ഒക്ടോബര്‍ മാസത്തില്‍ അനായാസമായി തോന്നുന്ന ഒരു പ്രഭാത നടത്തം ഡിസംബര്‍ എത്താറായപ്പോഴേക്കും പ്രയാസമായി മാറിയോ? പടികൾ കയറുമ്പോഴോ പുറത്ത് നടക്കുമ്പോഴോ ശ്വാസംമുട്ടലോ നെഞ്ചിൽ ഒരു ഭാരമോ അനുഭവപ്പെടുന്നുണ്ടോ? കുറച്ചുനേരം വിശ്രമിക്കുമ്പോൾ ഈ ലക്ഷണങ്ങൾ മാറുന്നതുകൊണ്ട് പലപ്പോഴും തണുത്ത കാലാവസ്ഥ മൂലമുണ്ടാകുന്ന സ്വാഭാവിക പ്രതികരണമായി കരുതി പലരും ഇതിനെ അവഗണിക്കുകയാകും പതിവ്. എന്നാല്‍ ഹൃദയം അതിന് ആവശ്യമായ രക്തം ലഭിക്കാന്‍ പ്രയാസപ്പെടുന്നു എന്നതിന്‍റെ സൂചനയാകാം ഇത്. 

തണുത്ത കാലാവസ്ഥയും ഹൃദയാഘാതവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വിപുലമായ പഠനങ്ങൾ നടന്നിട്ടുണ്ട്. ഇംഗ്ലണ്ടിലും വെയിൽസിലുമായി ഹൃദയാഘാതം മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 84,000-ത്തിലധികം ആളുകളെ ഉൾപ്പെടുത്തി 'ബ്രിട്ടീഷ് മെഡിക്കൽ ജേണലിൽ' പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ താപനിലയിൽ ഓരോ 1 ഡിഗ്രി സെൽസ്യസ് കുറവുണ്ടാകുമ്പോഴും ആ ദിവസവും തുടർന്നുള്ള 28 ദിവസങ്ങളിലും ഹൃദയാഘാത സാധ്യത 2 ശതമാനം വർദ്ധിക്കുന്നതായി കണ്ടെത്തിയിരുന്നു. വ്യത്യസ്തമായ കാലാവസ്ഥാ സാഹചര്യങ്ങളിൽ നിന്നുള്ള കണ്ടെത്തലുകൾ ആണെങ്കിലും ഹൃദയസംബന്ധമായ അസുഖങ്ങളുള്ളവർ ശൈത്യകാലത്ത് എന്തുകൊണ്ട് കൂടുതൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു എന്നതിന് തെളിവാണ് ഈ പഠനം.

ശൈത്യകാലത്ത് ശരീരത്തില്‍ സംഭവിക്കുന്നത്

താപനില കുറയുമ്പോൾ ശരീര താപം നിലനിർത്താൻ ചർമത്തിനടുത്തുള്ള രക്തക്കുഴലുകൾ ചുരുങ്ങുന്നു. ഇത് രക്തപ്രവാഹത്തിന് കൂടുതൽ ബുദ്ധിമുട്ട് സൃഷ്ടിക്കുകയും രക്തസമ്മർദ്ദം വർദ്ധിപ്പിക്കുകയും ചെയ്യും. അതിനാല്‍ രക്തം പമ്പ് ചെയ്യാൻ ഹൃദയം കൂടുതൽ കഠിനാധ്വാനം ചെയ്യുന്നു.  തണുപ്പുമായി സമ്പർക്കം പുലർത്തുന്നത് ഹൃദയത്തിന്റെ ഓക്സിജന്റെ ആവശ്യകത വർദ്ധിപ്പിക്കുകയും ചെയ്തേക്കാം. കൊറോണറി ധമനികൾക്ക്  ആവശ്യത്തിന് ഓക്സിജൻ അടങ്ങിയ രക്തം എത്തിക്കാൻ കഴിയുന്നില്ലെങ്കിൽ പ്രത്യേകിച്ച് ശാരീരിക പ്രവർത്തനങ്ങൾ നടത്തുമ്പോൾ നെഞ്ചിൽ അസ്വസ്ഥത അനുഭവപ്പെട്ടേക്കാം. രക്തം കട്ടപിടിക്കുന്നതിലെ മാറ്റങ്ങൾ അപകടസാധ്യത വർദ്ധിപ്പിക്കും.  കുറഞ്ഞ വ്യായാമം, അമിതമായ ഭക്ഷണം, ശരീരഭാരം എന്നിവ രക്തസമ്മർദ്ദം, പ്രമേഹം, കൊളസ്ട്രോൾ എന്നിവ നിയന്ത്രിക്കാൻ കൂടുതൽ ബുദ്ധിമുട്ടാക്കും. ഇൻഫ്ലുവൻസ പോലുള്ള ശ്വസന അണുബാധകളും ശൈത്യകാലത്തെ മറ്റൊരു ഭീഷണിയാണ്. അണുബാധ മൂലമുണ്ടാകുന്ന വീക്കം ഹൃദയത്തിന്‍റെ പ്രവര്‍ത്തനത്തില്‍ അധിക സമ്മർദ്ദം ചെലുത്തുകയും ദുർബലരായവരില്‍ ഹൃദയാഘാതത്തിന് കാരണമാവുകയും ചെയ്യും.

ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയാം

ഹൃദയാഘാതം എപ്പോഴും കഠിനമായ നെഞ്ചുവേദനയോടെ ആരംഭിക്കണമെന്നില്ല. ചിലരിൽ നേരിയ അസ്വസ്ഥത അനുഭവപ്പെടുകയും അത് മാറി മാറി വരികയും ചെയ്യുന്നു. മറ്റു ചിലർ ശ്വാസതടസ്സം അല്ലെങ്കിൽ ഓക്കാനം എന്നിവയെക്കുറിച്ച് പരാതിപ്പെടുകയും അസിഡിറ്റി അല്ലെങ്കിൽ ശ്വസന പ്രശ്‌നങ്ങൾ ഉണ്ടെന്ന് അനുമാനിക്കുകയും ചെയ്യുന്നു. എന്നാല്‍ നെഞ്ചിലെ സമ്മർദ്ദം, ഞെരുക്കൽ, ഇറുകിയ അവസ്ഥ, ഭാരം, കൈകൾ, തോളുകൾ, കഴുത്ത്, താടിയെല്ല് അല്ലെങ്കിൽ പുറം എന്നിവയിലേക്ക് വ്യാപിക്കുന്ന അസ്വസ്ഥത. പെട്ടെന്ന് ശ്വസിക്കാൻ ബുദ്ധിമുട്ട്, വിയർപ്പ്, ഛർദ്ദി, തലകറക്കം, പെട്ടെന്നുള്ള ബലഹീനത അല്ലെങ്കിൽ ക്ഷീണം എന്നിവയൊക്കെ ഉടനടി ശ്രദ്ധ ആവശ്യമുള്ള ലക്ഷണങ്ങളിൽ പെടുന്നവയാണ്.  സ്ത്രീകൾ, പ്രായമായവർ, പ്രമേഹമുള്ളവർ എന്നിവർക്ക് ചിലപ്പോൾ അത്ര പ്രകടമല്ലാത്ത നെഞ്ചുവേദന അനുഭവപ്പെടാം.  നടക്കുമ്പോഴോ പടികൾ കയറുമ്പോഴോ നെഞ്ചില്‍ ഭാരം അനുഭവപ്പെടുന്നത് ശ്രദ്ധിക്കേണ്ട മറ്റൊരു ലക്ഷണമാണ്. പുതിയതോ വഷളാകുന്നതോ ആയ ലക്ഷണങ്ങൾ ഉടനടി വിലയിരുത്തണം. 

തണുപ്പുകാലത്തെ വ്യായാമം അപകടസാധ്യത വർദ്ധിപ്പിക്കുമോ? 

