ഭക്ഷണങ്ങളുടെ രുചിയറിയാനും സംസാരിക്കാന്‍ സഹായിക്കാനും മാത്രമുള്ള അവയവമല്ല നാവ്.നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് കൃത്യമായ സൂചനകള്‍ നല്‍കാന്‍ നാവിനാകും. നാവിലുണ്ടാകുന്ന നിറവ്യത്യാസത്തിലൂടെയാണ് ശരീരത്തിന്‍റെ രോഗാവസ്ഥകള്‍ തിരിച്ചറിയാന്‍ സാധിക്കുക. ആരോഗ്യമുള്ള നാവിന്‍റെ നിറം പിങ്കാണ്. നാവിന്‍റെ മറ്റുനിറവ്യത്യാസങ്ങള്‍ എന്തിനെയാണ് സൂചിപ്പിക്കുന്നത് എന്ന് നോക്കാം.
പിങ്ക് നിറത്തിലല്ലാതെ വെളുത്ത നിറത്തിലാണ് നിങ്ങളുടെ നാവ് കാണപ്പെടുന്നത് എങ്കില്‍ നിങ്ങള്‍ക്ക് വിളര്‍ച്ച അല്ലെങ്കില്‍ രക്തക്കുറവുണ്ട് എന്നാണ് സൂചിപ്പിക്കുന്നത്. നീലയോ പര്‍പ്പിളോ നിറത്തിലാണ് നിങ്ങളുടെ നാവ് കാണപ്പെടുന്നത് എങ്കില്‍ അത് ശ്വാസകോശ സംബന്ധമോ ഹൃദയ സംബന്ധമോ ആയ പ്രശ്നങ്ങളുടെ സൂചനയാകാം. ചുവന്നതോ ഇരുണ്ട നിറത്തിലുള്ളതോ ആയ നാവ് പനിയുടേയോ വൈറ്റമിനുകളുടെ അഭാവത്തിന്റെയോ ലക്ഷണമാകാം.നാവിലുണ്ടാകുന്ന മഞ്ഞനിറം കരള്‍ രോഗത്തിന്‍റെയോ ബൈല്‍ ഡക്ട് ഡിസീസിന്‍റെയോ കാരണമാകാം.
നാക്കില്‍ അല്‍പം കട്ടിയില്‍ വെളുത്ത ആവരണം ശ്രദ്ധയില്‍പെടുകയാണെങ്കില്‍ അത് ഫംഗല്‍ അണുബാധയുടെയോ ദഹനപ്രശ്നങ്ങളുടെയോ നിര്‍ജലീകരണത്തിന്‍റെയോ ലക്ഷണമാകാം.
നിറവ്യത്യാസം പോലെത്തന്നെ ആരോഗ്യത്തെക്കുറിച്ചുളള സൂചന നല്‍കുന്ന ഒന്നാണ് നാവിന്‍റെ ഘടന. തിളക്കമുള്ള, സ്മൂത്ത് ആയ നാവ് സൂചിപ്പിക്കുന്നത് അയണിന്‍റെയോ വൈറ്റമിന്‍ ബി 12ന്‍റെയോ അഭാവത്തെ കാണിക്കുന്നു. നാവിന് വിള്ളല്‍ അനുഭവപ്പെടുകയാണെങ്കില്‍ അത് ജ്യോഗ്രഫിക് ടങ്ങ് എന്ന അവസ്ഥയുടെയോ നിര്‍ജലീകരണത്തിന്‍റെയോ ലക്ഷണമായേക്കാം.
കൂടാതെ നാവിനുണ്ടാകുന്ന വിറയല്‍ നാഡീ സംവിധാനത്തിന്‍റെ അസന്തുലിതാവസ്ഥ മൂലമോ ക്ഷീണം, ടെന്‍ഷന്‍ എന്നിവ മൂലമോ ആകാം.ടെങ് ക്ലീനര്‍ ഉപയോഗിച്ചിട്ടും വൃത്തിയാക്കിയിട്ടും പോകാത്ത തരത്തിലുള്ള വെളുത്ത പാടുകള്‍ നാവിലുണ്ടെങ്കില്‍ അതൊരുപക്ഷേ കാന്‍സറിന് മുന്നോടിയായുള്ള ല്യൂക്കോ പ്ലാക്കിയ ആയേക്കാം..നാവിന് നിരന്തരം വേദന അനുഭവപ്പെടുകയും ചുവപ്പു നിറം നീണ്ടു നില്‍ക്കുന്നുമുണ്ടെങ്കില്‍ അതൊരുപക്ഷേ വായിലെ കാന്‍സറിന്‍റെയോ അണുബാധയുടെയോ സൂചനയായേക്കാം.
നാവിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ ധാരാളം വെള്ളം കുടിക്കാം. വായ എപ്പോഴും വൃത്തിയായി സൂക്ഷിക്കാം. പോഷകാഹാരങ്ങളടങ്ങിയ ഭക്ഷണം കഴിക്കാം. നാവിനുണ്ടാകുന്ന മാറ്റങ്ങള്‍ നിരന്തരം നിരീക്ഷിക്കുകയും പ്രകടമായ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെടുകയാണെങ്കില്‍ ഡോക്ടറെ കാണുകയും വേണം.