ബൈക്കിൽ കയറി വരുന്ന ആ ഓറഞ്ച് പൂച്ചയെ ഒന്ന് സൂക്ഷിക്കണമെന്ന് കഴിഞ്ഞ ദിവസമാണ് കേരള പോലീസ് പറഞ്ഞത്. കുട്ടികളുടെ മാനസികാരോഗ്യത്തെ ഇത്തരം കാർട്ടൂണുകൾ എങ്ങനെയാണ് സ്വാധീനിക്കുന്നത്?രക്ഷിതാക്കൾ എന്താണ് ശ്രദ്ധിക്കേണ്ടത്?
ഒരു ബൈക്കിൽ ആണ് അവന്റ വരവ്. ചിലപ്പോൾ വഴിയിൽ പരുക്കേറ്റു കിടക്കുന്ന കോഴിയേയോ താറാവിനെയോ ആടിനെയോ മുയലിനെയോ ഒക്കെ കാണും. ഉടൻ വണ്ടി നിർത്തി അതിനെയും കയറ്റി വീട്ടിലേക്ക് പോകും. അവിടെയെത്തി മുറിവിൽ മരുന്നു വച്ചു കെട്ടും, കുളിപ്പിക്കും, ഭക്ഷണം കൊടുക്കും. ആഹാ! എത്ര മാന്യൻ! എന്ന് നമ്മൾ മനസ്സിൽ വിചാരിച്ച് തീരും മുന്നേ അടുത്ത പണി ഒപ്പിക്കും. അതിഥിയുടെ തലയ്ക്ക് ഒരൊറ്റ അടിയാണ്.തീർന്നു!!! പിന്നീട് കക്ഷിയെ കാണുന്നത് അടുക്കളയിലാണ്. വറുത്തോ, പൊരിച്ചോ, കറിവെച്ചോ കുക്ക് ചെയ്യും. ഭക്ഷണം കഴിക്കാൻ സുഹൃത്തുക്കളെയും വിളിക്കും.
ഈ എ.ഐ വീഡിയോ കണ്ടിരിക്കുമ്പോൾ കൗതുകവും തമാശയും ഒക്കെ തോന്നുമെങ്കിലും സംഗതി എത്ര നിസ്സാരമല്ല എന്നാണ് വിദഗ്ധർ പറയുന്നത്. അക്രമം നിറഞ്ഞ ഇത്തരം വിഡിയോകൾ കുഞ്ഞുമനസ്സുകളെ വളരെ മോശമായി സ്വാധീനിക്കുമെന്ന് പറയുന്നു തിരുവനന്തപുരം മെഡിക്കൽ കോളജിലെ സൈക്കാട്രി പ്രഫസറായ ഡോ. അരുൺ ബി. നായർ.
പ്രത്യാഘാതങ്ങൾ എന്തൊക്കെ?
വളരെ ചടുലമായ ദൃശ്യങ്ങളാണല്ലോ കാർട്ടൂണുകളിലേത്. അവ കണ്ടിരിക്കാൻ പ്രത്യേക ശ്രദ്ധ ഒട്ടും തന്നെ ആവശ്യമില്ല. മൂന്ന് മുതൽ പന്ത്രണ്ട് വയസ്സുവരെയുള്ള കുട്ടികൾ അവർ കാണുന്ന ദൃശ്യങ്ങൾ അതുപോലെ സ്വാംശീകരിക്കാനും അനുകരിക്കാനും സാധ്യത വളരെ കൂടുതലാണ്. അത്തരം രംഗങ്ങൾ സ്കൂളുകളിലും വീടുകളിലും അനുകരിച്ചേക്കാം.
ദീർഘ നേരം കാർട്ടൂൺ കാണുമ്പോൾ ക്രമേണ ശ്രദ്ധ കുറയാൻ ഇടയാവും. അതായത് ചടുലമായ ഇത്തരം രംഗങ്ങൾ കണ്ട ശേഷം, ഇഴഞ്ഞു നീങ്ങുന്ന പുസ്തകത്തിലെ അക്ഷരങ്ങളുമായി സമരസപ്പെടാൻ കുഞ്ഞുങ്ങളുടെ തലച്ചോറിന് കഴിയില്ല. ഇത് തീവ്രമായ ശ്രദ്ധക്കുറവിന് കാരണമാകും.
