TOPICS COVERED

കാഴ്ചകള്‍ മങ്ങിയാല്‍ കണ്ണട ഇല്ലാതെ പറ്റില്ല. വായന, ഡ്രൈവിങ്, അല്ലെങ്കിൽ ആളുകളെ തിരിച്ചറിയൽ എന്നിങ്ങനെയുള്ള ദൈനംദിന പ്രവർത്തനങ്ങള്‍ക്ക് പലര്‍ക്കും കണ്ണടകള്‍ ആവശ്യമായി വരും. മയോപിയ (സമീപ കാഴ്ചക്കുറവ്), ഹൈപ്പറോപിയ (ദൂരക്കാഴ്ച), ആസ്റ്റിഗ്മാറ്റിസം അല്ലെങ്കിൽ പ്രെസ്ബയോപിയ (അടുത്ത കാഴ്ചയിൽ പ്രായവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ട്) പോലുള്ള അവസ്ഥകളുള്ളവർക്ക് കണ്ണടകള്‍ ഒഴിവാക്കാനാകാത്തതാണ്. എന്നാല്‍ തെറ്റായ കാഴ്ചകള്‍ സമ്മാനിക്കുന്ന കണ്ണടകള്‍ എപ്പോഴും ഗുണത്തെക്കാളേറെ ദൂഷ്യം ചെയ്യും. അനുയോജ്യമല്ലാത്ത ലെൻസുകൾ ഉപയോഗിക്കുമ്പോൾ നിരവധി പാർശ്വഫലങ്ങള്‍ക്ക് ഇടയാക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

 

തെറ്റായ കണ്ണട ധരിക്കുന്നതിന്‍റെ അനന്തരഫലങ്ങൾ:

ദൂരക്കാഴ്ചയ്ക്കും  വ്യക്തതയ്ക്കും  രണ്ടു കണ്ണുകള്‍ക്കു തുല്യശേഷിയാണ് ഉണ്ടാകേണ്ടത് .  തെറ്റായ കണ്ണടകളുടെ ഉപയോഗം  കാഴ്ചയെ തന്നെ  തകരാറിലാക്കും. ഇത് ദൂരക്കാഴ്ചയെ  തകരാറിലാക്കും. മാത്രമല്ല ഇത് വസ്തുക്കളുടെ  തെറ്റായ വിവേചനത്തിലേക്ക് നയിച്ചേക്കാം. തലവേദന, അസ്തെനോപിക്, കണ്ണിന് സമ്മര്‍ദം എന്നിവയ്ക്കും  ഇത് ഇടയാക്കും. അനുയോജ്യമല്ലാത്ത കണ്ണടകളുടെ ഉപയോഗം  ഏകാഗ്രതക്കുറവ് . തൊഴില്‍ ഏകോപനത്തിലെ വീഴ്ച, ക്ഷോഭം എന്നിവയ്ക്കെല്ലാം ഇടയാക്കും. മാത്രമല്ല അത് കാഴ്ചശക്തി കുറയ്ക്കുകയും ചെയ്യും. കണ്ണടകൾ നേരിട്ട് കാഴ്ച വൈകല്യത്തിന് കാരണമാകുന്നില്ലെങ്കിലും തുടർച്ചയായി കണ്ണുകളിൽ ഉണ്ടാകുന്ന ആയാസം കാഴ്ചശക്തി കുറയാൻ ഇടയാക്കും. 

1. കണ്ണിന് ആയാസം: കണ്ണടകള്‍ ശരിയല്ലെങ്കില്‍ കാഴ്ചകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ കൂടുതൽ കഠിനമായി പ്രവർത്തിക്കാൻ കണ്ണുകള്‍ പ്രേരിപ്പിക്കപ്പെടും. ഇത് ക്ഷീണത്തിനും അസ്വസ്ഥതയ്ക്കും കാരണമാകുന്നു.

2. തലവേദന : തെറ്റായ ഗ്ലാസുകളുടെ ദീർഘനേരമുള്ള ഉപയോഗം കണ്ണിലെ പേശികളിലെ തുടർച്ചയായ ആയാസത്തിന് ഇടയാക്കും. ഇതുണ്ടാക്കുന്ന സമ്മര്‍ദം തലവേദനയ്ക്ക് കാരണമാകും.

3. മങ്ങിയതോ വികലമായതോ ആയ കാഴ്ച:  തെറ്റായ കണ്ണട ധരിക്കുന്നുമൂലമുള്ള മങ്ങല്‍ കാഴ്ചകളെ വികലമാക്കും.

4. തലകറക്കം അല്ലെങ്കിൽ ഓക്കാനം: ചില ആളുകള്‍ക്ക് തെറ്റായ കണ്ണടകൾ മൂലം കാഴ്ച വികലമാകുമ്പോൾ തലകറക്കമോ അസന്തുലിതാവസ്ഥയോ അനുഭവപ്പെടാനും ഇടയുണ്ട്.

ഗുരുതരമായ പ്രത്യാഘാതങ്ങള്‍: 

കണ്ണുകളുടെയും തലച്ചോറിന്‍റെയും ഏകോപനം ഒരു സങ്കീർണ്ണമായ ജോലിയാണ്. അനുയോജ്യമല്ലാത്ത കണ്ണട ഈ ഏകോപനത്തിന് തടസ്സങ്ങള്‍ സൃഷ്ടിച്ചേക്കാം.  മുതിർന്നവരിൽ ഈ തടസ്സം മിക്കവാറും താൽക്കാലികമാണെങ്കില്‍ കുട്ടികൾ ശാശ്വതമായ പ്രത്യാഘാതങ്ങൾക്ക് സാധ്യതയുണ്ട്. പ്രത്യേകിച്ചും ജീവിതത്തിന്‍റെ ആദ്യ കുറച്ച് വർഷങ്ങളിൽ തെറ്റായ കണ്ണട ധരിച്ചാൽ ചെറിയ കുട്ടികളിൽ സ്ഥിരമായ കാഴ്ച കുറയുന്നതിന് ഇടയാക്കും. 

നിങ്ങൾ തെറ്റായ കണ്ണട ധരിച്ചിട്ടുണ്ടോ? എങ്ങനെ തിരിച്ചറിയാം: 

വസ്തുക്കളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി അമിത സമ്മര്‍ദം, മെച്ചമായി കാണുന്നതിന് ഇടയ്ക്കിടെ കണ്ണടയ്ക്കുന്നത് പതിവ്,  തലവേദന, പ്രത്യേകിച്ച് ദൃശ്യപരമായ ജോലികളിൽ ഏർപ്പെട്ടതിന് ശേഷം എന്നിങ്ങനെയുണ്ടെങ്കില്‍ നിങ്ങളുടെ കണ്ണട മാറ്റേണ്ട സമയമായി. ദൈനംദിന ജീവിതത്തില്‍  വ്യക്തതയും ആശ്വാസവും ഉറപ്പാക്കുന്നതിന് വ്യക്തമായ കാഴ്ച നിർണായകമാണ്. അപ്പോ പിന്നെ മങ്ങിയ കാഴ്ചകള്‍ കണ്ട് മടുക്കേണ്ട. ശരിയായ കണ്ണടകള്‍ തിരഞ്ഞെടുത്തോളൂ.

ENGLISH SUMMARY:

Wrong eyeglasses can lead to various health issues if used for prolonged periods. Using the wrong glasses will affect the vision directly and can result in severe problems such as headaches, eye strain, and blurred vision