gen-alpha-phoneaddiction

ഇന്ത്യയിലെ ജന്‍ ആല്‍ഫകളുടെ ആരോഗ്യത്തില്‍ ആശങ്കയറിയിച്ച് ആരോഗ്യ വിദഗ്ധര്‍. കുട്ടികളിലെ അപര്യാപ്തമായ ശാരീരിക വളർച്ചയും മോശം ജീവിതശൈലിയും അവരുടെ അസ്ഥികളുടെ ബലത്തെ സാരമായി ബാധിക്കുന്നതായി ആരോഗ്യ വിദഗ്ധര്‍ മുന്നറിയപ്പ് നല്‍കി. കുട്ടികള്‍ പുറത്തിറങ്ങി കളിക്കുന്നതിന് പകരം പൂർണമായും വീടിനുള്ളിൽ തന്നെ ഒതുങ്ങിക്കൂടുന്നതും സ്ക്രീൻ ഉപയോഗം വർധിക്കുന്നതുമാണ് പുതിയ തലമുറയെ ഗുരുതരമായ അസ്ഥിപ്രശ്നങ്ങളിലേക്ക് നയിക്കുന്നത്.

നഗരങ്ങള്‍ ജീവിക്കുന്ന കുട്ടികൾ തങ്ങളുടെ കളിസ്ഥലങ്ങൾ ഉപേക്ഷിച്ച് ടാബ്‌ലെറ്റുകളിലും ഫോണുകളിലും കൂടുതൽ സമയം ചെലവഴിക്കുന്നതായി ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നു. ഇത് മൂലം കുട്ടികൾ ചെറുപ്പത്തിലെ തന്നെ അസ്ഥിക്ഷയം പോലെയുള്ള പ്രശ്നങ്ങളുടെ വക്കിലാണെന്നും മുപ്പതുകളിൽ എത്തുമ്പോഴേക്കും അറുപത് വയസുള്ളവരുടെ അസ്ഥികളുടെ അവസ്ഥയിലേക്ക് അവർ എത്തപ്പെടുന്നുവെന്നും വിദഗ്ധർ മുന്നറിയിപ്പ് നല്‍കി.

18 വയസിനുള്ളിലാണ് ഒരു വ്യക്തിയുടെ അസ്ഥികളുടെ ഭൂരിഭാഗം വളർച്ചയും കരുത്തും രൂപപ്പെടുന്നത്. എന്നാൽ അഞ്ച് മണിക്കൂറിലധികം നീളുന്ന സ്ക്രീൻ ടൈമും വെളിച്ചം കുറഞ്ഞ മുറികളിലെ ജീവിതവും കാരണം കുട്ടികൾക്ക് നിർണായകമായ ഈ വളർച്ചാ ഘട്ടം നഷ്ടമാകുന്നു. വിറ്റാമിൻ ഡിയുടെ കുറവും ഇതിനൊരു പ്രധാന കാരണമായി ഡോക്ടർമാർ പറയുന്നു.

കുട്ടിക്കാലത്ത് അസ്ഥികളുടെ ബലം കൃത്യമായി ഉറപ്പുവരുത്തേണ്ടത് ഭാവിയിലെ ആരോഗ്യത്തിന് വളരെ അത്യാവശ്യമാണ്. അതിനാൽ മാതാപിതാക്കൾ കുട്ടികളെ ഔട്ട്ഡോർ ഗെയിമുകളിലേക്കും ശാരീരിക വ്യായാമങ്ങളിലേക്കും തിരികെ കൊണ്ടുവരണമെന്നും ആരോഗ്യ വിദഗ്ധർ പറഞ്ഞു.