പൊരിഞ്ഞ ചൂടില്‍ എസിക്ക് കീഴെനിന്ന് മാറാന്‍ ആഗ്രഹിക്കാത്ത ആളാണോ നിങ്ങള്‍? എങ്കില്‍ കൃത്രിമ ശീതീകരണത്തില്‍ മറഞ്ഞിരിക്കുന്ന ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കണം. അവയില്‍ നിന്ന് എങ്ങനെ സ്വയം സംരക്ഷിക്കാമെന്ന ജാഗ്രതയും അത്യാവശ്യമാണ്.
രാജ്യത്തുടനീളം ഉഷ്ണതരംഗം ആഞ്ഞടിക്കുമ്പോൾ നഗരജീവിതത്തിന്‍റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായി എയർ കണ്ടീഷണറുകൾ മാറിയിരിക്കുകയാണ്. ശീതീകരിച്ച ഓഫീസ് മുറികളില്‍ നിന്ന് തണുപ്പുള്ള കാറുകളിലേക്കും, ഒടുവിൽ എയർ കണ്ടീഷൻ ചെയ്ത കിടപ്പുമുറികളിലേക്കും മാറുന്ന ദശലക്ഷക്കണക്കിന് ആളുകൾ. ഒരു ദിവസം ഏകദേശം 20 മണിക്കൂറിലധികം അവര്‍ കൃത്രിമമായി തണുപ്പിച്ച അന്തരീക്ഷത്തിലാണ് ചിലവഴിക്കുന്നത്. പൊള്ളുന്ന ചൂടിൽ നിന്നുള്ള ഈ രക്ഷപ്പെടൽ താൽക്കാലിക ആശ്വാസം നൽകുന്നുണ്ടെങ്കിലും, എസിയിലുള്ള ഈ അമിത ആശ്രിതത്വം നമ്മുടെ ശാരീരിക ആരോഗ്യത്തെ നിശബ്ദമായി അപകടത്തിലാക്കുന്നുണ്ടെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ആശങ്കാജനകമായ കണക്കുകളാണ് ഈ വിഷയത്തില്‍ പുറത്തുവരുന്നത്.
'വാട്ടർ, എയർ ആൻഡ് സോയിൽ പൊല്യൂഷൻ' (Water, Air and Soil Pollution) ജേണലിൽ പ്രസിദ്ധീകരിച്ച പഠനങ്ങൾ വ്യക്തമാക്കുന്നത് പ്രകരം ഉഷ്ണതരംഗത്തെ നേരിടുമ്പോൾ നാം സ്വീകരിക്കുന്ന മാർഗ്ഗങ്ങൾ ശാസ്ത്രീയമായിരിക്കണം. കൂടുതൽ സമയം എസിയിൽ ചിലവഴിക്കുന്നവർക്ക് സ്വാഭാവിക വായുസഞ്ചാരമുള്ള ഇടങ്ങളിൽ കഴിയുന്നവരേക്കാൾ 50 ശതമാനം അധികം ശ്വസന സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുന്നു എന്നതിലേക്കാണ് പഠനം വിരല്‍ ചൂണ്ടുന്നത്. കൂടാതെ, 'ഇന്റർനാഷണൽ ജേണൽ ഓഫ് എപ്പിഡെമിയോളജി' (International Journal of Epidemiology) പുറത്തുവിട്ട പഠനമനുസരിച്ച് സെൻട്രലൈസ്ഡ് എസി ഉപയോഗിക്കുന്ന കെട്ടിടങ്ങളിൽ കഴിയുന്നവർക്ക് "സിക്ക് ബിൽഡിങ് സിൻഡ്രോം" (SBS - ഒരു പ്രത്യേക കെട്ടിടത്തിൽ ചിലവഴിക്കുന്ന സമയത്ത് അനുഭവപ്പെടുന്ന ശാരീരിക അസ്വസ്ഥതകൾ) ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.
