Image Credit:facebook/bisleri

പ്രമുഖ കുപ്പിവെള്ള ബ്രാന്‍ഡായ ബിസ്‍ലേരിക്കെതിരെ നിയമനടപടിക്ക് കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റി നിര്‍ദേശം നല്‍കിയത് ഉപഭോക്താക്കളെ നടുക്കിയിരിക്കുകയാണ്. ദാഹമകറ്റാന്‍ കുപ്പിവെള്ളത്തെ ആശ്രയിക്കുന്നവരാണ് നാമെല്ലാം. പല ബ്രാന്‍ഡുകളിലായ കുപ്പിവെള്ളമെത്തുന്നു. കുടിക്കുന്ന വെള്ളത്തെ എങ്ങനെ വിശ്വസിക്കും? ബിസ്‍ലേരിക്കെതിരെ കണ്ടെത്തിയത് എന്താണ്? നമ്മള്‍ സൂക്ഷിക്കേണ്ടത് എന്താണ്? നോക്കാം. 

ബ്രോമേറ്റ്, പി.എ.എച്ച് ( PAHs) എന്നീ രാസവസ്തുക്കളുടെ സാന്നിധ്യമാണ് ബിസ്‍ലേരിയുടെ പരിശോധനയില്‍ അപകടരമെന്ന് കണ്ടെത്തിയത്. 

എന്താണ് ബ്രോമേറ്റ്?- ജലശുദ്ധീകരണ വേളയിൽ,  അണുനശീകരണത്തിനായി ഓസോൺ ഉപയോഗിക്കുമ്പോൾ രൂപപ്പെടാൻ സാധ്യതയുള്ള ഒരു അജൈവ രാസവസ്തുവാണ് ബ്രോമേറ്റ്. ഓസോൺ ദോഷകരമായ സൂക്ഷ്മജീവികളെ നശിപ്പിക്കുമെങ്കിലും, ജല സ്രോതസ്സുകളിൽ സ്വാഭാവികമായി കാണപ്പെടുന്ന ബ്രോമൈഡുമായി പ്രതിപ്രവർത്തിച്ച് ബ്രോമേറ്റ് ഉണ്ടാകാം. അതിനാൽ ശുദ്ധീകരണ പ്രക്രിയ കൃത്യമായി നിരീക്ഷിക്കേണ്ടത് അത്യാവശ്യമാണ്.

ഇതിന്‍റെ വിഷാംശമാണ് പ്രധാന ആശങ്ക.  ബ്രോമേറ്റിനെ മനുഷ്യരിൽ കാൻസർ ഉണ്ടാക്കാൻ സാധ്യതയുള്ള രാസവസ്തുവാണെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.  ദീർഘകാല ഉപയോഗം വൃക്കകൾ, തൈറോയ്ഡ്, മറ്റ് ടിഷ്യൂകൾ എന്നിവയിൽ മുഴകൾ ഉണ്ടാക്കുന്നതായും ഗവേഷണങ്ങൾ പറയുന്നു. ബ്രോമേറ്റ് ഡിഎൻഎയ്ക്ക് കേടുപാടുകൾ വരുത്തുകയും ഓക്സിഡേറ്റീവ് സ്ട്രെസ് ഉണ്ടാക്കുകയും ചെയ്യുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു.

അമിതമായി ശരീരത്തിലെത്തിയാൽ ഓക്കാനം, ഛർദി, വയറുവേദന, വൃക്കകൾക്ക് പരുക്ക്, കേൾവിക്കുറവ് എന്നിവയ്ക്ക് ബ്രോമേറ്റ് കാരണമാകാം. 

എന്താണ് പി.എ.എച്ച്?- പി.എ.എച്ച് എന്നാല്‍ പോളി ന്യൂക്ലിയര്‍ അരോമാറ്റിക് ഹൈഡ്രോകാര്‍ബണ്‍സ്. കൽക്കരി, പെട്രോളിയം, മരം തുടങ്ങിയവ അപൂർണമായി കത്തുമ്പോഴാണ് പ്രധാനമായും ഈ ജൈവ രാസവസ്തുക്കൾ ഉണ്ടാകുന്നത്. ഇവയെല്ലാം അപകടകാരികളല്ല. ചില PAH-കൾ ശരീരത്തിനുള്ളിൽ വെച്ച് ഡിഎൻഎയുമായി പ്രതിപ്രവർത്തിച്ച് മ്യൂട്ടേഷനുകൾ ഉണ്ടാക്കാനും കാൻസർ സാധ്യത വർധിപ്പിക്കാനും ഇടയാക്കും. ഇവ പ്രത്യുൽപ്പാദന, രോഗപ്രതിരോധ സംവിധാനങ്ങളെ ബാധിക്കുമെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. 

