കൊല്ലം സ്വദേശി ദിവ്യയുടെ മരണവുമായി ബന്ധപ്പെട്ട് സ്ത്രീകളിലുണ്ടാകുന്ന പ്രസവാനന്തര ഡിപ്രഷനെക്കുറിച്ചും മാനസികബുദ്ധിമുട്ടുകളെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. അതുപോലെ തന്നെ പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ് ആ‍ര്‍ത്തവ വിരാമ സമയത്ത് സ്ത്രീകളിലുണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകളും മാനസിക സമ്മര്‍ദങ്ങളും. 

 

പെരിമെനോപോസ്

ആര്‍ത്തവ വിരാമത്തിന് മുമ്പുള്ള സ്ത്രീകളുടെ ശാരീരിക അവസ്ഥയാണ് പെരിമെനോപോസ്. ശാരീരികമായും മാനസികമായും ഒട്ടേറെ മാറ്റങ്ങള്‍ക്ക് വിധേയമാകുന്ന സമയം. ക്രമംതെറ്റി വരുന്ന ആര്‍ത്തവവും ഹോര്‍മോണുകളിലുണ്ടാക്കുന്ന മാറ്റത്തിന്‍റെ ഭാഗമായി ഉണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകളും പെരിമെനപോസിന്‍റെ ലക്ഷണങ്ങളാണ്. ഉറക്ക കുറവും ഉയര്‍ന്ന ചൂട് അനുഭവപ്പെടലും, അസാധാരണമായി ശരീരം വിയര്‍ക്കലും ഉന്മേഷക്കുറവുമെല്ലാം ഇതിന്‍റെ ഭാഗമാണ്. നാല്‍പതുകളുടെ തുടക്കം മുതല്‍ അമ്പതുകളുടെ മധ്യത്തിലുള്ളവര്‍ക്കാണ് പൊതുവില്‍ ഇത് അനുഭവപ്പെടുക. ചിലരില്‍ നാലുമുതല്‍ എട്ട് വര്‍ഷം വരെ ഇത് നീണ്ട് നില്‍ക്കും. ആര്‍ത്തവ ദിവസങ്ങളുടെ ദൈര്‍ഘ്യത്തിലും ഈ സമയത്ത് മാറ്റങ്ങള്‍ ഉണ്ടാകും.  ഏഴ് ദിവസമോ അതില്‍ അതില്‍കൂടുതലോ ബ്ലീഡിങ് ഉണ്ടാകാനും സാധ്യതയുണ്ട്. ശരീരത്തില്‍ ഈസ്ട്രജന്‍റെ അളവ് കുറയുന്നത് അനുസരിച്ച് കൊളസ്ട്രോളിന്‍റെ അളവ് കൂടുകയും ഇത് ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുകയും ചെയ്തേക്കാം.

 

മാനസിക ആഘാതം

സ്വന്തം  ശരീരത്തില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങള്‍ എല്ലാവര്‍ക്കും എളുപ്പത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞെന്നുവരില്ല. യുവത്വം നഷ്ടപ്പെട്ട് വാര്‍ധക്യത്തിലേക്ക് കടകുകയാണോ എന്ന ധാരണ വലിയ മാനസിക ആഘാതത്തിന് വഴിവെച്ചേക്കും. ആര്‍ത്തവ വിരാമം സെക്ഷ്വല്‍ ജീവിതത്തെ ബാധിക്കുമോ എന്ന ആശങ്കയും ചിലരില്‍ വലിയ പ്രത്യാഘാതം ഉണ്ടാക്കും. ഉറക്ക കുറവ് മൂലം ദേഷ്യം കൂടിയേക്കാം. ക്ഷമ കുറയുന്നവരും മൂഡ് സ്വിങ്​സുകള്‍ വര്‍ധിക്കുന്നവരും ധാരാളമുണ്ട്. വിഷാദവും ഉത്കണ്ഠയും പെരിമെനപോസിന്‍റെ ഭാഗമാണ്. മനസിനും ശരീരത്തിനും പെട്ടെന്ന് ഉണ്ടാകുന്ന മാറ്റങ്ങള്‍ പെരിമെനപോസിന്‍റെ ലക്ഷണങ്ങളാണെന്ന് നമ്മുക്കിടയിലെ ഭൂരിപക്ഷം സ്ത്രീകള്‍ക്കും തിരിച്ചറിയാന്‍ സാധിക്കില്ല എന്നതാണ് യഥാര്‍ത്ഥ്യം. എന്തോ വലിയ അസുഖം ബാധിച്ചതാണെന്ന് തെറ്റിദ്ധരിച്ച് ആശുപത്രികള്‍ കയറി ഇറങ്ങുന്നവരും ധാരാളമുണ്ട്.

