hair-medicine

TOPICS COVERED

അസൂയയ്ക്കും കഷണ്ടിക്കും മരുന്നില്ലെന്നാണ് പണ്ടുമുതലേ പറയാറ്. കഷണ്ടി പലരെയും കുഴക്കുന്ന വലിയൊരു പ്രശ്നവുമാണ്. എന്നാല്‍ അസൂയയുടെ കാര്യം ഉറപ്പില്ലെങ്കിലും കഷണ്ടിക്ക് മരുന്നുണ്ടെന്നാണ് പുതിയ പഠനം പറയുന്നത്.  സന്ധിവാത ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ഒരു മരുന്ന് കഷണ്ടിക്ക് കാരണമാകുന്ന അലോപേഷ്യ അരീറ്റ ബാധിച്ചവരിൽ മുടി വളരാൻ സഹായിക്കുന്നതായി പുതിയ പഠനം. ‘ഉപഡാസിറ്റിനിബ്’ (Upadacitinib) എന്ന വീക്കം തടയുന്ന മരുന്നാണ് ഗവേഷകർ അലോപേഷ്യ അരീറ്റ ബാധിച്ചവരിൽ പരീക്ഷിച്ചത്.

പ്രതിരോധവ്യവസ്ഥ തെറ്റായി മുടിയുടെ വേരുകളെ ആക്രമിക്കുന്നതിനെ തുടർന്നാണ് അലോപേഷ്യ അരീറ്റ ഉണ്ടാകുന്നത്. മുടിയുടെ വേരുകൾക്ക് സ്ഥിരമായ കേടുപാടുകൾ സംഭവിക്കാത്തതിനാൽ, ഈ പ്രതിരോധ ആക്രമണം തടയാൻ കഴിഞ്ഞാൽ മുടി വീണ്ടും വളരാൻ സാധ്യതയുണ്ട്. എന്നാൽ നിലവിലുള്ള ചികിത്സകൾ എല്ലാവരിലും ഒരുപോലെ ഫലപ്രദമല്ല. കൗമാരക്കാർ ഉൾപ്പെടെയുള്ള ചില രോഗികൾക്ക് ചികിത്സാ മാർഗങ്ങളും പരിമിതമാണ്.

കടുത്ത മുടികൊഴിച്ചിൽ നേരിടുന്നവരിൽ രണ്ട് ഘട്ടങ്ങളിലായാണ് ഗവേഷകർ ക്ലിനിക്കൽ ട്രയൽ നടത്തിയത്. 12 മുതൽ 64 വയസ്സ് വരെ പ്രായമുള്ള 1,399 പേരാണ് പരീക്ഷണങ്ങളിൽ പങ്കെടുത്തത്. ഇതിൽ 118 കൗമാരക്കാരും ഉൾപ്പെടുന്നു. പങ്കെടുത്ത എല്ലാവരുടെയും തലയോട്ടിയിലെ പകുതിയിലധികം മുടിയും കൊഴിഞ്ഞുപോയിരുന്നു. പങ്കെടുത്തവർക്ക് 24 ആഴ്ചത്തേക്ക് ദിവസവും ഓരോ ഗുളിക വീതം നൽകി. ചിലർക്ക് 15 മില്ലിഗ്രാം ഉപഡാസിറ്റിനിബും ചിലർക്ക് 30 മില്ലിഗ്രാമും മറ്റൊരു വിഭാഗത്തിന് പ്ലാസിബോയും നൽകി. മുടികൊഴിച്ചിലിന്റെ തീവ്രതയും മുടി വീണ്ടും വളരുന്നതും അളക്കാൻ ‘സെവേരിറ്റി ഓഫ് അലോപേഷ്യ ടൂൾ’ (SALT) സ്കോറാണ് ഉപയോഗിച്ചത്.

SALT സ്കോർ 20 അല്ലെങ്കിൽ അതിൽ താഴെയെത്തിയാൽ തലയോട്ടിയിൽ കുറഞ്ഞത് 80 ശതമാനം മുടിയെങ്കിലും തിരിച്ചുവന്നതായി കണക്കാക്കാം. പ്ലാസിബോ സ്വീകരിച്ചവരെ അപേക്ഷിച്ച് ഉപഡാസിറ്റിനിബ് കഴിച്ചവരിൽ മികച്ച ഫലമാണ് കണ്ടത്. രണ്ട് പരീക്ഷണങ്ങളിലായി 15 മില്ലിഗ്രാം മരുന്ന് കഴിച്ചവരിൽ 44.6 ശതമാനവും 45.2 ശതമാനവും ഈ ലക്ഷ്യം കൈവരിച്ചു. 30 മില്ലിഗ്രാം കഴിച്ചവരിൽ ഇത് യഥാക്രമം 54.3 ശതമാനവും 55 ശതമാനവുമായി ഉയർന്നു. അതേസമയം, പ്ലാസിബോ സ്വീകരിച്ചവരിൽ 1.5 ശതമാനവും 3.4 ശതമാനവും പേർക്ക് മാത്രമാണ് സമാനമായ ഫലം ലഭിച്ചത്.

