പോൺ കാണുന്ന ശീലം യഥാർത്ഥത്തില്‍ ഒരു അഡിക്ഷൻ ആണോ?. ഈ വിഷയത്തിൽ ഗവേഷകർക്കും ലൈംഗികാരോഗ്യ വിദഗ്ദ്ധർക്കും ഇടയിൽ ഇന്നും ഭിന്നത നിലനിൽക്കുന്നു. 'ദി കൺവേർസേഷൻ' (The Conversation) പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഇക്കാര്യത്തില്‍ പുതിയ കണ്ടെത്തലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഓസ്‌ട്രേലിയയിൽ കഴിഞ്ഞ വർഷം നടന്ന ഒരു പഠനത്തിൽ പുരുഷന്മാരിൽ 76 ശതമാനവും സ്ത്രീകളിൽ 41 ശതമാനവും പോൺ കാണുന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 15-20 വയസ്സ് പ്രായമുള്ളവരിൽ 54 ശതമാനം യുവാക്കളും ഏഴ് യുവതികളിൽ ഒരാളും ആഴ്ചതോറും പോൺ ഉപഭോഗം നടത്തുന്നവരാണ്.

 

ഒരു വ്യക്തിയുടെയോ ചുറ്റുമുള്ളവരുടെയോ ജീവിതത്തെ തടസ്സപ്പെടുത്തുന്ന തരത്തിൽ അമിതമായ പോൺ ഉപഭോഗത്തെ സൂചിപ്പിക്കാൻ  പോൺ അഡിക്ഷൻ എന്ന പദം ഉപയോഗിക്കുന്നത് നിങ്ങൾ കേട്ടിരിക്കാം. എന്നാൽ പോൺ യഥാർത്ഥത്തിൽ ആസക്തി ഉളവാക്കുന്നതാണോ? 2025-ൽ നടത്തിയ ഒരു പഠനം ആളുകളുടെ മാനസിക, വൈകാരിക, ശാരീരിക ആരോഗ്യത്തിൽ പോൺ ചെലുത്തുന്ന സ്വാധീനം പരിശോധിച്ചു. അത് വഴി ഇത്തരം ചെയ്തികൾ പൊതുവെ ദോഷകരമല്ലെന്ന് അവർ നിരീക്ഷിച്ചിരുന്നു. എന്നാൽ, അത്തരം വിഡിയോകളിൽ എന്താണ് ചിത്രീകരിക്കുന്നത്, ആരാണ് അവ കാണുന്നത്, എങ്ങനെ അതിനെ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ച് ആളുകളെ അത് വത്യസ്തമായി ബാധിക്കുമെന്ന് പറയുന്നു. 

 

അതായത്, ഒരു വ്യക്തിയുടെ ദൈനംദിന ജീവിതത്തെ തടസ്സപ്പെടുത്തുന്ന രീതിയിൽ പോൺ ഉപയോഗം മാറുന്നുണ്ടെങ്കിൽ അതൊരു പ്രശ്നമാണ്.   'Problematic Porn Use' എന്നാണ് വിദഗ്ദ്ധർ ഈ അവസ്ഥയെ വിളിക്കുന്നത്. നിരന്തരം ശ്രമിച്ചിട്ടും ആത്മനിയന്ത്രണം കിട്ടാത്തതും, അതിന്റെ ഫലമായി പ്രതികൂല ഫലങ്ങൾ അനുഭവിക്കുന്നതുമാണ് ഇത് സൂചിപ്പിക്കുന്നത്. 

 

എന്നാൽ, ഡ്രഗ്സ് അല്ലെങ്കിൽ മദ്യം കഴിക്കുമ്പോൾ തലച്ചോറിലെ ഡോപാമൈൻ അളവിലുണ്ടാകുന്ന പെട്ടെന്നുള്ള വ്യതിയാനങ്ങളും നാഡീവ്യൂഹത്തിലുണ്ടാകുന്ന മാറ്റങ്ങളും പോൺ കാണുമ്പോൾ സമാനമായ രീതിയിൽ സംഭവിക്കുന്നില്ല എന്നാണ് ഒരു വിഭാഗം ന്യൂറോ സയന്റിസ്റ്റുകൾ ചൂണ്ടിക്കാണിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ രോഗവർഗ്ഗീകരണ മാനദണ്ഡങ്ങൾ പ്രകാരം ഇതിനെ 'കംപൾസീവ് സെക്ഷ്വൽ ബിഹേവിയർ ഡിസോർഡർ' അഥവാ നിയന്ത്രിക്കാനാകാത്ത ലൈംഗിക സ്വഭാവവൈകല്യമായാണ് കണക്കാക്കുന്നത്. അല്ലാതെ മദ്യത്തിനോ മയക്കുമരുന്നിനോ അടിമപ്പെടുന്നതുപോലെയുള്ള ഒരു അഡിക്ഷനായി ഔദ്യോഗികമായി തരംതിരിച്ചിട്ടില്ല. 

 

പോൺ ഉപയോഗം മൂലം ജീവിതത്തിലും ജോലിയിലും ബന്ധങ്ങളിലും പ്രയാസങ്ങൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ പോലും, അതിന്റെ പ്രധാന കാരണം പലപ്പോഴും പോൺ മാത്രമല്ല, വ്യക്തികൾ നേരിടുന്ന വിഷാദം, ഉത്കണ്ഠ, ഒറ്റപ്പെടൽ, അല്ലെങ്കിൽ സ്വന്തം മതപരമായ കാഴ്ചപ്പാടുകളിൽ നിന്നുണ്ടാകുന്ന കുറ്റബോധം എന്നിവയായിരിക്കാമെന്ന് പഠനങ്ങൾ പറയുന്നു. 

 

അതിനാൽ, ഇത് അഡിക്ഷനാണോ അല്ലയോ എന്ന് തർക്കിക്കുന്നതിനേക്കാൾ, ഈ ശീലം കാരണം ഒരാളുടെ വ്യക്തിജീവിതത്തിലോ സമാധാനത്തിലോ തടസ്സങ്ങളുണ്ടാകുന്നുണ്ടെങ്കിൽ പ്രഫഷനൽ കൗൺസിലിംഗിലൂടെയോ തെറപ്പിയിലൂടെയോ മാനസികസമ്മർദ്ദം കുറയ്ക്കുകയും ലക്ഷണങ്ങൾക്ക് കൃത്യമായ പരിഹാരം കണ്ടെത്തുകയുമാണ് വേണ്ടത്.

ENGLISH SUMMARY:

Problematic porn use is a complex issue debated among researchers and sexual health experts. While not officially classified as an addiction like drugs or alcohol by the WHO, it can significantly disrupt an individual's life, leading to distress and requiring professional intervention.