TOPICS COVERED

ഒരു കോഫിയോ ചായയോ ഒക്കെ കുടിക്കുമ്പോള്‍ അധിക ചൂട് ആഗ്രഹിക്കാറുണ്ടോ? ചൂടുള്ള പാനീയങ്ങള്‍ പലര്‍ക്കും ശീലത്തിന്‍റെ ഭാഗവും ആശ്വാസദായകവുമൊക്കെ ആണ്. എന്നാല്‍ അതിനിടിയില്‍ പരിഗണിക്കപ്പെടാതെ പോകുന്ന ഒന്നുണ്ട്. നമ്മുടെ ആരോഗ്യം. അതെ, ചൂടുള്ള പാനീയങ്ങള്‍ അന്നനാളത്തെ എങ്ങനെ ബാധിക്കുമെന്ന് കൂടി അറിഞ്ഞിരിക്കേണ്ടതുണ്ട്. അത് അര്‍ബുദത്തിന് കാരണമായേക്കുമെന്നാണ് പുറത്തുവരുന്ന പഠനങ്ങള്‍.

ചൂടുള്ള പാനീയങ്ങളും കാൻസറും തമ്മിലുള്ള ബന്ധം എന്ത്? 

ഇന്‍റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസർ പുറത്തുവിട്ട പഠന റിപ്പോര്‍ട്ട് പ്രകാരം 65 ഡിഗ്രി സെൽഷ്യസിനു മുകളിലുള്ള പാനീയങ്ങൾ അന്നനാളത്തില്‍ അര്‍ബുദത്തിന് സാധ്യത വര്‍ധിപ്പിക്കുന്നു. മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിൾ നടത്തിയ പല പഠനങ്ങളും ഇതിനെ പിന്തുണയ്ക്കുന്നവയാണ്. ചായയോ കാപ്പിയോ കുടിക്കുന്നവർക്ക്, ചൂടുള്ള പാനീയങ്ങൾ കുടിക്കാത്തവരെ അപേക്ഷിച്ച് ഈസോഫേജിയൽ കാൻസർ ഉണ്ടാകാനുള്ള സാധ്യത ആറിരട്ടി കൂടുതലാണെന്നും കണ്ടെത്തിയിട്ടുണ്ട്. അമിത ചൂടുള്ള പാനീയങ്ങൾ അന്നനാളത്തിലെ കോശങ്ങളെ നശിപ്പിക്കുകയും ദീർഘകാലാടിസ്ഥാനത്തിൽ ഇത് അർബുദത്തിന് കാരണമാകുകയും ചെയ്യും. ചൂട് പാനീയങ്ങൾ അന്നനാളത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ചുള്ള പല പഠനങ്ങളും മൃഗങ്ങളിലും നടന്നിട്ടുണ്ട്. 2016-ലെ ഒരു പഠനത്തിൽ, 70 ഡിഗ്രി സെൽഷ്യസ് താപനിലയുള്ള വെള്ളം നൽകിയ എലികളുടെ അന്നനാളത്തിൽ അർബുദത്തിന് മുമ്പായുണ്ടാകുന്ന വളർച്ച വേഗത്തിൽ പ്രത്യക്ഷപ്പെട്ടതായി പഠനങ്ങളുണ്ട്.

ചായയും കാപ്പിയുമല്ല, താപനിലയാണ് വില്ലന്‍

പാനീയങ്ങളല്ല, താപനിലയാണ് എല്ലാത്തിനും ഉത്തരവാദിയെന്ന് ഏജൻസിയുടെ റിപ്പോർട്ട് കണ്ടെത്തി. തെക്കേ അമേരിക്കയിൽ നിന്നുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇത് പ്രധാനമായും കണ്ടെത്തിയത്. തെക്കേ അമേരിക്കയിൽ സാധാരണയായി കുടിക്കുന്ന 'മാറ്റേ' എന്ന പരമ്പരാഗത ഹെർബൽ പാനീയം 70 ഡിഗ്രി സെൽഷ്യസിൽ കൂടുതലായി കുടിച്ചാൽ ഈസോഫേജിയൽ കാൻസറിന് കാരണമാകുമെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. യു.കെയില്‍  അരലക്ഷത്തോളം മുതിർന്നവരിൽ നടത്തിയ ഒരു വലിയ പഠനം, ഉയർന്ന അളവിൽ ചൂടുള്ള പാനീയങ്ങൾ (ചായയും കാപ്പിയും) കഴിക്കുന്നത് അന്നനാള കാൻസറുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് സ്ഥിരീകരിച്ചു. 

