brayan-johnson

Image Credit : Twitter

വിചിത്രമായ പരീക്ഷണങ്ങളിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റിയ വ്യക്തിയാണ് സംരംഭകനും അമേരിക്കൻ ശതകോടീശ്വരനുമായ ബ്രയാൻ ജോൺസൺ. ആയുസ് വര്‍ധിപ്പിക്കുന്നതിനും യൗവ്വനം നിലനിര്‍ത്തുന്നതിനുമായി ബ്രയാന്‍ നടത്തിയത് ലക്ഷണങ്ങള്‍ ചെലവിട്ടുളള പരീക്ഷണങ്ങളാണ്. ഇപ്പോഴിതാ ബ്രയാന്‍റെ ഏറ്റവും പുതിയ വെളിപ്പെടുത്തലില്‍ ഞെട്ടിത്തരിച്ച് നില്‍ക്കുകയാണ് സോഷ്യല്‍ലോകം. തന്‍റെ കാമുകി കേറ്റ് ടോളോയുടെ ആര്‍ത്തവ രക്തം ലാബ് ഫ്രീസറിൽ സൂക്ഷിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലാണ് ബ്രയാന്‍ നടത്തിയിരിക്കുന്നത്. ഒരു ഗവേഷണത്തിനായാണ് ആർത്തവരക്തം –80 ഡിഗ്രി താപനിലയിൽ സൂക്ഷിച്ചിരിക്കുന്നതെന്നും ബ്രയാന്‍ വെളിപ്പെടുത്തി. ഇത് സംബന്ധിച്ച് വിവരങ്ങള്‍ തന്‍റെ എക്സ് അക്കൗണ്ടിലൂടെയാണ് ബ്രയാന്‍ പങ്കുവച്ചത്.

ബ്രയാന്‍റെ കുറിപ്പ് ഇങ്ങനെ...'കേറ്റിന്‍റെ ആർത്തവരക്തം –80 താപനിലയിൽ ഞാൻ ഫ്രീസറിൽ സുക്ഷിച്ചിട്ടുണ്ട്. ഏകദേശം 10 മില്ലി ആർത്തവ രക്തമാണ് സൂക്ഷിച്ചിരിക്കുന്നത്' ബ്രയാന്‍ കുറിച്ചു. ആരോഗ്യമേഖലയിലെ ഗവേഷണത്തിന്‍റെ ഭാഗമായാണ് കാമുകിയുടെ ആർത്തവരക്തം ഇപ്രകാരം ലബോറട്ടറി ഫ്രീസറിൽ സൂക്ഷിച്ചതെന്നും ബ്രയാന്‍ വ്യക്തമാക്കി. നിമിഷനേരം കൊണ്ടുതന്നെ ബ്രയാന്‍റെ പോസ്റ്റ് സോഷ്യലിടത്ത് വലിയ ചര്‍ച്ചകള്‍ക്ക് കാരണമായി. എന്തിനാണ് ആര്‍ത്തവ രക്തം ഇപ്രകാരം സൂക്ഷിച്ചിരിക്കുന്നത് എന്ന് ചോദിച്ച് നിരവധി പേരാണ് ബ്രയാന്‍റെ കുറിപ്പിനടിയില്‍ കമന്‍റുകളുമായെത്തിയത്. 

ഗർഭാശയ ആരോഗ്യം നേരിട്ടറിയാം എന്നതാണ് ഇത്തരം പരീക്ഷണങ്ങളുടെ പ്രത്യേകതയെന്ന് ബ്രയാന്‍ പറയുന്നു. 'ഗർഭപാത്രത്തിൽ നിന്ന് നേരിട്ട് ലഭിക്കുന്നതിനാൽ സാധാരണ രക്ത പരിശോധനയിലൂടെ ലഭിക്കുന്നതിനേക്കാൾ ആരോഗ്യ വിവരങ്ങൾ ആർത്തവരക്തത്തിലൂടെ ലഭിക്കും. ഈ ആര്‍ത്തവ രക്തം പരിശോധിക്കുന്നതിലൂടെ ഗവേഷകര്‍ക്ക് പ്രതിരോധ കോശങ്ങള്‍, ഗര്‍ഭാശയ കോശങ്ങള്‍, സ്റ്റെം സെല്ലുകള്‍ എന്നിവയെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭിക്കും. ശരീരത്തിൽ അടിഞ്ഞുകൂടുന്ന മൈക്രോപ്ലാസ്റ്റിക്സ്, 'ഫോറെവർ കെമിക്കലുകൾ', ഹോർമോൺ വ്യതിയാനങ്ങൾക്ക് കാരണമാകുന്ന രാസവസ്തുക്കൾ എന്നിവയുടെ സാന്നിധ്യവും ആര്‍ത്തവ രക്തപരിശോധനയിലൂടെ കണ്ടെത്താം. ഗര്‍ഭാശയ സംബന്ധമായ അസുഖങ്ങളെല്ലാം കണ്ടെത്താനും ഈ രക്തപരിശോധയ്ക്ക് സാധിക്കും' എന്നും ബ്രയാന്‍ വ്യക്തമാക്കി.

അതേസമയം ബ്രയാന്‍റെ പരീക്ഷണത്തെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. സാധാരണ ചിന്താഗതികള്‍ക്ക് അതീതമായുളള ബ്രയാന്‍റെ പരീക്ഷണങ്ങള്‍ ഭാവിയില്‍ വലിയ കണ്ടുപിടുത്തങ്ങള്‍ക്ക് കാരണമാകുന്നെന്ന് ഒട്ടേറെ പേര്‍ കമന്‍റ് ചെയ്തു. അതേസമയം അടിസ്ഥാനരഹിതമായ ഇത്തരം പരീക്ഷണങ്ങള്‍ നടത്തി സമൂഹത്തിന് തെറ്റായ സന്ദേശങ്ങള്‍ നല്‍കരുതെന്നായിരുന്നു മറ്റുചിലര്‍ അഭിപ്രായപ്പെട്ടത്.

ENGLISH SUMMARY:

Bryan Johnson's latest revelation involves storing his girlfriend's menstruation blood in a lab freezer. This unconventional experiment aims to unlock deeper insights into female reproductive health and aging.