വര്‍ഷം മുഴുവനുമുള്ള ഹൃദയാരോഗ്യത്തിന് വ്യായാമം പ്രധാനമാണ്. എന്നാല്‍ തണുപ്പുള്ള സാഹചര്യങ്ങളിൽ പെട്ടെന്നുള്ള ശാരീരിക അദ്ധ്വാനം രക്തസമ്മർദ്ദവും ഹൃദയത്തിന്റെ ഓക്സിജന്റെ ആവശ്യകതയും വർദ്ധിപ്പിക്കും. ക്ഷീണം തോന്നുമ്പോള്‍ പെട്ടെന്ന് പ്രഭാത നടത്തം ആരംഭിക്കുകയോ കഠിനമായ വ്യായാമത്തിൽ ഏർപ്പെടുകയോ ചെയ്യരുത്. സാവധാനം ആരംഭിക്കുന്നതും ചൂടുള്ള സമയങ്ങളിൽ വാം അപ്പ് ചെയ്ത് വ്യായാമം ചെയ്യുന്നതും നല്ലതായിരിക്കും. കൊറോണറി ആർട്ടറി രോഗമോ മുമ്പ് ഹൃദയാഘാതമോ ഉള്ളവർ വ്യായാമ തീവ്രതയെക്കുറിച്ച് അവരുടെ കാർഡിയോളജിസ്റ്റിന്റെ ഉപദേശം പാലിക്കണം. ശൈത്യകാലത്ത് ഹൃദയ സംബന്ധമായ അപകട ഘടകങ്ങളുള്ള ആളുകള്‍ക്ക് ആരോഗ്യം നിയന്ത്രിക്കാൻ ചില മുൻകരുതലുകൾ സഹായിക്കും:

 രക്തസമ്മർദ്ദവും രക്തത്തിലെ പഞ്ചസാരയും നിരീക്ഷിക്കുക, നിർദ്ദേശിച്ച മരുന്നുകൾ തുടരുക. തണുത്ത താപനിലയിൽ പെട്ടെന്ന് എക്സ്പോഷർ ചെയ്യുന്നത് ഒഴിവാക്കുക, ശരീരം നന്നായി മൂടുന്ന വസ്ത്രങ്ങള്‍ ധരിക്കുക, അധിക ഉപ്പ്, പൂരിത കൊഴുപ്പുകൾ, സംസ്കരിച്ച ഭക്ഷണങ്ങൾ എന്നിവ പരിമിതപ്പെടുത്തുക. പുകവലി ഒഴിവാക്കുക, ജലാംശം നിലനിർത്തുക എന്നിവ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. ഹൃദയാഘാതത്തിന്‍റെ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ വൈദ്യസഹായം തേടാന്‍ ഒട്ടും വൈകരുത്. ഇത്തരക്കാർ ശാരീരിക പ്രവർത്തനങ്ങൾ നിർത്തി വിശ്രമിക്കണം. ആശുപത്രിയിലേക്ക് സ്വയം വാഹനം ഓടിച്ചുപോകുന്നത് ഒഴിവാക്കണം. ഹൃദയാഘാതം സംഭവിക്കുമ്പോൾ രക്തയോട്ടം തടസ്സപ്പെടുന്നതുമൂലം ഹൃദയപേശികളുടെ ഒരു ഭാഗത്തിന് ഓക്സിജൻ ലഭിക്കാതെ വരുന്നു. ഈ അവസ്ഥ എത്രത്തോളം നീളുന്നുവോ അത്രത്തോളം അപകടസാധ്യത കൂടുതലാണ്. നേരത്തെയുള്ള ചികിത്സയിലൂടെ രക്തയോട്ടം പുനഃസ്ഥാപിക്കാനും രോഗമുക്തി മെച്ചപ്പെടുത്താനും സാധിക്കും. പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ എന്നിവയുള്ളവരും, കുടുംബത്തിൽ ഹൃദ്രോഗ ചരിത്രമുള്ളവരും, ആരോഗ്യവാന്മാരാണെന്ന് തോന്നിയാലും ഹൃദ്രോഗ സാധ്യതകൾ കൃത്യമായ ഇടവേളകളിൽ പരിശോധിച്ചു വിലയിരുത്തേണ്ടതാണ്. തണുത്ത കാലാവസ്ഥ ഹൃദയത്തിന് കൂടുതൽ ആയാസം നൽകിയേക്കാം. അതിനാൽ ശൈത്യകാലത്ത് ഉണ്ടാകുന്ന ലക്ഷണങ്ങളെയും ഗൗരവമായി കണ്ട് കൃത്യസമയത്ത് ചികില്‍സ തേടണം.

Why Winter Increases the Risk of Heart Attacks:

Winter heart attack risks increase significantly as cold temperatures cause blood vessels to constrict and force the heart to work harder. Understanding early warning signs and taking necessary precautions during winter can help protect your cardiovascular health