കാലാവസ്ഥാ വ്യതിയാനങ്ങൾ, കടുത്ത ചൂട്, പെട്ടെന്നുള്ള മഴ എന്നിവ രാജ്യത്താകെ ഡെങ്കിപ്പനി കേസുകളില്‍ ഗണ്യമായ വര്‍നവിന് കാരണമായിട്ടുണ്ട്. കേരളത്തിലും ഡെങ്കിപ്പനി ഭീഷണി രൂക്ഷമാവുകയാണ്. സംസ്ഥാനത്തിന്‍റെ വിവിധ ജില്ലകളിൽ, പ്രത്യേകിച്ച് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് തുടങ്ങിയ നഗരമേഖലകളിൽ പ്രതിദിന ഡെങ്കി കേസുകളിലും ഉറവിട സ്പോട്ട് ഡാറ്റയിലും വൻ വർധനവാണ് ആരോഗ്യവകുപ്പ് രേഖപ്പെടുത്തുന്നത്. പനിബാധിതരുടെ എണ്ണം ഉയർന്നതോടെ ആശുപത്രികളിൽ പ്രത്യേക വാർഡുകൾ തുറക്കുകയും ജാഗ്രതാ നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്.

ഡെങ്കിപ്പനി പടർത്തുന്ന ഈഡിസ്  കൊതുകുകൾക്ക് വളരാൻ അനുയോജ്യമായ സാഹചര്യമാണ് മഴയും അന്തരീക്ഷ ഈർപ്പവും ചൂടുള്ള കാലാവസ്ഥയും ഒരുക്കുന്നത്. അതിനാൽ മഴക്കാലത്ത് ഡെങ്കി കേസുകൾ പലപ്പോഴും കുത്തനെ ഉയരാറുണ്ട്. വേഗത്തിലുള്ള നഗരവൽക്കരണം, നിർമ്മാണ പ്രവർത്തനങ്ങൾ, ജനസാന്ദ്രത, വെള്ളക്കെട്ടുകൾ എന്നിവയെല്ലാം ഇതിന് കാരണങ്ങളാണ്. ചെന്നൈ, കൊൽക്കത്ത, മുംബൈ, ഡൽഹി തുടങ്ങിയ നഗരങ്ങളിലാണ് രാജ്യത്തെ ഡെങ്കി കേസുകളില്‍ ഏറ്റവും വലിയ വര്‍ധനവുണ്ടായത്. എന്നാൽ മഴയുടെ അളവ് മാത്രം നോക്കിയല്ല ഈ സാധ്യത കണക്കാക്കുന്നത്. ഇടവിട്ടുള്ള മഴയും കെട്ടിക്കിടക്കുന്ന വെള്ളവും ചൂടുള്ള കാലാവസ്ഥയും ചേരുമ്പോൾ കൊതുകുകളുടെ എണ്ണം വേഗത്തിൽ പെരുകുന്നു. ജനസാന്ദ്രതയേറിയ നഗരപ്രദേശങ്ങളിൽ ഇത് ഡെങ്കിപ്പനി പെട്ടെന്ന് പടർന്നുപിടിക്കാൻ കാരണമാകുന്നു.  മഴക്കാലത്തെ അന്തരീക്ഷ സാഹചര്യങ്ങളും കൊതുകു വളർച്ചയും നഗര ചുറ്റുപാടുകളും തമ്മിലുള്ള പരസ്പര ബന്ധമാണ് ഡെങ്കി കേസുകളുടെ വർധനവിന് കാരണം.

എന്തുകൊണ്ട് മഴക്കാലം?

വലിയ ചെളി വെള്ളക്കെട്ടുകളിൽ മാത്രമേ കൊതുകുകൾ പെരുകൂ എന്ന പൊതുധാരണ തെറ്റാണ്. കെട്ടിക്കിടക്കുന്ന വളരെ കുറഞ്ഞ അളവിലുള്ള വെള്ളത്തിൽ പോലും ഈഡിസ് കൊതുകുകൾക്ക് മുട്ടയിട്ട് പെരുകാൻ സാധിക്കും. ചെടിച്ചട്ടികൾ, ഉപേക്ഷിച്ച പാത്രങ്ങൾ, ടയറുകൾ, വാട്ടർ കൂളറുകൾ, നിർമ്മാണ സ്ഥലങ്ങൾ, തടസ്സപ്പെട്ട ഓടകൾ എന്നിവയിലൊക്കെ വെള്ളം കെട്ടിക്കിടന്നാൽ അവ കൊതുകിന്റെ പ്രജനന കേന്ദ്രങ്ങളായി മാറും. മഴ പുതിയ വളർച്ചാ കേന്ദ്രങ്ങൾ നൽകുമ്പോൾ ഉയർന്ന താപനില കൊതുകിന്റെ ജീവിതചക്രം വേഗത്തിലാക്കുന്നു. അതിനാല്‍ തന്നെ തുടർച്ചയായ മഴയും അതിനുശേഷമുള്ള ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയും കൊതുകുകൾ പെരുകാൻ വളരെ അനുകൂലമായ അന്തരീക്ഷമൊരുക്കുന്നു. ആഴ്ചകളോളം ഈ അവസ്ഥ തുടരുമ്പോൾ കൊതുകുകളുടെ എണ്ണം വർദ്ധിക്കുകയും ഡെങ്കി പടരാനുള്ള സാധ്യത കൂട്ടുകയും ചെയ്യുന്നു.

