bellyfat

TOPICS COVERED

അടിവയറ്റിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പ് അമിത രക്തസമ്മർദം, ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് നമുക്കറിയാം. എന്നാൽ കുടവയർ തലച്ചോറിന്‍റെ ആരോഗ്യത്തെയും ബാധിച്ചേക്കാമെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. വയറിനുള്ളിൽ അടിഞ്ഞുകൂടുന്ന അധിക കൊഴുപ്പ് ഓർമക്കുറവ്, ചിന്താശേഷിയിലെ കുറവ്, ഡിമെൻഷ്യ എന്നിവയുടെ സാധ്യത വർധിപ്പിച്ചേക്കാം.

എന്താണ് കുടവയറും തലച്ചോറും തമ്മിലുള്ള ബന്ധം?

ചർമ്മത്തിന് തൊട്ടുതാഴെ അടിഞ്ഞുകൂടുന്ന കൊഴുപ്പിനെക്കാൾ അപകടകാരിയാണ് വയറിനുള്ളിലെ ആന്തരാവയവങ്ങൾക്ക് ചുറ്റും അടിഞ്ഞുകൂടുന്ന വിസറൽ ഫാറ്റ് (Visceral Fat). ഇത് ശരീരത്തിൽ വെറുതെ സംഭരിക്കപ്പെടുന്ന കൊഴുപ്പ് മാത്രമല്ല. നിരന്തരമായ വീക്കത്തിന്  കാരണമാകുന്ന വിവിധ രാസവസ്തുക്കളും ഹോർമോണുകളും ഇത് പുറപ്പെടുവിച്ചേക്കാം.

അടിവയറ്റിൽ കൂടുതൽ കൊഴുപ്പുള്ളവരിൽ പ്രായം കൂടുന്നതിനനുസരിച്ച് തലച്ചോറിന്റെ വലിപ്പം വേഗത്തിൽ കുറയാനുള്ള സാധ്യതയുണ്ടെന്ന് എം.ആർ.ഐ. സ്കാനുകൾ ഉപയോഗിച്ച് നടത്തിയ ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. ഓർമകളെ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന തലച്ചോറിന്റെ ഭാഗമായ ഹിപ്പോകാമ്പസിന്റെ (Hippocampus) വലിപ്പം കുറയുന്നതുമായി വിസറൽ ഫാറ്റിന് ബന്ധമുണ്ടാകാമെന്നും ഗവേഷണങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഇതുവഴി ഓർമശക്തിയെയും ബാധിച്ചേക്കാം.

പ്രത്യേകിച്ച് 50 വയസിന് ശേഷമുള്ളവരിൽ അമിതമായ വയറിലെ കൊഴുപ്പ് അൽഷിമേഴ്സ്, ഡിമെൻഷ്യ തുടങ്ങിയ രോഗങ്ങളുടെ സാധ്യത വർധിപ്പിച്ചേക്കാം. ചിന്താശേഷിയെയും ശ്രദ്ധയെയും ഇത് ബാധിക്കാം.

വിസറൽ ഫാറ്റ് ഇൻസുലിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുന്നതിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യാം. ഇത് തലച്ചോറിലേക്കുള്ള രക്തയോട്ടത്തെയും ബാധിക്കാനുള്ള സാധ്യതയുണ്ട്. കൂടാതെ, ഈ കൊഴുപ്പ് പുറപ്പെടുവിക്കുന്ന ചില രാസവസ്തുക്കൾ തലച്ചോറിലെ ചെറു രക്തക്കുഴലുകൾക്ക് കേടുപാടുകൾ വരുത്താനും സാധ്യതയുണ്ട്.

പരിഹാരമില്ലേ?

പേടിക്കേണ്ട. കുടവയർ കുറയ്ക്കുന്നതിലൂടെ ഇതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളുടെ സാധ്യത കുറയ്ക്കാൻ സാധിക്കും. ഭക്ഷണക്രമത്തിൽ വരുത്തുന്ന മാറ്റങ്ങൾ, കൃത്യമായ വ്യായാമം, ശരീരഭാരം നിയന്ത്രിക്കൽ, മതിയായ ഉറക്കം എന്നിവ ഉൾപ്പെടെയുള്ള ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നത് സഹായകരമാണ്.

വയറിലെ കൊഴുപ്പ് കുറയ്ക്കുന്നത് ഹൃദയത്തിന്റെയും ശരീരത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനൊപ്പം തലച്ചോറിന്റെ ആരോഗ്യവും സംരക്ഷിക്കാൻ സഹായിച്ചേക്കാം. ഓർമശക്തിയും തലച്ചോറിന്റെ പ്രവർത്തനവും ദീർഘകാലം ആരോഗ്യകരമായി നിലനിർത്താൻ ജീവിതശൈലിയിൽ ചെറിയ മാറ്റങ്ങൾ പോലും പ്രധാനമാണ്.

ENGLISH SUMMARY:

Belly fat's impact on brain health is significant, with new studies indicating that accumulated abdominal fat can lead to memory loss, reduced cognitive function, and an increased risk of dementia. Reducing belly fat through healthy lifestyle changes can protect not only your body but also your brain's long-term health.