19 വര്‍ഷമായി മക്കളില്ലാതെ വിഷമിച്ചിരുന്ന ദമ്പതികളെ ഗര്‍ഭം ധരിക്കാന്‍ എഐ സഹായിച്ചെന്ന് വെളിപ്പെടുത്തി ഡോക്ടര്‍മാര്‍. കൊളംബിയ സര്‍വകലാശാലയിലെ ഫെര്‍ട്ടിലിറ്റി സെന്‍ററിലെ ഡോക്ടര്‍മാരാണ് വൈദ്യശാസ്ത്രരംഗത്ത് വിപ്ലവം സൃഷ്ടിച്ചേക്കാവുന്ന വാര്‍ത്ത പുറത്തുവിട്ടത്. എഐ അടിസ്ഥാനമാക്കിയുള്ള 'സ്റ്റാര്‍' (സ്പേം ട്രാക്കിങ് ആന്‍റ് റിക്കവറി)പ്രക്രിയയാണ് ഗര്‍ഭിണിയാകാന്‍ സ്ത്രീയെ സഹായിച്ചത്. പുരുഷ വന്ധ്യതയുടെ ചികില്‍സയില്‍ നിര്‍ണായക വഴിത്തിരിവാണിതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പ്രത്യേകിച്ചും ആരോഗ്യകരമായ ബീജങ്ങളെ തിരിച്ചറിയാനും അസൂസ്പെര്‍മിയ എന്ന അവസ്ഥയുള്ളവര്‍ക്കും 'സ്റ്റാര്‍' പ്രയോജനപ്പെടുത്താമെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്.
എന്താണ് അസൂസ്പെര്‍മിയ? ഒരു ബീജം പോലുമില്ലാതെ സ്ഖലനം സംഭവിക്കുന്ന അവസ്ഥയാണ് അസൂപെര്‍മിയ. പുരുഷ വന്ധ്യതയുടെ പ്രധാന കാരണവും ഇതാണ്. ബീജം പുറത്തേക്ക് വരാത്ത അവസ്ഥയില്‍ സ്വാഭാവികമായ ഗര്‍ഭധാരണം ഏറെക്കുറെ അസാധ്യവുമാണ്. ഇത്തരം ബുദ്ധിമുട്ടുകള്‍ ഉള്ളവര്‍ക്ക് സന്താനങ്ങള്‍ ഉണ്ടാകില്ലെന്ന പ്രതിസന്ധിക്ക് ഇതോടെ പരിഹാരമാകുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
അസൂസ്പെര്‍മിയ തന്നെ പലവിധമുണ്ട്. ഒബ്സ്ട്രക്ടീവ് അസൂസ്പെര്‍മിയ: സ്ഖലനം സംഭവിക്കുന്നതിനിടെ ബീജങ്ങള്‍ പുറത്തേക്ക് എത്തുന്നത് തടസപ്പെടുന്ന അവസ്ഥയാണിത്. അണുബാധ, ശസ്ത്രക്രിയ, ജന്‍മനാലുള്ള വൈകല്യങ്ങള്‍ എന്നിവ ഒബ്സ്ട്രക്ടീവ് അസൂപെര്‍മിയയ്ക്ക് കാരണമാകും. നോണ്‍ ഒബ്സ്ട്രക്ടീവ് അസൂപെര്‍മിയ: ജനിതക കാരണങ്ങളെ തുടര്‍ന്നോ, ഹോര്‍മോണുകളിലെ ഏറ്റക്കുറച്ചില്‍ കാരണമോ മറ്റ് ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്നോ ബീജോല്‍പാദനം നടക്കാതിരിക്കുന്ന ശാരീരികാവസ്ഥയാണിത്.
നിരവധി ഘടകങ്ങളാണ് അസൂസ്പെര്‍മിയയ്ക്ക് ഇടയാക്കുന്നത്. ജനിതക ഘടകങ്ങളാണ് ഇതില്‍ പ്രധാനം. ക്ലിന്‍ഫെല്‍റ്റര്‍ പോലെയുള്ള വൈകല്യങ്ങള്‍ ബീജോല്‍പാദനത്തെ തന്നെ ബാധിക്കും. ടെസ്റ്റോറ്റിറോണിന്‍റെ കുറവും ബീജോല്‍പാദനം കുറയാനിടയാക്കിയേക്കും. വൃഷണത്തെ ബാധിക്കുന്ന അണുബാധകള്‍, ജനനേന്ദ്രിയവുമായി ബന്ധപ്പെട്ട് നടത്തിയ ശസ്ത്രക്രിയകള്‍ എന്നിവയും ബീജോല്‍പാദനത്തെ ബാധിക്കാം.
എഐ എങ്ങനെയാണ് അസൂസ്പെര്‍മിയയെ പ്രതിരോധിക്കുന്നത്?
ശുക്ലത്തിന്‍റെ സാംപിളുകള്‍ ശേഖരിക്കുകയാണ് പ്രക്രിയയിലെ ആദ്യ പടി. സാംപിളുകളില്‍ നിന്നും മണിക്കൂറില്‍ എട്ട് മില്യണെന്ന കണക്കില്‍ എഐ ചിത്രങ്ങള്‍ വേര്‍തിരിക്കും. ഈ ചിത്രങ്ങള്‍ എഐ അല്‍ഗരിതം വഴി വിശകലനം നടത്തിയ ശേഷം ഗര്‍ഭധാരണത്തിന് സഹായിക്കുന്ന ബീജങ്ങളെ വേര്‍തിരിച്ചെടുക്കും. ഇതുപയോഗിച്ച് സംയോജനം നടത്തിയതോടെയാണ് ഗര്‍ഭധാരണം വിജയകരമായത്. വന്ധ്യതാ ചികില്‍സയില്‍ എഐ ഉപയോഗിക്കുന്നതോടെ കൃത്യതയും കാര്യക്ഷമതയും കൈവരിക്കാന്‍ കഴിയുമെന്നും ഇത് വിജയനിരക്ക് വര്‍ധിപ്പിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതേസമയം, സ്റ്റാര്‍ സംവിധാനം ഇപ്പോഴും പരീക്ഷണഘട്ടത്തില്‍ തന്നെയാമെന്നും വിശദമായ പഠനങ്ങള്‍ നിരീക്ഷണങ്ങളും ആവശ്യമാണെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു.