴുധാന്യങ്ങളും പയർ, പരിപ്പ്, കടല, സോയബീൻ ടോഫു, നഗ്ഗറ്റ്സ്, യോഗർട്ട് ഉൾപ്പെടെ സോയ ഉൽപന്നങ്ങളും പച്ചക്കറികളും കഴിക്കാം. അപ്പോ എങ്ങനാ ഡയറ്റ് തുടങ്ങുകയല്ലേ...