hospital

TOPICS COVERED

ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും എച്ച്1എൻ1  കേസുകൾ വർദ്ധിച്ചുവരുന്നത് വൈറൽ ഇന്‍ഫെക്ഷൻ മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിക്കുന്നു. പ്രായമായവർ, കൊച്ചുകുട്ടികൾ, ഗർഭിണികൾ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ എന്നിവരിൽ രോഗപ്രതിരോധ ശേഷി കുറവായതിനാൽ ഇത് കൂടുതൽ ഗുരുതരമാകാൻ സാധ്യതയുണ്ട്. എച്ച്1എൻ1 വൈറൽ ബാധയ്ക്ക് ശേഷം ഉണ്ടാകാവുന്ന പ്രധാന ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ് ബാക്ടീരിയൽ ന്യൂമോണിയ. ശ്വസനവ്യവസ്ഥയെ ബാധിക്കുന്നതിനാൽ ഇത് വളരെ ഗുരുതരവുമാണ്. ഫ്ലൂ ബാധയില്‍ നിന്ന് ചിലർ മുക്തി നേടിയേക്കാമെങ്കിലും ശ്വാസകോശ പാതയ്ക്ക് കേടുപാടുകൾ സംഭവിച്ചതിനാൽ ബാക്ടീരിയകൾ ശരീരത്തിനുള്ളിൽ പ്രവേശിച്ച് സെക്കൻഡറി ബാക്ടീരിയൽ ഇൻഫെക്ഷന് വഴിയൊരുക്കുന്നു. പ്രധാനമായും സ്ട്രെപ്റ്റോകോക്കസ് ന്യൂമോണിയ, സ്റ്റാഫിലോകോക്കസ് ഓറിയസ്, ഹീമോഫിലസ് ഇൻഫ്ലുവൻസ എന്നീ ബാക്ടീരിയകളാണ് ഈ ന്യൂമോണിയയ്ക്ക് കാരണമാകുന്നത്. ചില മുൻകരുതൽ ലക്ഷണങ്ങളിലൂടെ ഇത് തിരിച്ചറിയാൻ സാധിക്കും. 

എന്താണ് സെക്കൻഡറി ബാക്ടീരിയൽ ന്യൂമോണിയ? 

എച്ച്1എൻ1 വൈറസ് ശ്വാസകോശ പാതയെ തകരാറിലാക്കുകയും ദുർബലപ്പെടുത്തുകയും ചെയ്യുന്ന അവസ്ഥയാണിത്. വൈറസ് ബാധിച്ചതിന് ശേഷം ബാക്ടീരിയകൾ ശ്വാസകോശത്തിലേക്ക് പ്രവേശിക്കാൻ ഇത് വഴിയൊരുക്കുന്നു. രോഗം കുറഞ്ഞതിന് ശേഷം പനി വീണ്ടും വരുന്നത്, കഫത്തോടെയുള്ള ചുമ, നെഞ്ചുവേദന, ശ്വാസംമുട്ടൽ എന്നിവയാണ് ഇതിന്‍റെ പ്രധാന ലക്ഷണങ്ങള്‍. ലാൻസെറ്റ് ജേണലിന്റെ പഠനമനുസരിച്ച് എച്ച്1എൻ1 കേസുകളിൽ 20-30% മാത്രമാണ് ബാക്ടീരിയൽ ഇൻഫെക്ഷനായി മാറാറുള്ളത്. എന്നാൽ കൃത്യസമയത്ത് വൈദ്യസഹായം ലഭിച്ചില്ലെങ്കിൽ ഇത് ഗുരുതരമായേക്കാം. 

എന്തുകൊണ്ടാണ് എച്ച്1എൻ1ന് ശേഷം ബാക്ടീരിയൽ ന്യൂമോണിയ ഉണ്ടാകുന്നത്?

എച്ച്1എൻ1 വൈറൽ ഇൻഫെക്ഷൻ ശ്വാസകോശത്തിന്റെ സ്വാഭാവിക രോഗപ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്തുന്നു. ഇത് മൂക്കിലും തൊണ്ടയിലുമുള്ള ബാക്ടീരിയകൾക്ക് ശ്വാസകോശത്തിലേക്ക് എളുപ്പത്തിൽ കടക്കാനും ഇൻഫെക്ഷൻ ഉണ്ടാക്കാനും അവസരമൊരുക്കുന്നു. ശ്വാസകോശ പാതയിലെയും ശ്വാസകോശത്തിലെയും എപ്പിത്തീലിയൽ കോശങ്ങളെ വൈറസ് നശിപ്പിക്കുന്നു. ബാക്ടീരിയകളെ തടഞ്ഞുനിർത്തുന്ന പ്രകൃതിദത്ത കവചമാണ് ഈ കോശങ്ങൾ. ക്ലിനിക്കൽ മൈക്രോബയോളജി ജേണലിലെ പഠനം അനുസരിച്ച് എച്ച്1എൻ1 വൈറസ് ശ്വാസകോശത്തിന്‍റെ സംരക്ഷണ ഭിത്തിയിൽ സൂക്ഷ്മമായ വിടവുകൾ ഉണ്ടാക്കുകയും ബാക്ടീരിയകൾക്ക് ശ്വാസകോശത്തിലേക്ക് പ്രവേശിക്കാൻ വഴിയൊരുക്കുകയും ചെയ്യുന്നു. 

