മുൻ തലമുറകളെ അപേക്ഷിച്ച് ബ്രിട്ടനിലെ യുവാക്കളും കൗമാരക്കാരും നേരിട്ടുള്ള ലൈംഗികബന്ധത്തിൽ ഏര്‍പ്പെടുന്നത് കുറയുന്നുവെന്ന് പഠനം. എന്നാല്‍ ഫോണില്‍ അശ്ലീല ചിത്രങ്ങൾ കാണുന്നതും ലൈംഗിക സന്ദേശങ്ങളും ചിത്രങ്ങളും അയക്കുന്നതും വർധിക്കുന്നതായും പുതിയ പഠനത്തില്‍ പറയുന്നു. ബ്രിട്ടനിലെ പൊതുജനങ്ങളുടെ ലൈംഗിക ജീവിതത്തെക്കുറിച്ച് പഠിക്കുന്ന നാഷണൽ സർവേ ഓഫ് സെക്ഷ്വൽ ആറ്റിറ്റ്യൂഡ്സ് ആൻഡ് ലൈഫ്സ്റ്റൈൽസ് നാലാം ഘട്ട സർവേയിലാണ് നിർണായക കണ്ടെത്തലുകൾ. മെഡിക്കൽ ജേണലായ ദി ലാൻസെറ്റിലാണ് പഠനഫലം പ്രസിദ്ധീകരിച്ചത്. ബ്രിട്ടനിലുടനീളം 16നും 59നും ഇടയിൽ പ്രായമുള്ള 6,700 പേരിലാണ് സർവേ നടത്തിയത്.
സർവേയുടെ ചരിത്രത്തിലാദ്യമായാണ് ആളുകളുടെ ഓൺലൈൻ ലൈംഗിക സ്വഭാവങ്ങളെക്കുറിച്ച് വിവരങ്ങൾ ശേഖരിച്ചത്. 16നും 24നും ഇടയിൽ പ്രായമുള്ളവരിൽ പകുതി പേരും കഴിഞ്ഞ ഒരു വർഷത്തിനിടെ ഫോണിലൂടെ ലൈംഗിക ചിത്രങ്ങൾ അയക്കുകയോ സ്വീകരിക്കുകയോ ചെയ്തിട്ടുണ്ട്. ഈ പ്രായപരിധിയിലുള്ള യുവതികളിൽ പകുതി പേരും യുവാക്കളിൽ പത്തിൽ ഒൻപത് പേരും പോൺ കാണുന്നതായും പഠനത്തില്‍ പറയുന്നു.
അതേസമയം 16നും 24നും ഇടയിൽ പ്രായമുള്ളവരിൽ മൂന്നിലൊന്ന് പേരും ഇതുവരെ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടില്ലെന്നും സർവേ വ്യക്തമാക്കുന്നു. പന്ത്രണ്ട് വർഷം മുൻപ് നടന്ന സർവേയിൽ ഇത് അഞ്ചിലൊന്ന് മാത്രമായിരുന്നു. 38 ശതമാനം യുവതികളും 28 ശതമാനം യുവാക്കളും ഇതുവരെ ലൈംഗികബന്ധത്തിൽ ഏർപ്പെടാത്തവരാണ്. 45 വയസിൽ താഴെയുള്ള മുതിർന്നവരിലും ലൈംഗികബന്ധത്തിന്റെ തോത് കുറഞ്ഞിട്ടുണ്ട്. 1990ൽ ആഴ്ചയിൽ ഒരിക്കൽ എന്നതായിരുന്നു ശരാശരിയെങ്കിൽ നിലവിൽ ഇത് മാസത്തിൽ രണ്ടുതവണയായി ചുരുങ്ങി.
സ്ക്രീൻ ടൈം വർധിച്ചതുകൊണ്ട് മാത്രമല്ല ലൈംഗികബന്ധം കുറയുന്നതെന്ന് ലണ്ടൻ സ്കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിനിലെ സഹഗവേഷക പ്രഫ. വെൻഡി മക്ഡോവൽ പറഞ്ഞു. യുവാക്കൾക്കിടയിൽ മദ്യപാനം കുറഞ്ഞതും കൂടുതൽ പേർ മാതാപിതാക്കൾക്കൊപ്പം താമസിക്കുന്നതും ലൈംഗികബന്ധം കുറയുന്നതിന് കാരണമായേക്കാമെന്നും അവര്‍ പറഞ്ഞു. മാനസികാരോഗ്യ പ്രശ്നങ്ങൾ വർധിച്ചതും ആളുകൾ പുറത്തിറങ്ങുന്നത് തടഞ്ഞ കോവിഡ് മഹാമാരിയും സ്വാധീനം ചെലുത്തിയിട്ടുണ്ട്.