വർഷത്തിൽ മിക്ക ദിവസവും സൂര്യപ്രകാശം ലഭിക്കുന്ന നമ്മുടെ രാജ്യത്ത് 90 ശതമാനത്തോളം ആളുകൾക്ക് വൈറ്റമിൻ ഡിയുടെ കുറവുണ്ടെന്നതാണ് ആരോഗ്യരംഗത്തെ വലിയ വിരോധാഭാസങ്ങളിലൊന്ന്. ചർമത്തിൽ സൂര്യപ്രകാശം ഏൽക്കുമ്പോൾ ശരീരത്തിന് സ്വാഭാവികമായി ഉത്പാദിപ്പിക്കാൻ കഴിയുന്നതാണ് സൺഷൈൻ വൈറ്റമിൻ എന്നറിയപ്പെടുന്ന വൈറ്റമിൻ ഡി. എന്നിട്ടും ഇന്ത്യയിൽ വൈറ്റമിൻ ഡിയുടെ അപര്യാപ്തത മൂലം ബുദ്ധിമുട്ടുകയാണ് പ്രായഭേദമെന്യേ ഭൂരിഭാഗം ജനങ്ങളും.

അസ്ഥികളുടെ ആരോഗ്യം, പേശികളുടെ ശക്തി, പ്രതിരോധശേഷി, മാനസികാരോഗ്യ നിയന്ത്രണം എന്നിവ നിലനിർത്തുന്നതിൽ വൈറ്റമിൻ ഡി നിർണായക പങ്ക് വഹിക്കുന്നു. അതിനാൽ തന്നെ വൈറ്റമിൻ ഡിയുടെ കുറവ് ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. ആധുനിക ഇന്ത്യൻ ജീവിതശൈലിയിൽ നമ്മൾ പലപ്പോഴും ഓഫീസുകൾ, എയർ കണ്ടീഷൻ ചെയ്ത സ്ഥലങ്ങൾ, വീടുകൾ അല്ലെങ്കിൽ കാറുകൾ എന്നിവയ്ക്കുള്ളിൽ സമയം ചെലവഴിക്കുകയാണ്. ഇനി പുറത്തേക്ക് ഇറങ്ങിയാലും സൺസ്ക്രീൻ, കുട, ശരീരം മുഴുവനായി മൂടുന്ന വസ്ത്രങ്ങൾ, മലിനീകരണം എന്നിവയെല്ലാം ചർമത്തിലെത്തുന്ന അൾട്രാവയലറ്റ് ബി (UVB) വികിരണത്തിന്റെ അളവ് കുറയ്ക്കും. തൽഫലമായി, വെയിൽ കൂടുതലുള്ള ദിവസങ്ങളിൽ പോലും വൈറ്റമിൻ ഡി ഉത്പാദിപ്പിക്കാനുള്ള ശരീരത്തിന്റെ കഴിവ് കുറയുന്നു.

ചർമത്തിന്റെ നിറവും ഇതിൽ പ്രധാനമാണ്. ഇന്ത്യക്കാർക്ക് പൊതുവെ ഇരുണ്ട ചർമനിറമായിരിക്കും. അതിൽ മെലാനിൻ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്നു. മെലാനിൻ ദോഷകരമായ അൾട്രാവയലറ്റ് വികിരണങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്നുണ്ട്. പക്ഷേ, ആവശ്യമായ വൈറ്റമിൻ ഡി ഉത്പാദിപ്പിക്കപ്പെടാൻ നമ്മൾ കൂടുതൽ സമയം സൂര്യപ്രകാശം ഏൽക്കേണ്ടി വന്നേക്കാം.

ലക്ഷണങ്ങൾ വ്യക്തമായി പ്രകടമാകാത്തത് മൂലം വൈറ്റമിൻ ഡിയുടെ കുറവ് പലപ്പോഴും അവഗണിക്കപ്പെടുന്നുണ്ട്. ഈ കുറവ് ചിലപ്പോൾ നിരന്തരമായ ക്ഷീണം, പേശി ബലഹീനത, ശരീരവേദന, നടുവേദന, കുറഞ്ഞ ഊർജനില, പതിവ് അണുബാധകൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കാം. ഈ ലക്ഷണങ്ങൾ സാധാരണമായതിനാലും പല വ്യത്യസ്ത അവസ്ഥകളുമായി ബന്ധപ്പെട്ടിരിക്കാമെന്നതിനാലും ആളുകൾ പലപ്പോഴും അവയെ അവഗണിക്കുന്നു. എന്നാൽ കാലക്രമേണ ഇത് കൂടുതൽ ഗുരുതരമാകുമ്പോഴാണ് പലരും കാരണം കണ്ടെത്തുന്നത്.

ഭക്ഷണക്രമം വഴി വൈറ്റമിൻ ഡിയുടെ കുറവ് നികത്താൻ കഴിയുമോ എന്നത് പലപ്പോഴും ഉയരുന്ന ചോദ്യമാണ്. എന്നാൽ അത് സാധിക്കില്ല എന്നതാണ് വിദഗ്ധരുടെ അഭിപ്രായം. മുട്ടയുടെ മഞ്ഞക്കരു, കൊഴുപ്പുള്ള മത്സ്യം, പോഷകസമൃദ്ധമായ പാൽ, കൂൺ തുടങ്ങിയ ഭക്ഷണങ്ങളിൽ വൈറ്റമിൻ ഡി അടങ്ങിയിട്ടുണ്ട്. എന്നാൽ അത് ചെറിയ അളവിൽ മാത്രമാണ്.

അതേസമയം, ശരിയായ പരിശോധനയോ ഡോക്ടറുടെ മാർഗനിർദേശമോ ഇല്ലാതെ ഉയർന്ന അളവിലുള്ള വൈറ്റമിൻ ഡി സപ്ലിമെന്റുകൾ കഴിക്കാനും പാടില്ല. ഒരാൾക്ക് രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ, രക്തപരിശോധനയിലൂടെ മാത്രമേ സപ്ലിമെന്റുകൾ ആവശ്യമുണ്ടോ എന്നും എത്ര അളവിൽ ആവശ്യമാണെന്നും പറയാൻ കഴിയൂ. നല്ല ആരോഗ്യത്തിലേക്കുള്ള കുറുക്കുവഴിയായിട്ടല്ല, മറിച്ച് മെഡിക്കൽ മാർഗനിർദേശപ്രകാരമാണ് സപ്ലിമെന്റുകൾ കഴിക്കേണ്ടത്.

ENGLISH SUMMARY:

Vitamin D deficiency in India is a widespread paradox, despite abundant sunshine. This common deficiency impacts bone health, muscle strength, immunity, and mental well-being, often exacerbated by modern lifestyles and darker skin tones.