MEN-WOMAN

TOPICS COVERED

‘ഭാര്യയോടൊപ്പം ഉറങ്ങുമ്പോൾ പുരുഷന്മാർ ഏറ്റവും ശാന്തരും സുരക്ഷിതരും ആകുന്നുവെന്ന്  പഠനങ്ങൾ പറയുന്നു’ കഴിഞ്ഞ ദിവസങ്ങളിൽ ട്രോൾ മീമുകളും വീഡിയോകളുമായി  മാറിയ ഒരു പത്രവാർത്ത ആയിരുന്നു ഇത്. ആരാണ് ഈ പഠനം ഒക്കെ നടത്തുന്നത്, ഇതൊക്കെ ശരിയാണോ എന്നതൊക്കെ ആയിരുന്നു അതിലെ കമന്റുകൾ. വളരെ പെട്ടെന്ന് വൈറലായ ഈ വാർത്തയ്ക്ക് പിന്നിൽ എന്തെങ്കിലും സത്യാവസ്ഥയുണ്ടോ? 

ഉണ്ടെന്ന് തന്നെയാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. പുരുഷന്മാർ പലപ്പോഴും പങ്കാളിയുടെ അരികിൽ നന്നായി ഉറങ്ങുന്നവരാണ്. ഇതിന് കാരണവും ഉണ്ട്. അടുത്ത ശാരീരിക സമ്പർക്കം ഉണ്ടാകുമ്പോൾ, ശരീരം ഓക്സിടോസിൻ പുറത്തുവിടുന്നു - 'ലവ് ഹോർമോൺ" എന്ന് വിളിക്കപ്പെടുന്ന ഓക്സിടോസിൻ, സമ്മർദ്ദത്തിന്റെ അളവ് കുറയ്ക്കുകയും ഹൃദയമിടിപ്പ് കുറയ്ക്കുകയും ആഴത്തിലുള്ള വിശ്രമം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു, ഇത് ഉറക്കം എളുപ്പമാക്കുന്നു.

സോഷ്യൽ ആൻഡ് പേഴ്‌സണൽ റിലേഷൻഷിപ്പുകളുടെ ജേണലിൽ നടത്തിയ ഗവേഷണത്തിൽ, പങ്കാളിയുമായി ഒരുമിച്ച് ഉറങ്ങുന്നത് സുരക്ഷിതത്വത്തിന്റെ വികാരങ്ങൾ വർദ്ധിപ്പിക്കുമെന്നും രാത്രികാല സമ്മർദ്ദം കുറയ്ക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്, പ്രത്യേകിച്ച് പുരുഷന്മാർക്ക്. വൈകാരിക അടുപ്പവും ശാരീരിക സാന്നിധ്യവും ഉത്തേജനത്തിന്റെ അളവ് കുറയ്ക്കാൻ സഹായിച്ചേക്കാം, ഇത് കൂടുതൽ സുസ്ഥിരമായ ഉറക്കത്തിലേക്ക് നയിക്കുന്നു. 

അതേസമയം സ്ത്രീകളുടെ ഉറക്കവുമായി ബന്ധപ്പെട്ട ഒരു രസകരമായ പഠനം ന്യൂയോർക്കിലെ കാനിസിയസ് കോളേജിൽ നടത്തിയിട്ടുണ്ട്. പുരുഷന്മാർക്ക് അവരുടെ പങ്കാളികളുടെ അരികിലാണ് നല്ല ഉറക്കം കിട്ടുന്നന്തെങ്കിൽ പല സ്ത്രീകൾക്കും അവരുടെ നായ്ക്കളുടെ അരികിൽ ഉറങ്ങാനാണ്  ഇഷ്ട്ടം. നായ്ക്കളിൽ നിന്നും സ്ത്രീകൾക്ക് കൂടുതൽ സുരക്ഷിതത്വം അനുഭവപ്പെടുന്നതാണ് ഇതിന് കാരണം. മാത്രമല്ല നായ്ക്കൾ സ്ഥിരമായ ഉറക്ക ഷെഡ്യൂളുകൾ പിന്തുടരുന്നവരാണ്. അതിനാൽ തന്നെ ഉറക്കത്തിനിടയിൽ നമ്മൾ മനുഷ്യൻമാർ ഉണ്ടാക്കുന്ന പോലത്തെ  ചലനങ്ങൾ ഒന്നും നായ്ക്കളിൽ നിന്ന് ഉണ്ടാവില്ല. 

മനുഷ്യരോടോ വളർത്തുമൃഗങ്ങളോ ആരോട് ആയാലും വൈകാരിക ബന്ധങ്ങൾക്ക് ഉറക്കത്തിന്റെ ഗുണനിലവാരത്തെ നേരിട്ട് സ്വാധീനിക്കാൻ കഴിയുമെന്നാണ് ഈ കണ്ടെത്തലുകൾ കാണിക്കുന്നത്. 

ENGLISH SUMMARY:

Men feel more relaxed and secure when sleeping with their wives, according to studies. This is attributed to the release of oxytocin, the 'love hormone', which reduces stress and promotes deep relaxation, facilitating better sleep.