വൻനഗരങ്ങളില്‍ വന്‍ വര്‍ധന

നഗരവൽക്കരണം ഈ പ്രശ്നത്തിന്‍റെ ആഘാതം വർദ്ധിപ്പിക്കുന്നു. അനിയന്ത്രിതമായ നിർമാണങ്ങൾ, അമിതമായ ജനസാന്ദ്രത, ശാസ്ത്രീയമല്ലാത്ത മാലിന്യ സംസ്കരണം, മോശം ഓട സംവിധാനം എന്നിവ മഴവെള്ളം കെട്ടിക്കിടക്കാൻ ഇടയാക്കുന്നു. വീടുകളുടെ ബാൽക്കണി, ടെറസ്, പൂന്തോട്ടം, കൂളറുകൾ, പാത്രങ്ങൾ എന്നിവയിലും വെള്ളം കെട്ടിക്കിടക്കാം. നഗരങ്ങളിൽ ആളുകൾ വളരെ അടുത്തടുത്ത് ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നതിനാൽ രോഗം പെട്ടെന്ന് പടരുന്നു. രോഗബാധിതനായ ഒരാളിൽ നിന്ന് കൊതുകുകൾ വൈറസ് സ്വീകരിക്കുകയും അത് മറ്റുള്ളവരിലേക്ക് പകർത്തുകയും ചെയ്യുന്നു. അങ്ങനെ കൊതുകു വളർച്ചയും രോഗപ്പകർച്ചയും പരസ്പരം ശക്തിപ്പെടുത്തുന്ന ഒരു ചക്രമായി മാറുന്നു.

കാലാവസ്ഥ ഡെങ്കിപ്പകർച്ചയെ ബാധിക്കുമോ?

കാലാവസ്ഥ പലവിധത്തിൽ ഡെങ്കിപ്പകർച്ചയെ സ്വാധീനിക്കുന്നു. ചൂടുള്ള താപനില കൊതുകിന്റെ ജീവിതചക്രം വേഗത്തിലാക്കുകയും, കൊതുകിന്റെ ശരീരത്തിനുള്ളിൽ ഡെങ്കി വൈറസ് വളരുന്നതിന്റെ വേഗത കൂട്ടുകയും ചെയ്യുന്നു. ഇടവിട്ടുള്ള മഴ കൂടുതൽ അപകടകരമാണ്. ഒരൊറ്റ കനത്ത മഴയിൽ കെട്ടിക്കിടക്കുന്ന വെള്ളം ഒഴുക്കിക്കൊണ്ടുപോകുന്നതിന് പകരം ഇടവിട്ടു പെയ്യുന്ന മഴ പുതിയ കൊതുകു വളർത്തൽ കേന്ദ്രങ്ങൾ ഉണ്ടാക്കിക്കൊണ്ടേയിരിക്കുന്നു. മഴയുടെ രീതിയിലുണ്ടാകുന്ന മാറ്റങ്ങളും കനത്ത മഴയ്ക്ക് ശേഷമുള്ള ചൂടുള്ള അന്തരീക്ഷവും രോഗപ്പകർച്ച നീണ്ടുനിൽക്കാൻ കാരണമാകുന്നു.

ഡെങ്കിപ്പനി സീസണിന്‍റെ ദൈർഘ്യം കൂടുന്നോ?

പല നഗരപ്രദേശങ്ങളിലും ഡെങ്കിപ്പകർച്ച ഒരു ചെറിയ സീസണിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല. മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനം, ആളുകളുടെ യാത്രകൾ, തുടർച്ചയായ കൊതുകു വളർത്തൽ സാഹചര്യങ്ങൾ എന്നിവ ഡെങ്കിപ്പനി ഉണ്ടാകുന്ന കാലയളവ് നീട്ടുന്നു. ചൂടും ഈർപ്പവും കെട്ടിക്കിടക്കുന്ന വെള്ളവും നിലനിൽക്കുന്നിടത്തോളം കൊതുകുകൾക്ക് പെരുകാൻ സാധിക്കും. അതിനാൽ മഴക്കാലത്ത് മാത്രം കൊതുകുനിവാരണം നടത്തുന്നതിന് പകരം നിരന്തരമായ പ്രതിരോധ പ്രവർത്തനങ്ങൾ ആവശ്യമാണ്.

