മാമ്പഴക്കാലമാണ്. മൂവാണ്ടന്‍, നീലം, ചന്ദ്രക്കാരന്‍, കര്‍പ്പൂരം,പഞ്ചാര മാങ്ങയെന്നിങ്ങനെ എന്നിങ്ങനെ ആറും നൂറും പേരുകളില്‍ നാട്ടിലെങ്ങും മാങ്ങകള്‍ നിറഞ്ഞിട്ടുണ്ട്. വേനലവധിക്കൊപ്പം മാമ്പഴക്കാലം കൂടിയാകുന്നതോടെ കുട്ടികള്‍ക്ക് അതൊരു ആഘോഷമാണ്. എന്നാല്‍ സമൂഹമാധ്യമങ്ങളിലടക്കം മാമ്പഴം കഴിക്കുന്നത് അത്ര നല്ലതല്ലെന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് നടക്കുന്നത്. ഇത് തീര്‍ത്തും തെറ്റാണെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.
ഒരു മാങ്ങയിലെന്തുണ്ട്? രുചിയിലും കാഴ്ചയിലും മാത്രമല്ല, ഗുണത്തിലും ഒട്ടും നിസാരക്കാരനല്ല മാമ്പഴം. ഇടത്തരം വലുപ്പമുള്ള പഴുത്ത മാങ്ങയ്ക്ക് ഏകദേശം കാല്‍കിലോയോളം ഭാരം വരും. അത്രയും ഭാരമുള്ള മാമ്പഴത്തില്‍ 99 കാലറിയാണ് ആകെ അടങ്ങിയിരിക്കുന്നത്. 25 ഗ്രാം അന്നജം,23 ഗ്രാം പഞ്ചസാര, മൂന്ന് ഗ്രാം നാര്, 1.4 ഗ്രാം പ്രോട്ടീന്‍, 0.6 ഗ്രാം ഫാറ്റ്, 60 മില്ലി ഗ്രാം വിറ്റമിന്‍ സി, 112 മൈക്രോഗ്രാം വിറ്റമിന്‍ എ, 71 മൈക്രോഗ്രാം ഫൊലാറ്റ്, വിറ്റമിന്‍ ഇ, കെ, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയാണ് മാമ്പഴത്തിലുള്ളത്.
പ്രമേഹ രോഗികള്‍ക്ക് മാമ്പഴം കഴിക്കാമോ? മാമ്പഴം കഴിക്കുന്നത് കൊണ്ടുമാത്രം പ്രമേഹമുണ്ടാകുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെന്ന് സെലിബ്രിറ്റി റുജുത ദിവേകര്‍ പറയുന്നു. നാരുകളുടെയും ആന്‍റി ഓക്സിഡന്‍റുകളുടെയും ആന്‍റി കാന്‍സര്‍ ഘടകങ്ങളുള്ള പൊളിഫിനോലുകളുടെയും കലവറയാണ് മാമ്പഴം. മാമ്പഴം കഴിക്കുന്നത് കൊണ്ട് മാത്രം ആര്‍ക്കും പൊണ്ണത്തടിയോ പ്രമേഹമോ ഉണ്ടാവില്ലെന്നും അവര്‍ വ്യക്തമാക്കുന്നു. മിതമായ അളവില്‍ കഴിച്ചാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ വരെ കഴിയുമെന്നും ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. മാമ്പഴക്കാലത്ത് പറമ്പിലും തൊടിയിലും ലഭ്യമാകുന്ന മാങ്ങ കഴിക്കണമെന്നാണ് അമേരിക്കന്‍ ഡയബറ്റിക് അസോസിയേഷനും പറയുന്നത്.
മാമ്പഴം കഷണങ്ങളായി മുറിച്ചും, ചാറെടുത്തും അല്ലാതെയും മറ്റ് ഉല്‍പ്പന്നങ്ങളാക്കിയും വിപണിയിലും ലഭ്യമാണ്. മാമ്പഴം കഴിക്കുമ്പോള്‍ മറ്റ് ഭക്ഷണം കഴിക്കുന്നതിന്‍റെ അളവ് കുറയുമെന്നും ശരീരഭാരം കുറയ്ക്കാന്‍ പരിശ്രമിക്കുന്നവര്‍ക്കും അതുകൊണ്ട് മാമ്പഴം കഴിക്കാമെന്നും ഊര്‍ജദായകമാണെന്നും പഠന റിപ്പോര്‍ട്ടുകളും സാക്ഷ്യപ്പെടുത്തുന്നു. മാമ്പഴത്തിലെ നാരുകള്‍ ദഹനത്തെ സഹായിക്കുന്നുവെന്ന് ഡോക്ടര്‍മാരും പറയുന്നു.