കൃത്രിമ തണുപ്പില്‍ മറഞ്ഞിരിക്കുന്ന 5 ആരോഗ്യ പ്രശ്നങ്ങൾ:
1. രോഗകാരികളുടെ പ്രഭവകേന്ദ്രം
എയർ കണ്ടീഷനിങ് യൂണിറ്റുകൾ, പ്രത്യേകിച്ച് സെൻട്രലൈസ്ഡ് കൂളിങ് സംവിധാനങ്ങൾ വൻതോതിൽ ഈർപ്പം കെട്ടിക്കിടക്കുന്ന ഇടങ്ങളാണ്. ചൂടുള്ള വായു കൂളിങ് കോയിലുകളിലൂടെ കടന്നുപോകുമ്പോൾ ഘനീഭവിക്കുകയും വെള്ളത്തുള്ളികൾ ഉണ്ടാവുകയും ചെയ്യുന്നു. എസി കൃത്യമായി പരിപാലിച്ചില്ലെങ്കിൽ ഈ ഈർപ്പം ബാക്ടീരിയകൾക്കും പൂപ്പലുകൾക്കും വളരാനുള്ള മികച്ച ഇടമൊരുക്കുന്നു.
'ഇന്റർനാഷണൽ ജേണൽ ഓഫ് അനലിറ്റിക്കൽ സയൻസസ്' പ്രകാരമുള്ള ഒരു പഠനം പ്രകാരം എസി ഡക്ടുകളിലും കൂളിങ് ടവറുകളിലും കെട്ടിക്കിടക്കുന്ന വെള്ളത്തിൽ 'ലീജിയോണല്ല' (Legionella) എന്ന ബാക്ടീരിയ അതിവേഗം വളരുന്നു. എസി പ്രവർത്തിപ്പിക്കുമ്പോൾ ഈ രോഗകാരികൾ വായുവിൽ കലരുകയും ശ്വസനത്തിലൂടെ ഉള്ളിലെത്തുകയും ചെയ്യുന്നു. ഇത് അതീവ ഗുരുതരമായ 'ലീജിയണയർ ഡിസീസ്' (Legionnaires' disease - ഒരു തരം ന്യൂമോണിയ) എന്ന അവസ്ഥയ്ക്ക് കാരണമായേക്കാം. ഇതിനുപുറമെ, വൃത്തിഹീനമായ വെന്റുകളിലൂടെ പുറത്തുവരുന്ന പൂപ്പൽ ബീജങ്ങൾ (Mould spores) വിട്ടുമാറാത്ത അലർജിക്കും സൈനസ് അണുബാധയ്ക്കും കാരണമാകുന്നു. പലപ്പോഴും ഇതിനെ വെറും ഒരു 'സീസണൽ അലർജി'യായി തെറ്റായി കണക്കാക്കാറുമുണ്ട്.
2. വിട്ടുമാറാത്ത നിർജ്ജലീകരണവും ചർമത്തിലെ ആഘാതവും
ഒരു എസി യൂണിറ്റിന്‍റെ അടിസ്ഥാന പ്രവർത്തനം താപനില കുറയ്ക്കുന്നതിനായി വായുവിലെ ഈർപ്പം വലിച്ചെടുക്കുക എന്നതാണ്. നിർഭാഗ്യവശാൽ, അന്തരീക്ഷത്തിലെ ഈർപ്പവും മനുഷ്യശരീരത്തിലെ ഈർപ്പവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാൻ ഈ യന്ത്രത്തിന് കഴിയില്ല.
