ഗർഭാശയത്തിന് താഴെയായി യോനിയുമായി ബന്ധിപ്പിക്കുന്ന സെർവിക്സ് (Cervix) എന്ന ഭാഗത്തെ കോശങ്ങളിലുണ്ടാകുന്ന അനിയന്ത്രിതമായ വളർച്ചയാണ് ഗര്‍ഭാശയമുഖ കാന്‍സര്‍ അഥവാ സെര്‍വിക്കല്‍ കാന്‍സര്‍. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 2024ല്‍ ആഗോളതലത്തിൽ ഏകദേശം 6,04,000 പുതിയ ഗർഭാശയമുഖ അർബുദ കേസുകളും 2,80,000 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഹ്യൂമൻ പാപ്പിലോമ വൈറസിന്റെ (HPV) അപകടസാധ്യത കൂടിയ വകഭേദങ്ങൾ മൂലമുണ്ടാകുന്ന ദീർഘകാല അണുബാധയുമായി ബന്ധപ്പെട്ട രോഗാവസ്ഥയാണിത്. എച്ച്.പി.വി അണുബാധയുണ്ടായി വർഷങ്ങൾക്ക് ശേഷമാണ് ഈ രോഗം കണ്ടെത്താറുള്ളത്. അതിനാൽ രോഗം തടയുന്നതും നേരത്തെ കണ്ടെത്തുന്നതും അതീവ പ്രധാനമാണ്. ഒട്ടുമിക്ക കേസുകളിലും കൃത്യമായ ഇടവേളകളിലുള്ള പരിശോധനകളിലൂടെയും വാക്സിനേഷനിലൂടെയും ഈ രോഗത്തെ വലിയൊരളവോളം തടഞ്ഞുനിര്‍ത്താന്‍ സാധിക്കും. ഗർഭാശയമുഖ അർബുദം (Cervical Cancer) തടയുന്നതിനായും അതെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനായും എല്ലാ വർഷവും നവംബർ 17-ന് 'ലോക ഗർഭാശയമുഖ അർബുദ നിർമ്മാർജ്ജന ദിന' മായി ആചരിക്കുന്നു. 2025-ൽ വേൾഡ് ഹെൽത്ത് അസംബ്ലിയാണ് ദിനാചരണത്തിന് തുടക്കമിട്ടത്. എച്ച്.പി.വി വാക്സിനേഷൻ, ഗർഭാശയമുഖ അർബുദ പരിശോധന, കൃത്യസമയത്തുള്ള ചികിത്സ എന്നിവയെക്കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിനാണ് ഈ ദിനം ഊന്നൽ നൽകുന്നത്.
സെര്‍വിക്കല്‍ കാന്‍സറും വാക്സിനേഷനും
പ്രധാനമായും ലൈംഗിക ബന്ധത്തിലൂടെ പകരുന്ന വളരെ സാധാരണമായ ഒരു വൈറസാണ് എച്ച്.പി.വി. മിക്ക എച്ച്.പി.വി അണുബാധകളും രോഗപ്രതിരോധ സംവിധാനത്തിലൂടെ സ്വാഭാവികമായി നീക്കം ചെയ്യപ്പെടുന്നു എന്ന് മാത്രമല്ല അവ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുമില്ല. എന്നാല്‍ ചില ഉയർന്ന അപകടസാധ്യതയുള്ള എച്ച്.പി.വി അണുബാധകൾ നിലനിൽക്കുകയും സെർവിക്കൽ കോശങ്ങളിൽ അസാധാരണമായ മാറ്റങ്ങൾക്ക് കാരണമാവുകയും ഒടുവിൽ കാൻസറായി വികസിക്കുകയും ചെയ്യും. കാൻസറിന് കാരണമാകുന്ന ഇത്തരം അണുബാധകള്‍ തടയുക എന്നതാണ് എച്ച്.പി.വി വാക്സീൻ കൊണ്ട് ലക്ഷ്യമിടുന്നത്.