അളവില്‍ കാര്യമുണ്ടോ?

 ഒറ്റയിരിപ്പിൽ എത്ര ചൂടുള്ള ദ്രാവകം കുടിക്കുന്നു എന്നതും പ്രധാനമാണ്. ഒറ്റയടിക്ക് ചൂടുള്ള പാനീയം ധാരാളം കുടിക്കുന്നത് അന്നനാളത്തിന് കേടുപാടുകൾ വരുത്താൻ ഇടയാക്കും. ഒരു പഠനത്തിൽ, വ്യത്യസ്ത താപനിലകളിൽ   കാപ്പി കുടിക്കുന്ന ആളുകളുടെ അന്നനാളത്തിനുള്ളിലെ താപനില ഗവേഷകർ അളന്നു.  65 ഡിഗ്രി സെൽഷ്യസ് കാപ്പി വളരെ വലിയ സിപ്പ് (20 മില്ലി ലീറ്റർ) അന്നനാളത്തിനുള്ളിലെ താപനില 12 ഡിഗ്രി സെൽഷ്യസ് വരെ വർദ്ധിപ്പിച്ചു. ഈ ശീലം തുടരുന്നത് അന്നനാളത്തിലെ മുറുവുകള്‍ക്ക് ആക്കം കൂട്ടും. എന്നാല്‍ വല്ലപ്പോഴും ചൂടുള്ള കാപ്പി കുടിച്ചു എന്നുതുകൊണ്ടുമാത്രം ദീര്‍ഘകാല പ്രശ്നങ്ങള്‍ ഉണ്ടാകണമെന്നില്ല. എന്നാൽ വർഷങ്ങളായി, വലിയ അളവിൽ വളരെ ചൂടുള്ള പാനീയങ്ങൾ കുടിക്കുന്നത് അന്നനാള ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കും.

എന്താണ് സുരക്ഷിതമായ താപനില?

കാപ്പി പോലുള്ള പാനീയങ്ങളുടെ ബ്രൂവിംഗ് താപനില വളരെ ഉയർന്നതാണ്. വളരെ ചൂടുള്ള പാനീയം തണുക്കാൻ സമയം അനുവദിക്കുന്നത് പ്രധാനമാണ്. ചൂടുള്ള പാനീയത്തിന്‍റെ താപനില അഞ്ച് മിനിറ്റിനുള്ളിൽ 10-15 ഡിഗ്രി സെൽഷ്യസ് വരെ കുറയും .ടേക്‌എവേ പാനീയങ്ങളുടെ മൂടി തുറന്നാൽ രണ്ടിരട്ടി വേഗത്തിൽ തണുക്കും. മൂടി ഇളക്കി ഊതുക. അല്ലെങ്കില്‍ കുറച്ച് തണുത്ത വെള്ളത്തിലോ പാലിലോ കലർത്തുക. 

അപ്പോ പിന്നെ ഇനി ചൂടുള്ള ഒരു കാപ്പിയോ ചായയോ കിട്ടിയാല്‍ പതുക്കെ ഊതിയൂതി കുടിക്കാം. ഇടയ്ക്കുള്ള സൗഹൃദങ്ങളുടെ നിമിഷങ്ങള്‍ ആസ്വദിക്കുകയുമാവാം, ഒപ്പം ആരോഗ്യവും കരുതാം.

ENGLISH SUMMARY:

Hot beverages can pose a risk to your health if consumed at excessively high temperatures. This is especially true as they can lead to an increased risk of esophageal cancer