TOPICS COVERED

 ചെറിയൊരു തലവേദനയോ പനിയോ വന്നാല്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാതെ തന്നെ പാരസെറ്റമോള്‍ കഴിക്കുന്നവരാണ് നമ്മളില്‍ പലരും. ഗര്‍ഭകാലത്ത് പല മരുന്നുകളും കഴിക്കാമോ എന്ന കാര്യത്തില്‍ ആശങ്കാകുലരുമാണ് പലപ്പോഴും. ഇപ്പോഴിതാ പുതിയ പഠനം പറയുന്നത് ഗര്‍ഭകാലത്തെ പാരസെറ്റമോള്‍ ഉപയോഗം കുഞ്ഞുങ്ങളില്‍ ഓട്ടിസം, എഡിഎച്ച്ഡി (അറ്റൻഷൻ-ഡെഫിസിറ്റ്/ഹൈപ്പർആക്ടിവിറ്റി ഡിസോർഡർ) എന്നിവയുൾപ്പെടെയുള്ള ചില നാഡീവികാസ വൈകല്യങ്ങളുടെ സാധ്യത വർദ്ധിപ്പിച്ചേക്കാമെന്നാണ്.

ആഗോളതലത്തിൽ അസെറ്റാമിനോഫെൻ എന്നറിയപ്പെടുന്നതും ക്രോസിൻ, ഡോളോ എന്നീ പ്രമുഖ ബ്രാൻഡുകളിൽ വിൽക്കപ്പെടുന്നതുമായ പാരസെറ്റമോൾ ലോകമെമ്പാടുമുള്ള പകുതിയിലേറെ ഗർഭിണികളും ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. മറ്റ് വേദനസംഹാരികളെ അപേക്ഷിച്ച് നേരത്തേ പാരസെറ്റമോള്‍ സുരക്ഷിതമായി കണക്കാക്കപ്പെട്ടിരുന്നു, എന്നാൽ ഈ ധാരണയെ ചോദ്യംചെയ്യുന്ന പഠനറിപ്പോര്‍ട്ട് ആണ് ഇപ്പോള്‍ പുറത്തുവരുന്നത്.

മസാച്യുസെറ്റ്സ് യൂണിവേഴ്സിറ്റി, ഹാർവാർഡ് യൂണിവേഴ്സിറ്റി, ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് ഇക്വിറ്റി റിസർച്ച്, ഗവേഷകർ നടത്തിയ പഠനറിപ്പോര്‍ട്ട് ആണിത്. ഗർഭകാലത്ത് അസെറ്റാമിനോഫെൻ ഉപയോഗവും കുട്ടികളുടെ വികാസവും തമ്മിലുള്ള ബന്ധം മനസ്സിലാക്കാൻ പതിറ്റാണ്ടുകളുടെ ശാസ്ത്രീയ തെളിവുകൾ പരിശോധിച്ചുള്ള പഠനമാണ് സംഘം നടത്തി, എൻവയോൺമെന്റൽ ഹെൽത്ത് ജേണലിൽ പ്രസിദ്ധീകരിച്ചത്. സംഘം നടത്തിയ 46 പഠനങ്ങളില്‍ 27 പഠനങ്ങളും ഗർഭകാലത്ത് പാരസെറ്റമോൾ ഉപയോഗവും കുഞ്ഞുങ്ങളിലെ ഓട്ടിസവുമായി ബന്ധമുണ്ടെന്ന് പറയുന്നവയാണ്. ഓട്ടിസം, എഡിഎച്ച്ഡി, അല്ലെങ്കിൽ മറ്റ് നാഡീവികാസ വൈകല്യങ്ങൾ (NDDs) പോലുള്ള അവസ്ഥകളും തമ്മിൽ ബന്ധമുണ്ടെന്നാണ് പറയുന്നത്. ഒമ്പത് പഠനങ്ങളിൽ ഇത്തരത്തിലൊരു ബന്ധവും കണ്ടെത്തിയില്ല, നാലു പഠനങ്ങളുടെ വിശ്വാസ്യത കുറവായിരുന്നുവെന്നും സംഘം പറയുന്നു.

വൈകല്യങ്ങള്‍ ഏതുതരത്തില്‍?

*ഓട്ടിസം സ്പെക്ട്രം ഡിസോർഡർ (ASD), അതായത് സാമൂഹിക ഇടപഴകൽ, ആശയവിനിമയം, പെരുമാറ്റം എന്നിവയെ ബാധിക്കുന്ന ഒരു വൈകല്യമാണിത്. നേരിയ തോതില്‍ മുതല്‍ തീവ്രമായ ലക്ഷണങ്ങള്‍ വരെ കുഞ്ഞുങ്ങളില്‍ കണ്ടേക്കാം.

*എഡിഎച്ച്ഡി (അറ്റൻഷൻ-ഡെഫിസിറ്റ്/ഹൈപ്പർആക്ടിവിറ്റി ഡിസോർഡർ), അതായത് കുട്ടികൾക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനും സ്വയം നിയന്ത്രിക്കാനും ശാന്തമായി ഇരിക്കാനും ബുദ്ധിമുട്ടുള്ള അവസ്ഥ.

*എന്‍ഡിഡിഎസ് അഥവാ നാഡീവികാസ വൈകല്യങ്ങൾ (NDDs), തലച്ചോറിന്റെ വളര്‍ച്ചയുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള പ്രശ്നങ്ങളാണിത്. പഠനപരമായോ, പെരുമാറ്റപരമായോ, ആശയവിനിമയപരമായോ ഉള്ള ബുദ്ധിമുട്ടുകളിലേക്കാണ് ഈ കാര്യങ്ങള്‍ കുഞ്ഞുങ്ങളെ നയിക്കുക.

തീര്‍ത്തും ആശങ്കാജനകമായ ഒരു പഠനറിപ്പോര്‍ട്ടാണിതെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ഗർഭിണിയായ സ്ത്രീക്ക് പനി, തലവേദന, അല്ലെങ്കിൽ ശരീരവേദന എന്നീ അവസ്ഥയില്‍ ഡോക്ടർമാർ സാധാരണയായി ആദ്യം നിർദ്ദേശിക്കുന്ന മരുന്നാണ് പാരസെറ്റമോൾ. ആസ്പിരിന്‍ പോലുള്ള ശക്തമായ മരുന്നുകളൊന്നും നല്‍കാതെ സുരക്ഷിതമായി നല്‍കിയിരുന്നതാണ് പാരസെറ്റമോള്‍. ഗര്‍ഭിണികള്‍ പാരസെറ്റമോള്‍ കഴിക്കരുത് എന്നല്ല പറയുന്നത്, ജാഗ്രതയോടെ വേണം ഉപയോഗിക്കാന്‍ എന്നുള്ളതാണ് റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം.

എങ്ങനെ ഉപയോഗിക്കാം?

* ഏറ്റവും അത്യാവശ്യഘട്ടത്തില്‍ മാത്രം പാരസെറ്റമോൾ ഉപയോഗിക്കുക.

* ഫലപ്രദമായ ഡോസ് മാത്രം ഉപയോഗിക്കുക.

* ഗർഭകാലത്ത് സ്വയചികിത്സ വേണ്ട, ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം ഉപയോഗിക്കുക

ENGLISH SUMMARY:

Paracetamol and autism: A new study suggests a link between paracetamol use during pregnancy and an increased risk of autism and ADHD in children. It is crucial to consult a doctor before taking any medication during pregnancy.