Image: Meta AI

തെറ്റായ ഭക്ഷണക്രമം ശീലമാക്കിയ എട്ടുവയസുകാരന്‍റെ കാഴ്ചശക്തി നഷ്ടമായെന്ന് റിപ്പോര്‍ട്ട്. മലേഷ്യക്കാരനായ രണ്ടാംക്ലാസുകാരന്‍റെ കാഴ്ച നഷ്ടമായ വിവരം സ്കൂള്‍ അധികൃതര്‍ നടത്തിയ പരിശോധനയിലാണ്  കണ്ടെത്തിയത്. 'ഒന്നും കാണുന്നില്ലെ'ന്ന് കുട്ടി പരാതി പറഞ്ഞതോടെയാണ് ടീച്ചര്‍ അധികൃതരെ വിവരം അറിയിച്ചതും ഉടനടി ഡോക്ടറെ കാണിച്ചതും. പരിശോധനയില്‍ വൈറ്റമിന്‍ എയുടെ അഭാവം കുട്ടിയുടെ കാഴ്ചശക്തി തകരാറിലാക്കിയതായി കണ്ടെത്തുകയായിരുന്നു. ഭക്ഷണം കഴിക്കാന്‍ തുടങ്ങിയത് മുതല്‍ ചിക്കന്‍ നഗറ്റ്സും, സോസേജുകളും, ബിസ്കറ്റും മാത്രമാണ് കുട്ടിക്ക് മാതാപിതാക്കള്‍ നല്‍കിയിരുന്നത്.

സോസേജ് (AP)

മലേഷ്യയില്‍ നിന്നുള്ള ഡോക്ടറായ എര്‍ന നാദിയയാണ് ഞെട്ടിക്കുന്ന ഈ വാര്‍ത്ത സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. കുട്ടികളുടെ ഭക്ഷണത്തില്‍ കൃത്യമായ ശ്രദ്ധ വേണമെന്നും കുട്ടികളില്‍ കണ്ണിന് വരള്‍ച്ചയോ, കണ്ണിന്‍റെ വെള്ളയില്‍ ചാര നിറത്തിലെ പൊട്ടുകളോ, കണ്ണീര്‍ വരാത്ത സ്ഥിതിയോ, വര്‍ണാന്ധതയോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടണമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

പ്രതീകാത്മക ചിത്രം.

കണ്ണിനെ കാക്കാന്‍ വേണം വിറ്റാമിന്‍ എ

കണ്ണിന്‍റെ ആരോഗ്യം നിലനിര്‍ത്തുന്നതിനും കാഴ്ചശക്തിക്കും വൈറ്റമിന്‍ എ അത്യന്താപേക്ഷിതമാണ്. വൈറ്റമിന്‍ എയുടെ അളവ് കുറയുമ്പോള്‍ നിറങ്ങളെ തിരിച്ചറിയാന്‍ സഹായിക്കുന്ന കോശങ്ങളുടെ പ്രവര്‍ത്തനം നിലയ്ക്കുമെന്നും ഇത് വര്‍ണാന്ധതയ്ക്ക് കാരണമാകുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. നേത്രപടലത്തിനും കോര്‍ണിയയ്ക്കും എല്ലാം വൈറ്റമിന്‍ എ ആവശ്യമാണ്. ഇതിന്‍റെ അഭാവം കണ്ണിന്‍റെ വരള്‍ച്ചയ്ക്ക് കാരണമാകുകയും ചെയ്യും.

വൈറ്റമിന്‍ എയുടെ അഭാവത്തെ തുടര്‍ന്ന് രണ്ടര ലക്ഷം മുതല്‍ അഞ്ച് ലക്ഷം  വരെ കുട്ടികള്‍ അന്ധരായി മാറുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്.  ഇതില്‍ പകുതി കുട്ടികളും കാഴ്ച നഷ്ടമായി ഒരു വര്‍ഷത്തിനുള്ളില്‍ മരണമടയുന്നുവെന്നുമുള്ളതാണ് ഞെട്ടിക്കുന്ന വസ്തുത. 

കണ്ണിലെ നാഡികള്‍ തകരാറിലാകുന്നതിന്‍റെ ഭാഗമായി കാഴ്ച നഷ്ടമാകുന്ന അവസ്ഥയെയാണ് ഒപ്റ്റിക് ന്യൂറോപതി എന്ന് പറയുന്നത്. കണ്ണില്‍ നിന്നുള്ള വിവരങ്ങള്‍ തലച്ചോറിലേക്ക് കൈമാറുന്നതില്‍ സുപ്രധാന പങ്കാണ് കണ്ണിലെ നാഡികള്‍ വഹിക്കുന്നത്. വേദനയുണ്ടാവില്ലെന്നതിനാല്‍ തന്നെ രോഗം പിടിപെട്ടാല്‍ ആദ്യഘട്ടത്തില്‍ തിരിച്ചറിയുക അല്‍പം പ്രയാസമാണ്. എന്നാല്‍ കൃത്യസമയത്ത് കണ്ടെത്തിയാല്‍ ചികില്‍സിച്ച് ഭേദമാക്കാന്‍ കഴിയുമെന്നും അല്ലെങ്കില്‍ അതിവേഗം കാഴ്ച നശിക്കുമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.

വിറ്റാമിന്‍ എ ശരീരത്തിലെത്താന്‍ എന്തെല്ലാം കഴിക്കണം?

ചീര, കാരറ്റ്, മാങ്ങ, പാല്‍, ആപ്രിക്കോട്ട്, മീന്‍, ചിക്കന്‍,മുട്ട, മധുരക്കിഴങ്ങ് എന്നിവയില്‍ വേണ്ടുവോളം വൈറ്റമിന്‍ എ അടങ്ങിയിട്ടുണ്ട്.  ഭക്ഷണം തീരെ കഴിക്കാത്ത കുട്ടികളിലും ചില ഭക്ഷണം മാത്രമായി കഴിക്കുന്ന കുട്ടികളിലും പോഷകാഹാരക്കുറവ് ഉണ്ടാകാനുള്ള സാധ്യതയേറെയാണെന്നും ശ്രദ്ധ വേണമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

ENGLISH SUMMARY:

An eight-year-old in Malaysia lost vision due to a poor diet lacking Vitamin A. The child's condition was discovered after complaining of sight issues at school, revealing the impact of an imbalanced diet.