കുപ്പിവെളളത്തില്‍ ഇത്തരം മലിനവസ്തുക്കൾ എങ്ങനെ എത്തുന്നു?- മലിനമായ ജല സ്രോതസ്സുകൾ, ശുദ്ധീകരണ പ്രക്രിയയിലെ പോരായ്മകൾ, അന്തരീക്ഷ മലിനീകരണം, മലിനമായ സംഭരണ സംവിധാനങ്ങൾ അല്ലെങ്കിൽ പാക്കിംഗ് മെറ്റീരിയലുകളുമായുള്ള സമ്പർക്കം എന്നിവ ഇതിന് കാരണമാകാം. 

കണക്കുകള്‍ ആശങ്കാജനകം-  ഇന്ത്യയിലെ കുപ്പിവെള്ള വ്യവസായത്തിലെ ഗുണനിലവാര നിയന്ത്രണവുമായി ബന്ധപ്പെട്ട പൊതുവായ ആശങ്കകളുടെ പശ്ചാത്തലത്തിലാണ് ബിസ്‌ലേരി വിവാദവും ഉണ്ടാകുന്നത്. 

2023–24 കാലയളവിൽ പരിശോധിച്ച 1,300 പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടർ സാംപിളുകളിൽ 333 എണ്ണം ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കാത്തവയാണെന്ന് 2025 ഫെബ്രുവരിയിൽ പാർലമെന്റിൽ അവതരിപ്പിച്ച സര്‍ക്കാര്‍ ഡേറ്റ വ്യക്തമാക്കുന്നു. 2022–23ൽ പരിശോധിച്ച 1,776 സാമ്പിളുകളിൽ 650 എണ്ണം മാനദണ്ഡങ്ങൾ പാലിച്ചിരുന്നില്ല.

നല്ലത് എങ്ങനെ തിരിച്ചറിയും?-  ബ്രാൻഡിന്റെ പേരിൽ മാത്രം വിശ്വസിക്കാതെ മറ്റ് കാര്യങ്ങൾ കൂടി ശ്രദ്ധിക്കണമെന്ന് ഉപഭോക്താക്കൾ മനസ്സിലാക്കണം. വാങ്ങുന്നതിന് മുൻപ് എഫ്എസ്എസ്എഐ ലൈസൻസ് വിശദാംശങ്ങൾ, നിർമാതാവിന്റെ വിലാസം, ബാച്ച് അല്ലെങ്കിൽ ലോട്ട് നമ്പർ, പാക്കിങ് തീയതി, കാലാവധി എന്നിവ പരിശോധിക്കുക. ക്യാപ് സീൽ കൃത്യമാണെന്ന് ഉറപ്പുവരുത്തുക; കേടുപാടുകൾ ഉള്ളതോ ചോർച്ചയുള്ളതോ മലിനമായതോ ആയ കുപ്പികൾ ഒഴിവാക്കുക. നേരിട്ട് സൂര്യപ്രകാശവും അമിതചൂടും ഏല്‍ക്കാതെ സൂക്ഷിക്കുന്ന കടകളി‍ല്‍നിന്ന് വാങ്ങുന്നതാണ് ഉചിതം.

ശുദ്ധവും സുരക്ഷിതവുമായ കുടിവെള്ളം നമ്മുടെ അവകാശമാണ്. കുപ്പിവെള്ളം കർശന പരിശോധനകൾക്ക് വിധേയമാണെന്നും നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കാന്‍ സര്‍ക്കാരിനും കമ്പനികള്‍ക്കും ബാധ്യതയുണ്ട്. 

ENGLISH SUMMARY:

Bisleri packaged drinking water controversy highlights serious health concerns regarding the presence of harmful chemicals like bromate and PAHs in bottled water. Consumers must carefully verify safety standards, FSSAI licenses, and packaging details before purchasing drinking water to avoid potential health risks.