Representative Image Credit: Bhanu Prakash Chandra
സ്ത്രീകളിലെ ആര്‍ത്തവ വിരാമവും അതിനോട് അനുബന്ധിച്ചുണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകളും സജീവ ചര്‍ച്ചയാകാറുണ്ട്. എന്നാല്‍ പുരുഷന്‍മാരും ഹോര്‍മോണ്‍ വ്യത്യാസങ്ങളുടെ ഫലമായി സമാനമായ ശാരീരിക മാനസിക അവസ്ഥകളിലൂടെ കടന്നു പോകുന്നുണ്ടെന്നും ഇത് തിരിച്ചറിയാത്തതിനാല്‍ പലരും കാര്യമറിയാതെ ബുദ്ധിമുട്ടുകയാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു. സ്ത്രീകളില്‍ ആര്‍ത്തവം നിലയ്ക്കുന്നതോടെ ആര്‍ത്തവിരാമത്തെ കുറിച്ചുള്ള പ്രകടമായ സൂചനകള്‍ ലഭിക്കും. എന്നാല്‍ പുരുഷന്‍മാരില്‍ ഇത് വളരെ സാവധാനത്തിലാണ് സംഭവിക്കുകയെന്നും പുറമേക്ക് അത്ര വേഗത്തില്‍ കണ്ടെത്തുക പ്രയാസമാണെന്നും ഗവേഷകര്‍ പറയുന്നു. പുരുഷന്‍മാരിലെ ശാരീരിക മാറ്റങ്ങളെ കുറിച്ചുള്ള ബോധവല്‍ക്കരണം അത്യന്താപേക്ഷിതമാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
എന്താണ് പുരുഷന്‍മാരിലെ ആര്‍ത്തവ വിരാമം?
ആന്‍ഡ്രോപോസ് എന്നാണ് വൈദ്യശാസ്ത്രം ഇതിനെ വിളിക്കുന്നത്. ശരീരത്തിലെ ആന്‍ഡ്രജന്‍ (പ്രത്യേകിച്ചും ടെസ്റ്റോസ്റ്റിറോണിന്‍റ) അളവ് കുറയുന്നതിനൊപ്പം ലൈംഗിക താല്‍പര്യം കുറയുന്നതും മറ്റ് മാനസിക ബുദ്ധിമുട്ടുകള്‍ ആരംഭിക്കുന്നതുമാണ് ആന്‍ഡ്രോപോസ്. 40കഴിഞ്ഞ പുരുഷന്‍മാരിലെ മാറ്റങ്ങള്‍ സാധാരണയായി 'സമ്മര്‍ദ്ദ'മെന്ന ലേബലില്‍ മാത്രമാണ് സമൂഹം കാണുന്നത്. 40 വയസിനും 60 വയസിനുമിടയിലാണ് ആന്‍ഡ്രോപോസ് സംഭവിക്കുക. തുടക്കത്തില്‍ സമ്മര്‍ദമെന്നും പ്രായമാകുന്നതിന്‍റേതാണെന്നും പറഞ്ഞ് ആളുകള്‍ ഇതിനെ ഗൗനിക്കാറില്ല.
ആന്‍ഡ്രോപോസിന്‍റെ ലക്ഷണങ്ങള്‍ ഇതാ..
മുപ്പത് വയസ് കഴിയുന്നതോടെ പുരുഷന്‍മാരിലെ ടെസ്റ്റോസ്റ്റിറോണിന്‍റെ അളവ് പ്രതിവര്‍ഷം ഒരു ശതമാനം വീതം കുറയുമെന്നാണ് 2023 ലെ ക്ലിനിക്കല്‍ എന്‍ഡോക്രൈനോളജി ആന്‍റ് മെറ്റബോളിസം എന്ന മാസികയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. ഉന്‍മേഷക്കുറവും അടിക്കടിയുള്ള മൂഡ്സ്വിങ്സിലൂടെയുമാകും ഇത് പ്രകടമാകുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹൈപ്പര്‍ടെന്‍ഷന്‍, ഹൃദ്രോഗം, ഉറക്കക്കുറവ് തുടങ്ങിയവയും ടെസ്റ്റോസ്റ്റിറോണിന്‍റെ അളവ് ക്രമാതീതമായി കുറയുന്നതോടെ വരാമെന്നും ഗവേഷകര്‍ പറയുന്നു. മദ്യപാനം, പുകവലി, ശരിയല്ലാത്ത ഭക്ഷണക്രമം, സമ്മര്‍ദം, ഉറക്കക്കുറവ് എന്നിവയുള്ളവരില്‍ ഇതോടെ ജീവിതശൈലി രോഗങ്ങള്‍ക്ക് സാധ്യതയേറെയാണെന്നും പഠനം മുന്നറിയിപ്പ് നല്‍കുന്നു.
പരിഹാരമെന്ത്?
ആദ്യം ജീവിതശൈലി ക്രമപ്പെടുത്തണമെന്നാണ് ഗവേഷകര്‍ പറയുന്നത്. ആരോഗ്യകരമായ ഭക്ഷണശീലവും പതിവ് വ്യായാമവും (പ്രത്യേകിച്ച് റെസിസ്റ്റന്‍സ് ട്രെയിനിങ്)ഉറക്കവും അത്യന്താപേക്ഷിതമാണ്. 40 വയസിന് മുകളിലുള്ളവര്‍ ക്ഷീണമോ, മൂഡ് സ്വിങ്സോ, ഉദ്ധാരണശേഷിക്കുറവോ അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഡോക്ടറെ കാണാന്‍ മടിക്കരുതെന്നും ആവശ്യമായ പരിശോധനകളും തുടര്‍പരിശോധനകളും നടത്തണമെന്നും ഗവേഷകര്‍ നിര്‍ദേശിക്കുന്നു. ആവശ്യമെങ്കില്‍ ടെസ്റ്റോസ്റ്റിറോണ്‍ റീപ്ലെയ്സ്മെന്‍റ് തെറപ്പി ഡോക്ടറുടെ നിര്‍ദേശപ്രകാരം എടുക്കാം.