ഡ്രൈ ഐ സിൻഡ്രോം (Dry Eye Syndrome): വരണ്ട വായുവിന്‍റെ നിരന്തരമായ പ്രവാഹം കണ്ണിലെ കണ്ണുനീർ പാളിയുടെ (lipid layer) ബാഷ്പീകരണം വേഗത്തിലാക്കുന്നു. ഇത് കണ്ണ് ചുവക്കുന്നതിനും ചൊറിച്ചിലിനും കാഴ്ച മങ്ങുന്നതിനും കാരണമാകുന്നു. കോൺടാക്റ്റ് ലെൻസ് ഉപയോഗിക്കുന്നവർക്കും ഡിജിറ്റൽ ഐ സ്‌ട്രെയിൻ ഉള്ളവർക്കും ഇത് കൂടുതൽ ദോഷകരമാണ്.
ചർമത്തിലെ തകരാറുകൾ: കുറഞ്ഞ ഈർപ്പം ചർമത്തിലെ പ്രകൃതിദത്ത എണ്ണമയത്തെ ഇല്ലാതാക്കുന്നു. ഇത് ചർമത്തിൽ ചൊറിച്ചിൽ, തൊലി അടർന്നുപോകൽ എന്നിവയ്ക്കും എക്സിമ, സോറിയാസിസ് തുടങ്ങിയ രോഗങ്ങൾ കൂടുന്നതിനും കാരണമാകുന്നു. കുറഞ്ഞ ഈർപ്പമുള്ള സാഹചര്യത്തിൽ ചർമത്തിന് സ്വയം സുഖപ്പെടാനുള്ള കഴിവ് ഗണ്യമായി കുറയുന്നു.
3. ശ്വസനതടസ്സവും ആസ്ത്മയും
എസി മുറിക്കുള്ളിലെ വായു പലപ്പോഴും ശുദ്ധവായുവിന് പകരം പുനരുപയോഗം (recirculate) ചെയ്യപ്പെടുന്നതാണ്. അതിനാൽ പുറത്തെ വായുവിനേക്കാൾ മലിനീകരണം മുറിക്കുള്ളിൽ കൂടുതലായിരിക്കും. എസി ഫിൽട്ടറുകൾ 15 മുതൽ 30 ദിവസത്തിനുള്ളിൽ വൃത്തിയാക്കിയില്ലെങ്കിൽ പൊടിപടലങ്ങളും പൂപ്പലും നിറഞ്ഞ വായുവാണ് നാം ശ്വസിക്കുന്നത്. ഇത് പെട്ടെന്നുള്ള ആസ്തമയ്ക്കും വിട്ടുമാറാത്ത ജലദോഷത്തിനും കാരണമാകും. തണുത്ത വായു നേരിട്ട് ശ്വസിക്കുന്നത് ശ്വാസതടസ്സത്തിനും വലിവ് ഉണ്ടാകുന്നതിനും ഇടയാക്കും.
4. തെർമൽ ഷോക്ക് (Thermal Shock) പ്രതിഭാസം
പുറത്തെ കടുത്ത ചൂടിൽ നിന്നും നേരിട്ട് 18ഓ 19ഓ ഡിഗ്രി സെൽസ്യസ് ഉള്ള എസി മുറിയിലേക്ക് പ്രവേശിക്കുന്നത് ശരീരത്തിന് വലിയ ആഘാതം (Thermal Shock) സൃഷ്ടിക്കുന്നു. ശരീരത്തിന്‍റെ ആന്തരിക താപനില നിലനിർത്താൻ ശരീരം അമിതമായി അധ്വാനിക്കേണ്ടി വരുന്നു. പെട്ടെന്നുള്ള ഈ മാറ്റം രക്തക്കുഴലുകൾ സങ്കോചിക്കുന്നതിനും മൂക്കിലെയും ചർമത്തിലെയും പ്രതിരോധശേഷി കുറയുന്നതിനും കാരണമാകുന്നു. തൽഫലമായി ജലദോഷം, ഇൻഫ്ലുവൻസ തുടങ്ങിയ വൈറൽ ബാധകൾ ഉണ്ടാകാൻ സാധ്യതയേറുന്നു. ഇത് പേശികളുടെ കാഠിന്യത്തിനും (Muscle stiffness) പനിക്കും വഴിതെളിക്കുന്നു.
