ആല്‍ക്കഹോള്‍ ചേര്‍ന്ന ഔഷധക്കൂട്ടുകളുടെ ദുരുപയോഗം തടയുന്നതിനായി കേന്ദ്ര സർക്കാർ 'ഡ്രഗ്‌സ് റൂൾസ് 1945 ഭേദഗതി ചെയ്തു. 2026 ജൂലൈയിലെ പുതിയ ഭേദഗതി പ്രകാരം  12 ശതമാനത്തിലധികം ഈഥൈൽ ആൽക്കഹോൾ അടങ്ങിയിട്ടുള്ളതും 30 മില്ലിലീറ്ററിൽ കൂടുതൽ അളവിലുള്ള കുപ്പികളിൽ വിൽക്കുന്നതുമായ എല്ലാ ഓറൽ മരുന്നുകളെയും ഷെഡ്യൂൾ H1' (Schedule H1) വിഭാഗത്തിലേക്ക് മാറ്റി. ഗസറ്റ് ഓഫ് ഇന്ത്യയിൽ പ്രസിദ്ധീകരിച്ച ഈ ഭേദഗതിയോടെ ഇത്തരം മരുന്നുകൾ വിതരണം ചെയ്യുന്നതിനും കുറിപ്പടി നൽകുന്നതിനും കർശനമായ വ്യവസ്ഥകൾ ബാധകമാകും.

ചുമയ്ക്കുള്ള ചില മരുന്നുകൾ, ടോണിക്കുകൾ, ഉയർന്ന അളവില്‍ ആല്‍ക്കഹോള്‍  ചേര്‍ന്ന  മറ്റ് മരുന്നുകൾ എന്നിവ ഡോക്ടറുടെ കുറിപ്പടിയില്ലാതെയും മതിയായ നിയന്ത്രണങ്ങളില്ലാതെയും വിൽക്കുന്നത് വ്യാപകമായ ദുരുപയോഗത്തിന് കാരണമാകുന്നുവെന്ന ആശങ്കയെത്തുടർന്നാണ് പുതിയ തീരുമാനം. മരുന്നുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അനാവശ്യമായ ഉപയോഗം കുറയ്ക്കുന്നതിനുമായാണ് സർക്കാർ ഈ നടപടി സ്വീകരിച്ചത്.

എന്താണ് ഷെഡ്യൂൾ എച്ച് വണ്‍ കാറ്റഗറി മരുന്നുകള്‍?

2013-ൽ കൊണ്ടുവന്ന ഒരു വിഭാഗമാണിത്. സാധാരണ മരുന്നുകളെ അപേക്ഷിച്ച് കൂടുതൽ നിരീക്ഷണം ആവശ്യമുള്ള മരുന്നുകളെയാണ് ഷെഡ്യൂള്‍ H1 വിഭാഗത്തില്‍ ഉൾപ്പെടുത്തുന്നത്. ഇത്തരം മരുന്നുകള്‍ക്ക് ചില നിയന്ത്രണങ്ങള്‍ ബാധകമാണ്: 

1. റജിസ്റ്റർ ചെയ്ത ഒരു മെഡിക്കൽ പ്രാക്ടീഷണറുടെ സാധുവായ കുറിപ്പടിയില്ലാതെ ഇവ വിൽക്കാൻ പാടില്ല

2. ഇത്തരം മരുന്നുകൾ വിൽക്കുന്ന വിവരം ഫാർമസികൾ പ്രത്യേകം റജിസ്റ്ററിൽ രേഖപ്പെടുത്തണം

3. ഡോക്ടറുടെ കുറിപ്പടിയും വിൽപന സംബന്ധിച്ച രേഖകളും കുറഞ്ഞത് മൂന്ന് വർഷമെങ്കിലും ഫാർമസികൾ സൂക്ഷിക്കണം

4. മരുന്നിന്‍റെ പാക്കറ്റിൽ മുന്നറിയിപ്പ് നൽകണം

രോഗികൾക്ക് ഇത് എങ്ങനെ ബാധകമാകും?

ഈ മരുന്നുകൾ നിരോധിക്കുകയോ സുരക്ഷിതമല്ലെന്ന് പ്രഖ്യാപിക്കുകയോ അല്ല സർക്കാർ ചെയ്തിരിക്കുന്നത്. മറിച്ച് അത്തരം മരുന്നുകൾ ഡോക്ടറുടെ കൃത്യമായ മേൽനോട്ടത്തിൽ മാത്രം ഉപയോഗിക്കുമെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. രോഗികൾക്ക് ഈ മരുന്നുകൾ ഡോക്ടറുടെ കുറിപ്പടിയുമായി ഫാർമസിയിൽ നിന്ന് വാങ്ങാം. എന്നാല്‍ ഇത്തരം മരുന്നുകൾ മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്. കൂടാതെ ഈ മരുന്നുകൾ കഴിക്കുമ്പോൾ മദ്യപാനവും ഒഴിവാക്കേണ്ടതാണ്. കാരണം ഇത് മയക്കമടക്കം  പാർശ്വഫലങ്ങൾക്ക് കാരണമാകാം. തുടക്കത്തിൽ മൂന്നാം തലമുറയിലെയും നാലാം തലമുറയിലെയും ചില ആന്റിബയോട്ടിക്കുകൾ, ലഹരിക്ക് കാരണമായേക്കാവുന്ന ചില മരുന്നുകൾ,  ക്ഷയരോഗത്തിനുള്ള (anti-TB) മരുന്നുകൾ എന്നിവയായിരുന്നു ഷെഡ്യൂൾ H1-ൽ ഉണ്ടായിരുന്നത്. ഇതിനുപുറമെ, സമീപകാലത്തായി പ്രെഗബാലിൻ  പോലുള്ള മരുന്നുകളും ഇതിൽ ഉൾപ്പെടുത്തിയിരുന്നു.