ഇത് ഒരു പ്രതിരോധ വാക്സീനാണ്. അതായത് ഒരു വ്യക്തിക്ക് എച്ച്.പി.വി ബാധിക്കുന്നതിന് മുന്‍പ് ഈ വാക്സീന്‍ നല്‍കുമ്പോള്‍ അത് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു. എന്നാല്‍ വാക്സീന്‍ എടുക്കുംമുന്‍പ് സംഭവിച്ച അണുബാധയെ ഇല്ലാതാക്കാനോ അതിനോടകം വികസിച്ച കോശങ്ങളെ നീക്കം ചെയ്യാനോ വാക്സീന് സാധിക്കില്ല. എച്ച്.പി.വി അണുബാധ, സെർവിക്കൽ കാൻസർ, മറ്റ് എച്ച്.പി.വി സംബന്ധമായ കാൻസറുകൾ എന്നിവ തടയുന്നതിൽ വാക്സിനേഷൻ വളരെ ഫലപ്രദമാണെന്ന് ലോകാരോഗ്യസംഘടന പറയുന്നു. ഒരു വ്യക്തി വൈറസുമായി സമ്പർക്കം പുലർത്തുന്നതിന് മുന്‍പുള്ള കൗമാരപ്രായത്തിൽ വാക്സീന്‍ നൽകുമ്പോൾ അത് തികച്ചും ഫലപ്രദമാണ്.
എച്ച്പിവി വാക്സീൻ എടുക്കേണ്ടത് ആരൊക്കെ?
.
പ്രധാനമായും കൗമാരക്കാര്‍ക്കാണ് എച്ച്.പി.വി വാക്സീന്‍ നിര്‍ദേശിക്കുന്നത്. ഇതിനുള്ള അനുയോജ്യമായ പ്രായം അതത് രാജ്യങ്ങളിലെ വാക്സിനേഷന്‍ ഷെഡ്യൂളുകളെ ആശ്രയിച്ചിരിക്കും. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 9 മുതൽ 14 വയസ്സുവരെയുള്ള പെൺകുട്ടികൾക്ക് വാക്സീൻ നൽകാൻ ശുപാർശ ചെയ്യുന്നു. എന്നാൽ ഓരോ രാജ്യത്തിനും അവരുടേതായ വാക്സിനേഷൻ ഷെഡ്യൂളുകൾ ഉണ്ടായിരിക്കാം. ചില രാജ്യങ്ങളിൽ ആൺകുട്ടികൾക്കും ഈ വാക്സീൻ നൽകുന്നുണ്ട്. കാരണം, എച്ച്.പി.വി മറ്റ് പല കാൻസറുകൾക്കും കാരണമാകാം. ഇന്ത്യയിൽ, 'നാഷണൽ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഫോർ ഇമ്മ്യൂണൈസേഷൻ' 'യൂണിവേഴ്സൽ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാമിൽ' വാക്സീൻ ഉൾപ്പെടുത്താൻ ശുപാർശ ചെയ്തിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി 9 മുതൽ 14 വയസ്സുവരെയുള്ള പെൺകുട്ടികൾക്ക് ഒരു തവണ വാക്സീൻ നൽകുകയും തുടർന്ന് 9 വയസ്സുള്ള കുട്ടികൾക്ക് പതിവ് വാക്സിനേഷൻ നൽകുകയും ചെയ്യാനാണ് നിർദ്ദേശം.
വാക്സീൻ എടുക്കാൻ വിട്ടുപോയാലോ?
കൗമാരപ്രായത്തിൽ വാക്സീൻ എടുക്കാൻ വിട്ടുപോയി എന്നത് കൊണ്ട് മാത്രം പിന്നീട് വാക്സിനേഷൻ പ്രയോജനകരമല്ല എന്ന് അർത്ഥമില്ല. ഇങ്ങനെയുള്ളവര്‍ക്ക് സിഡിസി ശുപാർശകൾ പ്രകാരം 26 വയസ്സ് വരെ 'ക്യാച്ച്-അപ്പ്' വാക്സിനേഷൻ എടുക്കാവുന്നതാണ്. ഒരാൾക്ക് ഇതുവരെ ബാധിച്ചിട്ടില്ലാത്ത എച്ച്പിവി വകഭേദങ്ങളിൽ നിന്ന് സംരക്ഷണം നൽകാൻ ഈ വാക്സീൻ സഹായിക്കും. എന്നാൽ പ്രായം കൂടുന്തോറും എച്ച്പിവി അണുബാധ ഉണ്ടാകാനുള്ള സാധ്യത വർദ്ധിക്കുന്നതിനാൽ വൈകി വാക്സീൻ എടുക്കുമ്പോൾ ഗുണഫലം കുറയാൻ സാധ്യതയുണ്ട്.
മുതിർന്നവർക്ക് വാക്സീൻ കൊണ്ട് പ്രയോജനമുണ്ടോ?
