കോവിഡ് മഹാമാരിക്കുശേഷം ലോകം സാധാരണ സ്ഥിതിയിലേക്ക് മടങ്ങിവന്നിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും കോവിഡ് ബാക്കിവച്ച ആരോഗ്യപ്രശ്നങ്ങളില്‍ നിന്ന് ഇപ്പോഴും പലരും മുക്തരായിട്ടുണ്ടാകില്ല. പ്രത്യേകിച്ചും ശ്വസനസംബന്ധമായ പ്രശ്നങ്ങള്‍ കോവിഡ് മുക്തരായവരെ അലട്ടുന്ന ഒരു പ്രധാന ആരോഗ്യ വെല്ലുവിളിയാണ്. കോവിഡ് ബാധിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും ശ്വാസതടസ്സം ഉൾപ്പെടെയുള്ള ശ്വസനപ്രശ്നങ്ങൾ ദീര്‍ഘകാല കോവിഡ് ബാധിതരില്‍ തുടരുന്നതായുള്ള പുതിയ പഠനവും കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളെ ഗൗരവത്തോടെ കാണേണ്ടതിലേക്കാണ് മുന്നറിയിപ്പ് നല്‍കുന്നത്.
നാല് വർഷത്തിലേറെ കഴിഞ്ഞിട്ടും പോസ്റ്റ് കോവിഡ് അവസ്ഥയിലുള്ള പകുതി പേരിലും ക്രമം തെറ്റിയ ശ്വസനരീതിയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയതായാണ് പുറത്തുവന്ന പഠനം. വൈറസ് ബാധ മാറിയെങ്കിലും ശ്വാസകോശവുമായി ബന്ധപ്പെട്ട ചില ലക്ഷണങ്ങള്‍ ദീര്‍ഘകാലം തുടരാന്‍ സാധ്യതയുണ്ടെന്നാണ് പഠനത്തിലെ കണ്ടെത്തല്‍. സ്വീഡനിലെ സ്റ്റോക്ക്ഹോമിലുള്ള സ്പെഷ്യലിസ്റ്റ് പോസ്റ്റ് കോവിഡ് ക്ലിനിക്കിൽ ചികിത്സയ്ക്കും പരിശോധനയ്ക്കുമായി എത്തിയ 288 ലോങ് കോവിഡ് ബാധിതരെയാണ് പഠനവിധേയമാക്കിയത്. റെസ്പിറേറ്ററി റിസർച്ച് എന്ന ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. ശരാശരി 50 മാസത്തെ തുടർപരിശോധനയിൽ 143 പേരിൽ നൈമെഗൻ ചോദ്യാവലി പ്രകാരമുള്ള സ്കോർ ഉയർന്നതായി കണ്ടെത്തി. ക്രമരഹിതമായ ശ്വസനവുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ തിരിച്ചറിയാൻ ഉപയോഗിക്കുന്ന പരിശോധനാ സംവിധാനമാണിത്. എന്നാൽ ഈ സ്കോറുകൾ സ്ഥിരീകരിച്ച രോഗനിർണയമായി കണക്കാക്കരുതെന്നും ഗവേഷകർ ഊന്നിപ്പറഞ്ഞു.
എന്താണ് ക്രമരഹിതമായ ശ്വസനം?
ശ്വാസകോശത്തിന് എന്തെങ്കിലും തകരാര്‍ സംഭവിച്ചു എന്നല്ല ക്രമരഹിതമായ ശ്വസനം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ശ്വസനക്രമത്തിലുണ്ടാകുന്ന അസാധാരണമായ മാറ്റങ്ങളെയാണ് ഇത് സൂചിപ്പിക്കുന്നത്. ശ്വാസംമുട്ടൽ, നെഞ്ചിലെ അസ്വസ്ഥത, ഇടയ്ക്കിടെയുള്ള ദീർഘനിശ്വാസം, ആവശ്യത്തിന് വായു ലഭിക്കുന്നില്ലെന്ന തോന്നൽ തുടങ്ങിയ ലക്ഷണങ്ങൾക്ക് ഇതിന്റെ ഭാഗമാണ്. എന്നാല്‍ ഒരേസമയം ഒട്ടെറെ പ്രശ്നങ്ങള്‍ ഉണ്ടാകാം എന്നതിനാല്‍ ദീര്‍ഘകാല കോവിഡ് ബാധിതരില്‍ ഇത്തരം ലക്ഷണങ്ങള്‍ വിലയിരുത്തുക പ്രയാസമാണ്. ക്ഷീണം, ശാരീരികക്ഷമത കുറയല്‍, നാഡീവ്യവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ എന്നിവയെല്ലാം ശ്വസനത്തെയും വ്യായാമം ചെയ്യുമ്പോഴുള്ള അനുഭവങ്ങളെയും ബാധിച്ചേക്കാം.