പുതിയ ഭേദഗതിയില്‍ എന്തുകൊണ്ട് കഫ് സിറപ്പുകള്‍?

ചുമയ്ക്കുള്ള മരുന്നുകളിലും ടോണിക്കുകളിലും ഈഥൈൽ ആൽക്കഹോൾ ലായകമായോ പ്രിസർവേറ്റീവായോ ഉപയോഗിക്കാറുണ്ട്. നേരത്തെ ഷെഡ്യൂൾ K പ്രകാരം ഇളവുകൾ ലഭിച്ചിരുന്ന, കാർഡമം, ഇഞ്ചി എന്നിവയുടെ ടിഞ്ചറുകൾ പോലുള്ള സുഗന്ധമുള്ള ഔഷധക്കൂട്ടുകളും (ചിലതിൽ 80-90% വരെ ഈഥൈൽ ആൽക്കഹോൾ അടങ്ങിയിട്ടുണ്ട്) ഇപ്പോൾ ഈ നിയന്ത്രണ പരിധിയിൽ വരുന്നു. ഉയർന്ന അളവിൽ മദ്യാംശമുള്ള ഇത്തരം മരുന്നുകൾ എളുപ്പത്തിൽ ലഭ്യമാകുന്നതുകൊണ്ട് അവ ലഹരിക്കുവേണ്ടി ദുരുപയോഗം ചെയ്യപ്പെടുന്നത് വ്യാപകമായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ മരുന്നുകൾ ഡോക്ടറുടെ നിർദ്ദേശമില്ലാതെ വിൽക്കുന്നത് തടയുന്നതിലൂടെ മരുന്നുകളുടെ അനാവശ്യമായ ഉപയോഗം കുറയ്ക്കാനും രോഗികൾക്ക് സുരക്ഷിതമായ ചികിത്സ ഉറപ്പാക്കാനും ഔഷധ വിതരണത്തിലെ ഉത്തരവാദിത്തം വർദ്ധിപ്പിക്കാനും സർക്കാർ ലക്ഷ്യമിടുന്നു. ഈ മരുന്നുകൾ വിൽക്കുന്നതിന് നിർമാതാക്കൾ ഇനി മുതൽ 1940-ലെ ഡ്രഗ്‌സ് ആൻഡ് കോസ്മെറ്റിക്സ് ആക്ട് പ്രകാരം പ്രത്യേക ഡ്രഗ് ലൈസൻസ് എടുക്കേണ്ടതുണ്ട്.

ഡി.ടി.എ.ബി  പോലുള്ള ഔഷധ സാങ്കേതിക ഉപദേശക സമിതികളുടെ ശുപാർശ പ്രകാരമാണ് സർക്കാർ ഈ മരുന്നുകളെ നിയന്ത്രിത വിഭാഗമായ ഷെഡ്യൂൾ H1-ലേക്ക് മാറ്റിയത്. ചുരുക്കത്തിൽ ഈ നടപടി രോഗികളുടെ ചികിത്സാ സൗകര്യത്തെ ബാധിക്കാതെ മരുന്നുകളുടെ ദുരുപയോഗം തടയാനും പൊതുജനാരോഗ്യം സംരക്ഷിക്കാനുമുള്ള സർക്കാരിന്റെ നീക്കമാണ്.

നിബന്ധനകള്‍ പാലിച്ചില്ലെങ്കില്‍

നിബന്ധനകൾ പാലിക്കാതെ ഷെഡ്യൂൾ H1 മരുന്നുകൾ വിൽക്കുന്നതോ, സംഭരിക്കുന്നതോ, വിതരണം ചെയ്യുന്നതോ കുറ്റകരമാണ്. നിയമലംഘനങ്ങൾ നടത്തുന്നവർക്ക് പിഴയ്‌ക്കൊപ്പം തടവുശിക്ഷയും ലഭിക്കാം.ആവർത്തിച്ചുള്ളതോ മനഃപൂർവമുള്ളതോ ആയ ലംഘനങ്ങൾക്ക് കോടതികൾ കൂടുതൽ കർശനമായ ശിക്ഷകൾ വിധിച്ചേക്കാം. സംസ്ഥാന ഡ്രഗ് ഇൻസ്പെക്ടർമാർക്കാണ് ഈ നിയമം നടപ്പിലാക്കുന്നതിന്റെ ചുമതല. അവർക്ക് ഫാർമസികളിൽ പരിശോധന നടത്താനും, നിയമങ്ങൾ പാലിക്കാത്ത മരുന്നുകൾ പിടിച്ചെടുക്കാനും, കുറിപ്പടിയോ രേഖകളോ സൂക്ഷിക്കാത്ത ഫാർമസികൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കാനും അധികാരമുണ്ട്. ഇത്തരം ലംഘനങ്ങൾ ഉണ്ടായാൽ ഫാർമസികളുടെ റീട്ടെയിൽ അല്ലെങ്കിൽ ഹോൾസെയിൽ ഡ്രഗ് ലൈസൻസ് താൽക്കാലികമായി റദ്ദുചെയ്യാനും ലൈസൻസിങ് അതോറിറ്റിക്ക് സാധിക്കും.

New Regulations for Alcohol-Based Medicines:

Alcohol based medicines will now face stricter regulations following an amendment to the Drugs Rules, 1945. This change aims to prevent the misuse of certain over-the-counter medications that contain significant amounts of ethyl alcohol