AI Generated Image

സ്ഥിരമായ ക്ഷീണം, അസ്ഥി വേദന, ബലഹീനത, മൂഡ് സ്വിങ്സ് തുടങ്ങിയവ അലട്ടുന്ന ആളാണോ? നിങ്ങളുടെ ലൈംഗിക ജീവതത്തെ തകര്‍ക്കാന്‍ കാരണമാകുന്നൊരു പ്രശ്നം നിങ്ങള്‍ നേരിടുന്നുണ്ടാകാം. വിറ്റാമിന്‍ ഡിയുടെ കുറവിന്‍റെ പ്രധാന ലക്ഷണങ്ങളാണ് മുകളില്‍ പറഞ്ഞത്. ഇതിനൊപ്പം വിറ്റാമിന്‍ ഡി കുറഞ്ഞവരില്‍ ഉദ്ധാരണക്കുറവും ബാധിക്കാമെന്ന് പുതിയ പഠനം ചൂണ്ടിക്കാട്ടുന്നത്. 

ബ്രിട്ടീഷ് ജേണൽ ഓഫ് ഫാർമക്കോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് വിറ്റാമിന്‍ ഡിയും ഉദ്ധാരണകുറവും തമ്മിലുള്ള ബന്ധം പറയുന്നത്. വിറ്റാമിന്‍ ഡി അസ്ഥികളുടെയും രോഗ പ്രതിരോധ സംവിധാനങ്ങളുടെയും ആരോഗ്യത്തെ മാത്രമല്ല, ലൈംഗികശേഷിയെയും ബാധിക്കാമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്.  

പഠനത്തിനായി മനുഷ്യരുടെയും ലബോറട്ടി മൃഗങ്ങളുടെയും പെനൈൽ കോശമാണ് ഗവേഷകര്‍ വിശകലനം ചെയ്തത്. വിറ്റാമിൻ ഡി കുറവുള്ള എലികളുടെ ഉദ്ധാരണ കോശങ്ങളില്‍ 40 ശതമാനം കൂടുതൽ കൊളാജൻ കണ്ടെത്തി. ഇത് കോശത്തെ കൂടുതൽ കടുപ്പമുള്ളതാക്കുകയും ഉദ്ധാരണത്തിന് കാരണമാകുന്ന സിഗ്നലുകളോട് പ്രതികരിക്കാതിരിക്കുകയും ചെയ്യുന്ന ഫൈബ്രോസിസിന്റെ ലക്ഷണമാണെന്നാണ് പഠനം പറയുന്നത്. മനുഷ്യരില്‍ വ്യത്യസ്ത അളവില്‍ വിറ്റാമിന്‍ ഡിയുള്ള അവയവദാതാക്കളുടെ പെനൈൽ കോശങ്ങളാണ് പരിശോധിച്ചത്. ഹൈഡ്രോവിറ്റാമിന്‍ ഡി 25 ലെവലിന് താഴെയുള്ളവരില്‍ നാഡി ഉത്തേജനം ദുര്‍ബലവും ലിംഗത്തിലെ രക്തക്കുഴലുകളുടെ പ്രവര്‍ത്തനം കുറയുന്നതും കണ്ടെത്തി. 

രക്തയോട്ടം കുറയുക, നാഡികൾക്ക് കേടുപാടുകൾ സംഭവിക്കുക, മാനസിക സമ്മർദ്ദം ഉണ്ടാകുക, അല്ലെങ്കിൽ ഹൃദ്രോഗം, പ്രമേഹം എന്നിവ കാരണമാണ് സാധാരണയായി ഉദ്ധാരണകുറവ് ഉണ്ടാകുന്നത്. ലൈംഗിക ബന്ധത്തിന് ആവശ്യമായ ഉദ്ധാരണം ഉണ്ടാവാതിരിക്കുന്ന അവസ്ഥയാണിത്. ഇന്ത്യയില്‍ 30 വയസിന് താഴെ പ്രായമുള്ളവരില്‍ 100 ല്‍ ഇരുപത് പേരും ഈ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നാണ് പഠനം. 

ENGLISH SUMMARY:

A new study reveals a surprising link between vitamin D deficiency and erectile dysfunction (ED). Individuals suffering from persistent fatigue, bone pain, weakness, and mood swings might also be at risk of reduced sexual performance. The research highlights that a lack of vitamin D could significantly impact sexual health, particularly in men. Addressing this deficiency may help improve both general well-being and intimate life.