സെക്കൻഡറി ബാക്ടീരിയൽ ന്യൂമോണിയയുടെ ലക്ഷണങ്ങൾ

ബി.എം.സി ഇൻഫെക്ഷ്യസ് ഡിസീസസ് ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണമനുസരിച്ച് എച്ച്1എൻ1 കേസുകളിൽ ഏകദേശം 23% ആളുകളിൽ സെക്കൻഡറി ബാക്ടീരിയൽ ഇൻഫെക്ഷൻ കാണപ്പെടുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരിൽ 19% കേസുകളും സെക്കൻഡറി ബാക്ടീരിയൽ ഇൻഫെക്ഷൻ മൂലമാണ്.

1. ആദ്യ രോഗശാന്തിക്ക് ശേഷം പനി വീണ്ടും വരുന്നത്

ഇൻഫെക്ഷൻ ശരീരത്തിൽ വീണ്ടും സജീവമകുന്നതിന്‍റെ ലക്ഷണമാണിത്. ഇന്റർനാഷണൽ ജേണൽ ഓഫ് ഇൻഫെക്ഷ്യസ് ഡിസീസ് ചൂണ്ടിക്കാണിക്കുന്നതനുസരിച്ച് സാധാരണ താപനിലയിലായി കുറച്ചു ദിവസങ്ങൾക്ക് ശേഷം ശരീരതാപനില 38.5 ഡിഗ്രി സെല്‍സ്യസ് അല്ലെങ്കിൽ അതിൽ കൂടുതലായി ഉയർന്നേക്കാം. 

2. ചുമ കൂടുന്നതും കഫത്തിന്‍റെ നിറം മാറുന്നതും

h1n1

മഞ്ഞ, പച്ച അല്ലെങ്കിൽ രക്തം കലർന്ന കഫത്തോടെയുള്ള ചുമ ഉണ്ടാകുന്നു. ശ്വാസനാളത്തിൽ പഴുപ്പ്, രോഗപ്രതിരോധ കോശങ്ങൾ, കോശ അവശിഷ്ടങ്ങൾ എന്നിവ അടിഞ്ഞുകൂടുന്നതാണ് കഫത്തിന്റെ നിറം മാറാൻ കാരണം.

3. ശ്വാസംമുട്ടൽ

കോണിപ്പടികൾ കയറുക, നടക്കുക തുടങ്ങിയ സാധാരണ കാര്യങ്ങൾ ചെയ്യുമ്പോൾ ശ്വാസംമുട്ടൽ അനുഭവപ്പെടുകയോ ദീർഘശ്വാസം എടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയോ ചെയ്യുന്നത് ശ്വസനവ്യവസ്ഥ ദുർബലമായതിന്‍റെ ലക്ഷണമാണ്. 

4. നെഞ്ചുവേദന

ദീർഘശ്വാസമെടുക്കുമ്പോൾ അനുഭവപ്പെടുന്ന കഠിനമായ വേദന ശ്വാസകോശത്തിന് ചുറ്റുമുള്ള കോശങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതിന്റെ സൂചനയാകാം.

5. കഠിനമായ ക്ഷീണം

ശരീരത്തിലെ വീക്കവും ഓക്സിജന്‍റെ അളവ് കുറയുന്നതും കാരണം ഊർജം പൂർണമായും നഷ്ടപ്പെടുന്നു. വൈറൽ ബാധയ്ക്ക് ശേഷമുള്ള സാധാരണ ക്ഷീണത്തേക്കാൾ വളരെ കൂടുതലായിരിക്കും ഇത്. 

6. ഓക്സിജൻ അളവ് കുറയുന്നത്

പൾസ് ഓക്സിമീറ്റർ ഉപയോഗിച്ച് അളക്കുമ്പോൾ രക്തത്തിലെ ഓക്സിജന്‍റെ അളവ് കുറയുന്നതായി കാണാം. ശ്വാസകോശത്തിലെ വീക്കവും ദ്രാവകം അടിഞ്ഞുകൂടുന്നതും കാരണം വായു അറകളിലേക്ക് ഓക്സിജൻ എത്തുന്നത് തടസ്സപ്പെടുന്നു.

7. ആശയക്കുഴപ്പം അല്ലെങ്കിൽ തലകറക്കം

പ്രായമായവരിൽ രക്തത്തിൽ ഓക്സിജൻ കുറയുന്നതും പനിയും ഇൻഫെക്ഷനും കാരണം മാനസികമായി ആശയക്കുഴപ്പം കാണപ്പെടാം. ഇത്തരം സാഹചര്യങ്ങളിൽ അടിയന്തര വൈദ്യസഹായം അത്യന്താപേക്ഷിതമാണ്. 