രാത്രി വൈകി കാർട്ടൂണുകൾ കാണുന്നത് കുട്ടികളിൽ ഉറക്കക്കുറവിനും കാരണമാകും. പകൽ സമയങ്ങളിൽ കാണുകയും കേൾക്കുകയും പഠിക്കുകയും ചെയ്യുന്ന കാര്യങ്ങൾ തലച്ചോറിൽ അടുക്കിവെക്കുന്ന പ്രക്രിയ ഇതുവഴി തടസ്സപ്പെടും.അങ്ങനെ ഓർമ്മക്കുറവും പഠനത്തിൽ പിന്നോട്ട് പോകുന്ന അവസ്ഥയും ഉണ്ടാവുന്നു. മാത്രവുമല്ല, പകൽ സമയത്ത് തലച്ചോറിലെ ചയാപചയ പ്രവർത്തനങ്ങളുടെ ഭാഗമായി ഉണ്ടാകുന്ന മാലിന്യങ്ങൾ പുറന്തള്ളപ്പെടുന്നത് രാത്രിയിലാണ്. ആറു മണിക്കൂർ എങ്കിലും ഉറക്കം കിട്ടിയില്ലെങ്കിൽ മാലിന്യങ്ങൾ തലച്ചോറിൽ അടിഞ്ഞു കൂടുകയും പകൽ സമയത്ത് മന്ദതയും ഉറക്കവും ക്ഷീണവും എല്ലാം അനുഭവപ്പെടാം.
അക്രമണങ്ങളെ വളരെ സാധാരണമായതും ന്യായമായതുമായിക്കാണാൻ ഇത്തരം കാർട്ടൂണുകൾ പ്രേരിപ്പിക്കുമത്രേ. സ്വഭാവത്തിൽ കൂടുതൽ അക്രമവാസന ഉണ്ടായേക്കാം. ക്ഷമിക്കാനും സഹിക്കാനും കഴിയില്ല. മറ്റുള്ളവരുടെ വേദന, സങ്കടം എന്നിവ പ്രശ്നമല്ലാതായി തോന്നും. സമൂഹവുമായി ഒരു ബന്ധവും ഇല്ലാത്ത അവസ്ഥയിലുമെത്തും.
രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം?
രണ്ട് വയസ്സുവരെയുള്ള കുട്ടികളെ യാതൊരു വിധത്തിലുമുള്ള ദൃശ്യ മാധ്യമങ്ങളും കാണിക്കരുത്.കാരണം തലച്ചോറിൽ ദൃശ്യങ്ങൾ ശേഖരിച്ചു വെക്കുന്ന ദൃശ്യസ്മൃതി എന്ന കഴിവ് അവർക്കില്ല. മൂന്ന് വയസ്സുമുതൽ ആറ് വയസ്സുവരെ പരമാവധി ഒരു മണിക്കൂറാണ് സ്ക്രീൻ ടൈം. അതിൽ അരമണിക്കൂറിൽ കൂടരുത് കാർട്ടൂൺ കാണുന്ന സമയം.ആറ് വയസ്സുമുതൽ പന്ത്രണ്ട് വയസ്സുവരെയുള്ള കുട്ടികൾക്ക് രണ്ടു മണിക്കൂറിൽ കൂടരുത് ദൃശ്യമാധ്യമസമയം
ഈ ഓറഞ്ച് പൂച്ച മാത്രമല്ല, ലോകത്തെ എക്കാലത്തെയും പ്രിയപ്പെട്ട കാർട്ടൂണുകളിൽ ഒന്നായ ടോം ആൻഡ് ജെറിയും ഉള്ളടക്കത്തിലെ വയലൻസിന്റെ പേരിൽ പണ്ടേ വിമർശിക്കപെട്ടിരുന്നു. അതായത് കുട്ടികൾ കാണുന്നതിൽ രക്ഷിതാക്കളും ഒരു കണ്ണ് വെക്കണമെന്ന് ചുരുക്കം. വയലൻസ് ഉള്ള കാർട്ടൂണുകൾ കാണുന്നതിൽ നിന്ന് അവരെ വിലക്കുകയും വേണം.