5. വിട്ടുമാറാത്ത ക്ഷീണവും നാഡീസംബന്ധമായ ലക്ഷണങ്ങളും
തുടർച്ചയായ എസി ഉപയോഗം ശരീരത്തിന് മന്ദത ഉണ്ടാക്കുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. തലവേദന, കടുത്ത ക്ഷീണം, തലയ്ക്ക് ഭാരം തോന്നല്‍ തുടങ്ങിയ ലക്ഷണങ്ങൾ ശീതീകരിച്ച ചുറ്റുപാടുകളില്‍ ജോലി ചെയ്യുന്നവരിൽ കാണപ്പെടുന്നു. മുറിക്കുള്ളിൽ കാർബൺ ഡയോക്സൈഡിന്‍റെ അളവ് കൂടുന്നതും ഓക്സിജന്‍റെ കുറവുമാണ് ഇതിന് പ്രധാന കാരണം. ഇത് ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവിനെ ബാധിക്കുന്നു.
സുരക്ഷിതമായ തണുപ്പിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ
ഈ കൊടുചൂടില്‍ ഇത്തിരി തണുപ്പ് തേടരുത് എന്നല്ല ഇപ്പറഞ്ഞതിന്‍റെ അര്‍ഥം. എസി ഉപയോഗം പൂർണമായും ഒഴിവാക്കേണ്ടതില്ല. പകരം ചില കാര്യങ്ങൾ ശ്രദ്ധിച്ചാല്‍ മതി.
24 ഡിഗ്രി സെൽസ്യസ് നിയമം : എസി താപനില എപ്പോഴും 24°C നും 26°C നും ഇടയിൽ ക്രമീകരിക്കുക. ഇത് തെർമൽ ഷോക്ക് കുറയ്ക്കാനും വായുവിലെ ഈർപ്പം നിലനിർത്താനും സഹായിക്കും.
വായുസഞ്ചാരം ഉറപ്പാക്കുക: ഓരോ നാല് മണിക്കൂർ എസി ഉപയോഗത്തിന് ശേഷവും 15 മിനിറ്റ് എസി അണച്ച് ജനാലകൾ തുറന്നിടുക. ഇത് ശുദ്ധവായു അകത്തേക്ക് കടക്കാൻ സഹായിക്കും.
ധാരാളം വെള്ളം കുടിക്കുക: എസി വായു ശരീരത്തിലെ ഈർപ്പം വലിച്ചെടുക്കുന്നതിനാൽ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. പഴവർഗ്ഗങ്ങളും ഹെർബൽ ടീയും ശീലമാക്കുന്നത് ചരമത്തിന്‍റെ ഈര്‍പ്പം നിലനിർത്താൻ സഹായിക്കും.
ഫിൽട്ടറുകൾ വൃത്തിയാക്കുക: രണ്ടാഴ്ചയിലൊരിക്കൽ എസി ഫിൽട്ടറുകൾ വൃത്തിയാക്കുന്നത് നിർബന്ധമാണ്. ഓരോ സീസൺ തുടങ്ങുമ്പോഴും പ്രൊഫഷണൽ ക്ലീനിംഗ് നടത്തുക.
ഹ്യുമിഡിഫയർ ഉപയോഗിക്കുക: ചർമത്തിലും കണ്ണുകളിലും അമിതമായ വരൾച്ച അനുഭവപ്പെടുന്നുണ്ടെങ്കിൽ ഒരു ചെറിയ 'ഹ്യുമിഡിഫയർ' (Humidifier) ഉപയോഗിക്കുന്നത് വായുവിലെ ഈർപ്പം നിലനിർത്താൻ സഹായിക്കും. ഇത്രയൊക്കെ ഒന്ന് ശ്രദ്ധിച്ചാല്‍ ശരീരവും മനസ്സും ഒന്ന് തണുപ്പിക്കാന്‍ ഭയപ്പെടേണ്ടതില്ല.