താളംതെറ്റുന്ന കുടുംബാന്തരീക്ഷം

അമ്മയോ ഭാര്യയോ ആയ സ്ത്രീയിലുണ്ടാകുന്ന മാറ്റം പെരിമെനപോസിന്‍റെ ഭാഗമാണെന്ന് തിരിച്ചറിയുന്ന  കുടുംബാംഗങ്ങള്‍ വിരളമാണ്. പെരിമെനപോസ് എന്താണെന്നോ അതിന്‍റെ ലക്ഷണങ്ങള്‍ എന്താണെന്നോ തിരിച്ചറിയുന്ന എത്ര പുരുഷന്‍മാര്‍ കാണും നമ്മുക്കിടയില്‍.  അനാവശ്യമായി ദേഷ്യപ്പെടുകയും എന്തിനും ഏതിനും കരയുകയും നിസാരകാര്യങ്ങള്‍ക്ക് പോലും ടെന്‍ഷനടിച്ചിരിക്കുകയും  എപ്പോഴും ദുഖിച്ചിരിക്കുകയും ചെയ്യുന്ന  ഒരുവളായി പെരിമെനപോസിലൂടെ കടന്നു പോകുന്ന സ്ത്രീ മുദ്രകുത്തപ്പെടും. ജോലിയിടങ്ങളിലെ ചെറിയ സമ്മര്‍ദങ്ങള്‍പോലും അവളെ മാനസികമായി തളര്‍ത്തിയേക്കാം. എന്ത് കൊണ്ട് തനിക്കിങ്ങനെ സംഭവിക്കുന്നു എന്ന് പോലും അറിയാത്ത സ്ത്രീകളില്‍ ഇത് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ വലുതായിരിക്കും. ആത്മഹത്യയിലേക്ക് വരെ നീങ്ങാനുള്ള സാധ്യതയും ഉണ്ട്. 

മധ്യവയസിലെത്തുമ്പോള്‍ ഒറ്റപ്പെടുന്നവരാണ് ഇപ്പോള്‍ മലയാളികള്‍. അല്ലെങ്കില്‍ മക്കളുടെ കല്യാണം റിട്ടേര്‍ഡ്മെന്‍റ് തുടങ്ങി വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന കാലഘട്ടം. ഏറ്റവും അധികം മാനസിക പിന്തുണ വേണ്ട ഒരു ഘട്ടത്തിലാണ് സ്ത്രീകള്‍ വീടുകളില്‍ ഒറ്റപ്പെട്ട് പോവുക എന്നതാണ് ദുഖകരം. പങ്കാളികള്‍ക്ക് പോലും മാനസികമായും ശാരീരികമായും ഉണ്ടാകുന്ന മാറ്റങ്ങളെ തിരിച്ചറിയാനും സ്ത്രീകള്‍ക്ക് ഒപ്പം നില്‍ക്കാനും സാധിക്കാറില്ല എന്നതാണ് യാഥാര്‍ഥ്യം. 

 

ഒന്നിച്ച് നേരിടണം ഒപ്പം നില്‍ക്കണം

ആര്‍ത്തവ വിരാമം എന്താണെന്നും അതിന്‍റെ ലക്ഷണങ്ങള്‍ എന്താണെന്നും സ്ത്രീകളും അവര്‍ക്കൊപ്പമുള്ളവരും മനസിലാക്കുകയാണ് ഏറ്റവും പ്രധാനം. ആ ഘട്ടത്തെ ആത്മവിശ്വാസത്തോടെ അതിജീവിക്കാന്‍ അത് സഹായിക്കും. കൃത്യമായി വ്യായാമം ചെയ്യുന്നതും പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുന്നതും നല്ലതാണ്. സോയ, ചേന തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഈസ്ട്രജന്‍ ഉത്പാദനത്തിന് സഹായിക്കും.ഇതിനൊക്കെ ഉപരിയായി ഒറ്റക്കല്ലെന്നും തനിക്കൊന്നും സംഭവിക്കുന്നും ഇല്ലെന്ന തോന്നല്‍ സ്ത്രീകളില്‍ ഉണ്ടാകണം. സ്വാഭാവികമായി വന്നു പോകുന്ന ഒരു ശാരീരിക അവസ്ഥയായി പെരിമെനപോസിനെ സ്ത്രീയും അവള്‍ക്ക് ചുറ്റും ഉള്ളവരും മനസിലാക്കണം. ഇനി ആരും പിന്തുണയുമായി ഒപ്പമില്ലെങ്കിലും സ്വന്തം ശരീരത്തിലുള്ളമാറ്റങ്ങളെ തിരിച്ചറിയാനും അതിനെ ആരോഗ്യമുള്ള മനസോടെ അഭിമുഖീകരിക്കാനും സത്രീകള്‍ക്കാവണം. അതിന് ആവശ്യമെങ്കില്‍ ഡോക്ടര്‍മാരുടെ സഹായം തേടാം. പറ്റുമ്പോഴൊക്കെ മാനസിക ആരോഗ്യ വിദഗ്ധരുമായി ആശയവിനിമയം നടത്തുകയും ചെയ്യണം.

ENGLISH SUMMARY:

Perimenopause is the phase before menopause when women experience significant physical and emotional changes. Irregular periods and hormone-related physical discomforts are key symptoms of this stage. It's a transitional period marked by various bodily and mental shifts.