ആര്‍ത്തവത്തിന് മുന്നോടിയായി കാരണമൊന്നുമില്ലാതെ അതിതീവ്രമായ ദുഖം അനുഭവപ്പെടാറുണ്ടോ? ചെറിയകാര്യങ്ങള്‍ക്ക് പോലും സങ്കടം സഹിക്കാനാകാതെ വരാറുണ്ടോ?? പ്രീ മെന്‍സ്ട്രല്‍ സിന്‍ഡ്രം എന്ന വില്ലനാണ് നിങ്ങളുടെ ഈ മാനസികാവസ്ഥയ്ക്ക് കാരണം..
എന്താണ് പ്രീ മെന്‍സ്ട്രല്‍ സിന്‍ഡ്രം?
ആര്‍ത്തവമാകുന്നതിന് മുന്നോടിയായി കണ്ടുവരുന്ന ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകളെയാണ് പ്രീ മെന്‍സ്ട്രല്‍ സിന്‍ഡ്രം, അഥവാ പി.എം.എസ് എന്ന് പറയുന്നത്.
തലവേദന,സ്തനങ്ങളിൽ അനുഭവപ്പെടുന്ന വേദന, ഓക്കാനം, നടുവേദന, തലകറക്കം, ശരീരത്തിൽ ചൂടനുഭവപ്പെടുക തുടങ്ങിയവയാണ് പി.എം.എസിന്‍റെ ഭാഗമായുണ്ടാകുന്ന പ്രധാന ശാരീരിക ബുദ്ധിമുട്ടുകള്‍. പെട്ടെന്ന് ദേഷ്യം വരിക, ചെറിയ കാര്യങ്ങള്‍ക്ക് പൊട്ടിത്തെറിക്കുക, പെട്ടെന്ന് കരച്ചിൽ വരിക, വിഷാദം, ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റാതെ വരിക, ഉറക്കക്കുറവ്, ഉത്കണ്ഠ എന്നിവയാണ് ഈ സമയത്ത് അനുഭവിക്കുന്ന പ്രധാന ശാരീരിക ബുദ്ധിമുട്ടുകള്‍.
പി.എം.എസ് അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് മറ്റുസമയത്തേക്കാള്‍ സഹിഷ്ണുത കുറവായിരിക്കും. മറ്റുള്ളവര്‍ക്ക് നിസാരം എന്ന് തോന്നുന്ന പല കാര്യങ്ങള്‍ക്കും അസാധരണമാം വിധം ഈ സമയങ്ങളില്‍ പ്രതികരിക്കും. അത് കൊണ്ട് തന്നെ ഇത് സ്ത്രീകളുടെ വ്യക്തി ജീവിതത്തെ സാരമായി ബാധിക്കാം.
ആര്‍ത്തവം വരുന്നതിന് തൊട്ടുമുന്‍പുള്ള ആഴ്ചയിലാണ് ഇവ പ്രധാനമായും കണ്ടുവരുന്നത്. ആര്‍ത്തവം തുടങ്ങി ആദ്യ ദിവസങ്ങളില്‍ തന്നെ ഈ അവസ്ഥ മാറുന്നതായും കാണാം.
എന്ത്കൊണ്ട് പി.എം.എസ്??
ആര്‍ത്തവ സമയവുമയി ബന്ധപ്പെട്ടുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനമാണ് ഈ അവസ്ഥയ്ക്ക് കാരണം. സ്ത്രീ ശരീരത്തില്‍ ലൈംഗിക സ്വഭാവസവിശേഷതകളുടെ
വളര്‍ച്ചയ്ക്കും വികാസത്തിനും ആവശ്യമായ ഗോണാഡല്‍ ഹോര്‍മോണ്‍ ഉത്പാദിക്കപ്പെടുന്നുണ്ട്. ആര്‍ത്തവ സമയത്ത് ഗോണാഡല്‍ ഹോര്‍മോണായ ഈസ്ട്രജന്‍റയും പ്രൊജസ്ട്രോണിന്‍റെയും സന്തുലിതാവസ്ഥയില്‍ സംഭവിക്കുന്ന വ്യതിയാനങ്ങളാണ് പി.എം.എസിന് കാരണമാകുന്നത്.
എന്തെല്ലാം ശ്രദ്ധിക്കാം?
കട്ടൻചായ, കട്ടൻകാപ്പി എന്നിവ പരമാവധി കുറയ്ക്കുക..ഭക്ഷണപദാർത്ഥങ്ങളിലെ എരിവ്, പുളി, ഉപ്പ് എന്നിവ അധികമായി ഉപയോഗിക്കാതിരിക്കുക.ശരീരത്തിനാവശ്യമായ വിശ്രമം ഉറപ്പുവരുത്തുക..വ്യായാമം ശീലമാക്കുക. കൂടെയുള്ളവരുടെ പിന്തുണയും വളരെ പ്രധാനപ്പെട്ടതാണ്..ഈ സമയങ്ങളില്‍ കാണിക്കുന്ന ദേഷ്യത്തെയും പൊട്ടിത്തെറിയെയും ഹോര്‍മോണ്‍ വ്യതിയാനമാണെന്ന് ഉള്‍ക്കൊണ്ട് മാനസിക പിന്തുണ നല്‍കുക.