ഇവയാണ് ലക്ഷണങ്ങൾ 

ഡെങ്കിപ്പനി സാധാരണ പനി മുതൽ രക്തസ്രാവം, പ്ലാസ്മ ചോർച്ച, ഷോക്ക്, ആന്തരികാവയവങ്ങളെ ബാധിക്കൽ എന്നിവയുൾപ്പെടുന്ന ഗുരുതരമായ അവസ്ഥ വരെ ഉണ്ടാക്കാം. പനി, തലവേദന, ശരീരവേദന, ക്ഷീണം എന്നിവയാണ് ഡെങ്കിപ്പനിയുടെ സാധാരണ ലക്ഷണങ്ങള്‍. എന്നാല്‍ തുടർച്ചയായ ഛർദ്ദി, കഠിനമായ വയറുവേദന, മൂക്കിൽ നിന്നോ മോണയിൽ നിന്നോ ഉള്ള രക്തസ്രാവം, കടുത്ത തളർച്ചയും അസ്വസ്ഥതയും, പനി കുറഞ്ഞതിന് ശേഷം പെട്ടെന്ന് അവസ്ഥ വഷളാകല്‍ എന്നിവ കണ്ടാല്‍ ഉടൻ വൈദ്യസഹായം തേടേണ്ടതാണ്. പനി കുറയുമ്പോൾ രോഗം ഭേദമാകുന്നു എന്ന് കരുതരുത്. പല ഗുരുതരമായ സങ്കീർണതകളും ഈ ഘട്ടത്തിലാണ് ഉണ്ടാകുന്നത്. അതിനാൽ ഡെങ്കി സംശയിച്ചാൽ കൃത്യമായ വൈദ്യപരിശോധനയും നിരീക്ഷണവും അത്യന്താപേക്ഷിതമാണ്.

വരാതെ നോക്കാന്‍ കരുതേണ്ടത്

കൊതുകുകൾ പെരുകുന്നത് തടയുകയാണ് ഡെങ്കിപ്പകർച്ച കുറയ്ക്കാനുള്ള ഏറ്റവും ഫലപ്രദമായ വഴി. വീടും പരിസരവും കൃത്യമായി പരിശോധിച്ച് കെട്ടിക്കിടക്കുന്ന വെള്ളം ഒഴിവാക്കുക. വെള്ളം സൂക്ഷിക്കുന്ന പാത്രങ്ങൾ അടച്ചുവെക്കുക,  വാട്ടർ കൂളറുകളും മറ്റ് പാത്രങ്ങളും പതിവായി കഴുകി ഉണക്കുക. ടയറുകൾ, ബോട്ടിലുകൾ, ബക്കറ്റുകൾ, ചെടിച്ചട്ടിയുടെ അടിയിലെ പ്ലേറ്റുകൾ എന്നിവ തുറസ്സായ സ്ഥലങ്ങളിൽ ഇടരുത്. കൊതുകു നിവാരണ ക്രീമുകൾ ഉപയോഗിക്കുക, ശരീരം പരമാവധി മൂടുന്ന വസ്ത്രങ്ങൾ ധരിക്കുക.

വേണം സാമൂഹികതല പ്രതിരോധം

ഈഡിസ് കൊതുകുകൾക്ക് വളരെ ചെറിയ അളവിലുള്ള വെള്ളത്തിൽ പോലും വളരാൻ കഴിയുന്നതിനാൽ ഇതിന് ഏകോപിപ്പിച്ചുള്ള സാമൂഹിക പ്രവർത്തനം ആവശ്യമാണ്. നിർമ്മാണ സ്ഥലങ്ങൾ, പൊതുസ്ഥലങ്ങൾ, ഓടകൾ, മാലിന്യ കേന്ദ്രങ്ങൾ എന്നിവ കൃത്യമായി നിരീക്ഷിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പൊതുജനങ്ങളും ഒരുമിച്ച് പ്രവർത്തിച്ചാൽ മാത്രമേ കൊതുകു പ്രജനന കേന്ദ്രങ്ങൾ ഇല്ലാതാക്കാൻ സാധിക്കൂ.

Kerala Battles Rising Dengue Fever Amidst Monsoon Rains:

Dengue fever cases are rising in Kerala as monsoon rains and summer showers intensify, creating ideal breeding conditions for Aedes mosquitoes. Health authorities are urging increased vigilance and preventive measures across the state, particularly in urban areas