കോവിഡ് ഗുരുതരമായി ബാധിക്കാത്തവരിലും പ്രശ്നങ്ങള്‍
കോവിഡ് ബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നവരിൽ മാത്രമല്ല ഗുരുതരമായ രോഗലക്ഷണങ്ങളില്ലാതെ കോവിഡ് അതിജീവിച്ചവരിലും ദീർഘകാല ശ്വസനപ്രശ്നങ്ങൾ ഉണ്ടാകാമെന്നാണ് പഠനത്തിലെ സുപ്രധാന കണ്ടെത്തല്‍. കോവിഡ്-19 ബാധിച്ച് ഏകദേശം നാല് വർഷങ്ങൾക്ക് ശേഷവും പഠനത്തിൽ പങ്കെടുത്തവരിൽ 50 ശതമാനം പേർക്കും ശ്വസനപ്രക്രിയയിലെ തകരാറുകൾ സൂചിപ്പിക്കുന്ന ലക്ഷണങ്ങൾ ഗവേഷകര്‍ കണ്ടെത്തി. പഠനത്തില്‍ ശ്വസനസംബന്ധമായ ലക്ഷണങ്ങൾക്ക് ഉയർന്ന സ്കോർ ലഭിച്ചവരിൽ ലോങ് കോവിഡിന്റെ മറ്റ് ലക്ഷണങ്ങളും കൂടുതലായിരുന്നു. ഇവരുടെ ആരോഗ്യനിലയിലെ പുരോഗതിയും താരതമ്യേന കുറവായിരുന്നു.
ശ്വസനപ്രക്രിയയിലെ തകരാറുകൾ ദീർഘകാലം നിലനിൽക്കാൻ കാരണമാകുന്ന ചില ഘടകങ്ങളെ ഈ പഠനം തിരിച്ചറിഞ്ഞു. കൂടുതല്‍ ശ്വസനപ്രശ്നങ്ങളുള്ളത് സ്ത്രീകളിലും യുവാക്കളിലുമാണ് എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കണ്ടെത്തല്‍.
ശാരീരികക്ഷമതയെയും ബാധിക്കും
കോവിഡാനന്തര ശ്വസനപ്രശനങ്ങള് തുടരുന്നവരില്‍ ശാരീരികക്ഷമതയിലും വ്യത്യാസങ്ങൾ കണ്ടെത്തി. ആദ്യഘട്ട പരിശോധനയിൽ ആറു മിനിറ്റ് നടത്തപരിശോധനയിലും ഒരു മിനിറ്റ് ഇരുന്നെഴുന്നേൽക്കൽ പരിശോധനയിലും ഇവർ മോശം പ്രകടനമാണ് കാഴ്ചവച്ചത്. ശ്വാസം ഉള്ളിലേക്ക് എടുക്കാൻ സഹായിക്കുന്ന പേശികളുടെ ശക്തിയും ഇവരിൽ കുറവായിരുന്നു. എന്നാൽ സാധാരണ ശ്വാസകോശ പ്രവർത്തന പരിശോധനകളിൽ രണ്ട് വിഭാഗങ്ങൾക്കിടയിലും കാര്യമായ വ്യത്യാസം കണ്ടെത്തിയില്ല.
സാധാരണ ശ്വാസകോശ പരിശോധനകളിൽ വലിയ പ്രശ്നങ്ങളൊന്നും കണ്ടെത്താനായില്ലെങ്കിലും ചിലർക്ക് കടുത്ത ശ്വാസംമുട്ടലും വ്യായാമം ചെയ്യാനുള്ള ശേഷിയിൽ കുറവും അനുഭവപ്പെടാമെന്നത് പ്രധാനപ്പെട്ട കണ്ടെത്തലാണ്. അതിനാൽ പരമ്പരാഗത ശ്വാസകോശ പരിശോധനകൾ മാത്രം ഉപയോഗിച്ച് പോസ്റ്റ് കോവിഡ് ശ്വസനപ്രശ്നങ്ങൾ പൂർണമായി വിലയിരുത്താനാകില്ലെന്നാണ് പഠനം സൂചിപ്പിക്കുന്നത്. കോവിഡാനന്തര ലക്ഷണങ്ങള്‍ സങ്കീർണമായ ആരോഗ്യപ്രശ്നമാണെന്നും ശ്വസനസംബന്ധമായ ലക്ഷണങ്ങൾ നാഡീവ്യവസ്ഥയുടെയും ഹൃദയരക്തചംക്രമണ വ്യവസ്ഥയുടെയും പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് വന്നേക്കാമെന്നുമാണ് പഠനത്തിലെ കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നത്.