എട്ട് ആഴ്ചയ്ക്കുള്ളിൽ ഫലം

മരുന്നിന്‍റെ ഫലം താരതമ്യേന വേഗത്തിൽ തന്നെ പ്രകടമായതായും പഠനം പറയുന്നു. ചികിത്സ ആരംഭിച്ച് എട്ട് ആഴ്ചയ്ക്കുള്ളിൽ ഉപഡാസിറ്റിനിബ് സ്വീകരിച്ചവരും പ്ലാസിബോ സ്വീകരിച്ചവരും തമ്മിൽ വ്യക്തമായ വ്യത്യാസം ഗവേഷകർ കണ്ടെത്തി. പരീക്ഷണത്തിൽ പങ്കെടുത്ത ചിലരിൽ പൂർണമായ തോതിൽ മുടിവളർച്ചയും ഉണ്ടായി. മരുന്നിന്‍റെ ഡോസിനെയും പരീക്ഷണ ഘട്ടത്തെയും ആശ്രയിച്ച് ഉപഡാസിറ്റിനിബ് കഴിച്ച 13 മുതൽ 22.5 ശതമാനം വരെ ആളുകൾക്ക് തലയോട്ടിയിലെ മുടി പൂർണമായും തിരിച്ചുകിട്ടി. മുടിയുടെ വേരുകൾക്കെതിരെയുള്ള പ്രതിരോധവ്യവസ്ഥയുടെ ആക്രമണത്തിന് കാരണമാകുന്ന ചില പ്രതിരോധ സിഗ്നലുകളെ തടഞ്ഞാണ് മരുന്ന് പ്രവർത്തിക്കുന്നത്. മരുന്ന് സ്വീകരിച്ച രോഗികൾ ജീവിതനിലവാരത്തിലും പുരോഗതിയുണ്ടായതായി അറിയിച്ചു.

എന്നാൽ പഠനഫലങ്ങളെ ജാഗ്രതയോടെ കാണണമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. പരീക്ഷണങ്ങൾ 24 ആഴ്ച മാത്രമാണ് നീണ്ടത്. അതിനാൽ അലോപേഷ്യ അരീറ്റ ബാധിച്ചവരിൽ ഉപഡാസിറ്റിനിബിന്റെ ദീർഘകാല ഫലവും സുരക്ഷിതത്വവും വ്യക്തമാകാൻ കൂടുതൽ പഠനങ്ങൾ ആവശ്യമാണ്. മരുന്ന് നിർമിക്കുന്ന ‘ആബ്വി’ (AbbVie) തന്നെയാണ് പരീക്ഷണങ്ങൾക്ക് ഫണ്ട് നൽകുകയും പഠനം രൂപകൽപ്പന ചെയ്യുകയും ചെയ്തത്. ഗവേഷകരിൽ ചിലർ കമ്പനിയിലെ ജീവനക്കാരുമാണ്. പഠനം സ്വതന്ത്രമായ സമഗ്രപരിശോധനയ്ക്ക് വിധേയമായിട്ടുണ്ടെങ്കിലും നിലവിലുള്ള അലോപേഷ്യ ചികിത്സകളുമായും പ്ലാസിബോയുമായും ഉപഡാസിറ്റിനിബിനെ താരതമ്യം ചെയ്തുള്ള കൂടുതൽ ഗവേഷണം ആവശ്യമാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എന്തായാലും  കഷണ്ടി മൂലം ആത്മവിശ്വാസം നഷ്ടപ്പെടുന്നവർക്ക് പ്രതീക്ഷ നൽകുന്നതാണ് പുതിയ പഠനഫലം.

New Drug Shows Promise for Hair Loss in Alopecia Areata:

New hair growth medicine offers hope for alopecia areata patients, with a study showing positive results for the drug Upadacitinib. This arthritis medication, designed to reduce inflammation, has demonstrated significant hair regrowth in individuals affected by this autoimmune condition