27-നും 45-നും ഇടയിൽ പ്രായമുള്ള ചില മുതിർന്നവർക്ക് എച്ച്.പി.വി വാക്സിനേഷൻ പ്രയോജനകരമായേക്കാം. എന്നാൽ ഈ പ്രായപരിധിയിലുള്ള എല്ലാവർക്കും ഇത് സാധാരണയായി നിർദ്ദേശിക്കാറില്ല. ഓരോ വ്യക്തിയുടെയും സാഹചര്യങ്ങൾ കണക്കിലെടുത്ത് വാക്സിനേഷനെക്കുറിച്ച് ഒരു ഡോക്ടറുമായി ചർച്ച ചെയ്യണമെന്ന് സി.ഡി.സി നിർദ്ദേശിക്കുന്നു. ഉദാഹരണത്തിന് ഭാവിയിൽ പുതിയ ലൈംഗിക പങ്കാളിയുണ്ടാകാൻ സാധ്യതയുള്ള ഒരാൾക്ക് മുന്‍പ് നേരിട്ടിട്ടില്ലാത്ത ഏതെങ്കിലും തരത്തിലുള്ള വൈറസ് ബാധയുണ്ടാകാൻ സാധ്യതയുണ്ട്. എന്നാൽ ദീർഘകാലമായി ഒരേ പങ്കാളിയുമായി മാത്രം ലൈംഗിക ബന്ധം പുലർത്തുന്ന ഒരാൾക്ക് പുതിയ എച്ച്.പി.വി അണുബാധ ഉണ്ടാകാനുള്ള സാധ്യത കുറവാണ്.
വാക്സീൻ എടുത്താൽ പരിശോധന ആവശ്യമുണ്ടോ?
വാക്സീന്‍ എടുത്താലും സെര്‍വിക്കല്‍ കാന്‍സര്‍ പരിശോധന നടത്തേണ്ടത് ആവശ്യമാണ്. കാരണം കാന്‍സറിന് കാരണമായേക്കാവുന്ന എല്ലാതരം എച്ച്.പി.വി വകഭേദങ്ങളില്‍ നിന്നും സംരക്ഷണം നല്‍കാന്‍ ഈ വാക്സീന് സാധിക്കില്ല. കൂടാതെ വാക്സീന്‍ എടുക്കുന്നതിന് മുന്‍പ് തന്നെ ചിലപ്പോള്‍ അണുബാധ ഉണ്ടാകാനും സാധ്യതയുണ്ട്. അതിനാൽ വാക്സീൻ എടുത്തതിന് ശേഷവും സ്ക്രീനിങ് നടത്തേണ്ടത് പ്രധാനമാണ്. രോഗപ്രതിരോധത്തിന്റെ ഒരു പ്രധാന ഭാഗമാണ് സെർവിക്കൽ സ്ക്രീനിങ് എന്ന് ലോകാരോഗ്യ സംഘടനയും വ്യക്തമാക്കുന്നു.
സെർവിക്കൽ കാൻസർ വാക്സീന് എത്ര ഡോസുകൾ
വാക്സിനേഷൻ ആരംഭിക്കുന്ന പ്രായവും വ്യക്തിയുടെ ആരോഗ്യസ്ഥിതിയും അനുസരിച്ചാണ് ഡോസുകളുടെ എണ്ണം തീരുമാനിക്കുന്നത്. ഇന്ത്യയിൽ 9 മുതൽ 14 വയസ്സുവരെയുള്ളവർക്ക് 6 മാസത്തെ ഇടവേളയിൽ 2 ഡോസുകളാണ് നൽകുന്നത്. 14 മുതൽ 45 വയസ്സുവരെയുള്ളവർക്ക് 0, 2, 6 മാസങ്ങൾ എന്നിങ്ങനെ ഇടവേളകളിൽ 3 ഡോസുകൾ നൽകുന്നു. 27-നും 45-നും ഇടയിൽ പ്രായമുള്ളവർക്ക് ഡോക്ടറുമായി ആലോചിച്ച ശേഷം വാക്സീൻ എടുക്കാവുന്നതാണ്; എന്നാൽ വൈറസ് ബാധ ഇതിനകം ഉണ്ടായിട്ടുണ്ടെങ്കിൽ വാക്സീന്റെ ഫലപ്രാപ്തി കുറഞ്ഞേക്കാം. സ്ത്രീകളില്‍ ഗര്‍ഭാശയമുഖ അര്‍ബുദം തടയുന്നതിനായി പ്രധാനമന്ത്രി തുടക്കമിട്ട പദ്ധതിയുടെ ഭാഗമായി എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 14 വയസ്സുള്ള ഏകദേശം 1.15 കോടി പെൺകുട്ടികൾക്ക് സർക്കാർ കേന്ദ്രങ്ങളിൽ സൗജന്യമായി വാക്സീൻ ലഭ്യമാക്കും.