സാധാരണ എച്ച്1എൻ1 രോഗമുക്തിയിൽ നിന്നുള്ള വ്യത്യാസം

സാധാരണ രോഗമുക്തിയില്‍ പനി കുറയുകയും ശ്വാസോച്ഛാസം സാധാരണ ഗതിയിലാവുകയും ചെയ്യും. എന്നാല്‍ സെക്കൻഡറി ബാക്ടീരിയൽ ന്യൂമോണിയ രോഗാവസ്ഥയെ വീണ്ടും വഷളാകുന്നു. പനി തിരിച്ചുവരികയും ശ്വാസോച്ഛാസത്തിലെ പ്രയാസങ്ങള്‍ കൂടുകയും ചെയ്യും. ഊര്‍ജം പതുക്കെ കുറയുകയും ക്ഷീണം അനുഭവപ്പെടുകയും ചെയ്യും. 

ഉയര്‍ന്ന അപകടസാധ്യത ആര്‍ക്കൊക്കെ?

പ്രായമായവർ, 5 വയസ്സിന് താഴെയുള്ള കുട്ടികൾ, ഗർഭിണികൾ, ആസ്ത്മ രോഗികൾ, പ്രമേഹ രോഗികൾ, ഹൃദ്രോഗികൾ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ എന്നിവരാണ് സെക്കൻഡറി ബാക്ടീരിയൽ ന്യൂമോണിയ ബാധയില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടത്. ഇത്തരക്കാര്‍  ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഡോക്ടറെ കാണുക. ശ്വാസം മുട്ടല്‍ അനുഭപ്പെടുകയോ പനി വീണ്ടും വരിക, ചുണ്ടുകളിൽ നീല നിറം, ആശയക്കുഴപ്പം എന്നിവ തോന്നിയാല്‍ വൈദ്യസഹായം തേടാന്‍ താമസിക്കരുത്. 

അടിയന്തര ചികിത്സ ആവശ്യമുണ്ടോ?

എച്ച്1എൻ1ന് ശേഷമുള്ള ന്യൂമോണിയ പെട്ടെന്ന് ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ ലക്ഷണങ്ങള്‍ കണ്ടാല്‍ വൈകാതെ ഡോക്ടറുടെ സേവനം തേടേണ്ടതാണ്. ശാരീരിക പരിശോധന, നെഞ്ചിന്‍റെ എക്സ്-റേ, ഓക്സിജൻ അളവ് പരിശോധന, രക്തപരിശോധനകൾ എന്നിവയിലൂടെ ആരോഗ്യവിദഗ്ധര്‍ക്ക് രോഗം സ്ഥിരീകരിക്കാനാകും. വാർഷിക ഇൻഫ്ലുവൻസ വാക്സിനേഷൻ, ന്യൂമോകോക്കൽ വാക്സിൻ (Pneumococcal vaccination) എന്നിവ എടുക്കുന്നതിലൂടെ സെക്കൻഡറി ബാക്ടീരിയൽ ന്യൂമോണിയ തടയാൻ സാധിക്കും. കൈകളുടെ ശുചിത്വം പാലിക്കുക, കൃത്യമായ വിശ്രമവും ആവശ്യത്തിന് വെള്ളവും കുടിക്കുക, പുകവലി പൂർണമായും ഒഴിവാക്കുക എന്നിവയിലൂടെയും രോഗബാധ തടയാന്‍ സാധിക്കും. 

ഫ്ലൂ വാക്സീനുകൾക്ക് ന്യൂമോണിയയ്ക്കുള്ള സാധ്യത കുറയ്ക്കുമോ?

പനി സീസൺ ആരംഭിക്കുന്നതിന് മുൻപ് വാക്സീനുകള്‍ സ്വീകരിക്കുകയാണെങ്കിൽ ഫ്ലൂ വാക്സീനുകൾക്ക് ന്യൂമോണിയയ്ക്കുള്ള സാധ്യത കുറയ്ക്കാൻ സാധിക്കും. കൂടാതെ, വർഷം തോറുമുള്ള ബൂസ്റ്റർ ഡോസുകൾ സെക്കൻഡറി ഇൻഫെക്ഷനുകൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാന്‍ സഹായിക്കും. 

ചുരുക്കിപ്പറഞ്ഞാല്‍ എച്ച്1എൻ1 ബാധയ്ക്ക് ശേഷം ഉണ്ടാകുന്ന സെക്കൻഡറി ബാക്ടീരിയൽ ന്യൂമോണിയ ഗുരുതരമാണെങ്കിലും ചികിത്സിച്ചു മാറ്റാൻ സാധിക്കുന്ന ഒരു ആരോഗ്യ പ്രശ്നമാണ്. ലക്ഷണങ്ങൾ കൂടുതൽ വഷളാകുന്നതിന് മുൻപ് തന്നെ മുന്നറിയിപ്പ് ലക്ഷണങ്ങൾ ശ്രദ്ധിക്കുകയും കൃത്യസമയത്ത് വൈദ്യസഹായം തേടുകയും ചെയ്യുക എന്നതാണ് പ്രധാനം.

Understanding Secondary Bacterial Pneumonia After H1N1:

Secondary bacterial pneumonia following H1N1 is a serious concern that requires prompt medical attention. Early recognition of symptoms and timely intervention are crucial for effective treatment and recovery