താടി ഇരുന്താ ആർക്കാടാ പ്രചനോം...തുടരും സിനിമയിലെ ഈ ഡയലോഗ് ഓർമയില്ലേ? ...താടി ഇരുന്നാൽ ആര്‍ക്കും പ്രശ്നമില്ല. നന്നായി നോക്കിയില്ലെങ്കിൽ അവനവന് തന്നെയാണ് പ്രശ്നം. കാരണം വാഷിംഗ്ടൺ പോസ്റ്റ് അടുത്തിടെ പുറത്തിറക്കിയ ഒരു റിപ്പോർട്ടിലുള്ള വിവരങ്ങള്‍ താടിപ്രേമികളെ ഞെട്ടിക്കുന്നതാണ്.
ടോയ്‌ലറ്റിലുള്ളതിനെക്കാൾ കൂടുതൽ ബാക്ടീരിയകൾ ആളുകളുടെ താടിയിൽ ഉണ്ടെന്നാണ് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ടിൽ പറയുന്നത്. ഇത് പലതരത്തിലുള്ള അണുബാധകൾക്ക് ഈ താടി കാരണമാകുന്നു. താടിക്ക് താഴെയുള്ള ചർമ്മം വളരെ സെൻസിറ്റീവാണ്. ഭക്ഷണ അവശിഷ്ടങ്ങളും എണ്ണമയവും ഇവിടെ അടിഞ്ഞുകൂടാന്‍ വളരെ ഏളുപ്പമാണ്. ഇത് ചർമത്തില്‍ ഫംഗസ്, ബാക്ടീരിയ എന്നിവ വളരാന്‍ കാരണമാവുകയും ചെയ്യും.
ലെസ്റ്റർ സർവകലാശാലയിലെ ക്ലിനിക്കൽ മൈക്രോബയോളജി വിഭാഗത്തിലെ സീനിയർ ലക്ചററായ പ്രിംറോസ് ഫ്രീസ്റ്റോൺ പറയുന്നതനുസരിച്ച്, താടി, ഒരു ചൂടുള്ളതും ഈർപ്പമുള്ളതുമായ അന്തരീക്ഷം സൃഷ്ടിക്കുന്നുണ്ട്. ഇത് സൂക്ഷ്മജീവികൾക്ക് വളരാൻ പറ്റിയ സാഹചര്യം ഒരുക്കി കൊടുക്കുന്നു. അതുകൊണ്ട് തന്നെ പുരുഷന്മാര്‍ താടിയുടെകാര്യത്തില്‍ അതീവശ്രദ്ധ പുലര്‍ത്തണമെന്നാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം.
നല്ലതുപോലെ കഴുകിയാല്‍ പോലും താടിയില്‍ ബാക്ടീരിയകളുടെ സാന്നിധ്യം നിലനില്‍ക്കുന്നതായി പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. നായയുടെ രോമങ്ങളില്‍ കാണപ്പെടുന്നതിനെക്കാള്‍ കൂടുതൽ സൂക്ഷ്മാണുക്കൾ മിക്ക പുരുഷന്മാരുടെയും താടിയിൽ കടന്നുകൂടിയിട്ടുണ്ടെന്നാണ് മറ്റൊരു പഠനം ചൂണ്ടികാട്ടുന്നത്. അതിൽ ശരീരത്തിന് ദോഷകരമാക്കുന്ന ബാക്ടീരിയകളുടെ സാന്നിധ്യം വളരെ കൂടുതലാണ്.
എന്നാല്‍ ചില പഠനങ്ങള്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി ഇത്രയേറെ പ്രശ്നങ്ങള്‍ താടിക്കില്ലെന്നും പറയുന്നുണ്ട്. താടിയുള്ളവരുടെയും ഇല്ലാത്തവരുടെയും മുഖത്തുള്ള ബാക്ടീരിയ സാന്നിധ്യത്തില്‍ കാര്യമായ വ്യത്യാസമൊന്നുമില്ലെന്നാണ് ഈ പഠനങ്ങള്‍ പറയുന്നത്. എന്തൊയാലും താടി നല്ലതുപോലെ സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. വൃത്തിയാക്കാത്ത താടി ചിലപ്പോൾ ചുണങ്ങ് പോലുള്ള ചര്‍മരോഗങ്ങള്‍ക്കും കാരണമാകും. അപൂർവ സന്ദർഭങ്ങളിൽ പേനുകൾ പോലും പ്രത്യക്ഷപ്പെടാം.
എന്താണ് ഇതിനൊരു പരിഹാരം?
വിദഗ്ധർ പറയുന്നതനുസരിച്ച്, താടിയും മുഖവും ദിവസവും കഴുകി വൃത്തിയാക്കുക എന്നതാണ് ഇതിനുള്ള പരിഹാരം. ഇത് അഴുക്ക്, എണ്ണകൾ, മൃതകോശങ്ങള്‍ എന്നിവ നീക്കം ചെയ്യാനും സൂക്ഷ്മജീവികളുടെ വളർച്ച തടയാനും സഹായിക്കും. താടി വല്ലാതെ വരണ്ടുണങ്ങുന്നത് തടയാൻ മോയ്‌സ്ചറൈസിംഗ് ചെയ്യുക. ചീപ്പുപയോഗിച്ച് താടിയില്‍ അടിഞ്ഞുകൂടുന്ന അഴുക്കും പൊടിയും നീക്കം ചെയ്യാം. നിങ്ങളുടെ താടിയുടെ ആരോഗ്യം, നിങ്ങൾ അതിനെ എത്ര നന്നായി പരിപാലിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. ദൈനംദിന ശുചിത്വവും ശരിയായ പരിചരണവുമുണ്ടെങ്കിൽ താടിക്ക് അപകടസാധ്യത കുറവാണെന്ന് മാത്രമല്ല, നമ്മൾ കരുതിയിരുന്നതിനേക്കാൾ ആരോഗ്യകരവുമാകാം.