പുകയിലയോ മദ്യമോ ഉപയോഗിക്കാത്തവരിലും വായിലെ കാന്‍സര്‍ വര്‍ധിക്കുന്നു. ഓറല്‍ കാന്‍സര്‍ രോഗികളില്‍ 50 ശതമാനത്തിലധികം പേര്‍ ലഹരി ഉപയോഗിക്കാത്തവരെന്നാണ് പഠന റിപ്പോര്‍ട്ട്. കൊച്ചി വിപിഎസ് ലോക്‌ഷോര്‍ ആശുപത്രിയുടെ പഠനത്തിലാണ് കണ്ടെത്തല്‍.
ഓറല്‍ കാന്‍സര്‍ രോഗികളില്‍ രണ്ടിലൊരാള്‍ പുകയില ഉപയോഗിക്കാത്ത ആളാണെന്നാണ് പഠനം പറയുന്നത്. 2014 ജൂലൈ മുതല്‍ 2024 ജൂലൈ വരെയുള്ള പത്ത് വര്‍ഷത്തിനിടെ 515 രോഗികളെ പഠന വിധോയരാക്കി. രോഗബാധിതരില്‍ 57 ശതമാനം പേരും മുന്‍പ് പുകയിലയോ മദ്യമോ ഉപയോഗിക്കാത്തവര്‍. ഇതില്‍ 61 ശതമാനം പേര്‍ക്കും നാവിലാണ് കാന്‍സര്‍. രോഗബാധിതരില്‍ 75.5 ശതമാനം പുരുഷന്‍മാരും 24.5 ശതമാനം സ്ത്രീകളും.
ദുശീലങ്ങള്‍ ഇല്ലെന്ന കാരണത്താല്‍ രോഗലക്ഷണങ്ങള്‍ അവഗണിക്കരുതെന്നും ഡോക്ടര്‍ പറയുന്നു. രണ്ടാഴ്ച്ചയ്ക്ക് മുകളില്‍ ഭേദമാകാത്ത വായിലെ അള്‍സര്‍, ചുവപ്പ്, വെള്ളപാടുകള്‍, തലയിലെയും കഴുത്തിലെയും അസാധാരണ മുഴകള്‍ എന്നിവ അവഗണിക്കരുത്.
വര്‍ധിച്ചുവരുന്ന ഓറല്‍ കാന്‍സര്‍ കേസുകളുടെ കൃത്യമായ കാരണങ്ങള്‍ ഇനിയും കണ്ടെത്തേണ്ടതുണ്ട്. സര്‍ക്കാര്‍ ഏജന്‍സികളുമായി ചേര്‍ന്ന് പഠനം തുടരാനുള്ള തയാറെടുപ്പിലാണ് ലേക്‌ഷോര്‍ ആശുപത്രി.