വൃക്കരോഗങ്ങള്‍ക്ക് കാരണമാകുന്നു, അലര്‍ജിക്ക് കാരണമാകുന്നു, ശ്വാസകോശം തകരും. ഇതെല്ലാമാണ് ഉള്ളത്തൊലിയില്‍ കാണപ്പെടുന്ന കറുത്ത പൊടി കാരണമുണ്ടായേക്കാവുന്ന അസുഖങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന ഒരു പോസ്റ്റ് പറയുന്നത്. നിരവധി ഷെയറുകളും ലൈക്കുകളും നിറഞ്ഞ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് പക്ഷെ എത്രത്തോളം സത്യമാണ്. ഉള്ളിത്തൊലിയിലെ കറുത്ത പൊടി അത്ര അപകടകാരിയാണോ? ശാസ്ത്രത്തെ സമീപിക്കാം.
ഉള്ളിത്തൊലിയില്‍ കാണപ്പെടുന്ന കറുത്ത പൊടി യഥാര്‍ഥത്തില്‍ ഒരു പൊടിയല്ല മറിച്ച് അസ്പെര്‍ഗില്ലസ് നൈഗര്‍ എന്ന ഇത്തിരിക്കുഞ്ഞന്‍ ഫംഗസാണ്. ഈര്‍പ്പവും ചൂടുമുള്ള സ്ഥലത്താണ് ഈ ഫംഗസ് വളരുക. ഒരുള്ളിയെ പല തരത്തിലും ഈ ഫംഗസ് ബാധിച്ചേക്കാം. അത് മണ്ണില്‍ മുളപൊട്ടുന്ന സമയത്താകാം, വിളവെടുപ്പ് സമയത്താകാം, വിളവെടുത്ത് കൊണ്ടുപോകുന്ന വാഹനങ്ങളില്‍ നിന്നാകാം, അല്ലെങ്കില്‍ അടുക്കളയില്‍ നിന്നുമാകാം. ഉള്ളിത്തൊലിയുടെ ചൂടേറ്റും ഉള്ളിയുടെ സ്വാഭാവിക നനവേറ്റും ഉള്ളിയില്‍ വളരാന്‍ ഈ ഫംഗസിന് വളരെ ഇഷ്ടമാണെന്നര്‍ഥം.
എന്നാല്‍ ഭയക്കണോ ഈ ഫംഗസിനെ? അത്രയ്ക്കങ്ങോട്ട് ഭയക്കാന്‍ ഉള്ള ഒന്നും ഇല്ലെന്നാണ് ശാസ്ത്രം പറയുന്നത്. പുറമെ കയ്യിലോ ശരീരത്തിലെ മറ്റേതെങ്കിലും ഭാഗത്തോ ഫംഗസ് തട്ടിയാല്‍ പ്രത്യേകിച്ച് കുഴപ്പമൊന്നും തന്നെയുണ്ടാകില്ല. പക്ഷെ ഫംഗസിനെ തൊട്ട് പിന്നീട് കണ്ണിലോ മൂക്കിലോ തൊട്ടാല്‍ ചൊറിച്ചില്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അറിയാതെ കഴിച്ചാല്‍ അപകടമൊന്നുമില്ല. വയറ്റിലെ ആസിഡ് ഫംഗസിനെ അനായാസമായി ദഹിപ്പിക്കും.
എന്നാല്‍ ചീഞ്ഞ അല്ലെങ്കില്‍ വാടിയ ഉള്ളിയില്‍ വളരുന്ന ഈ ഫംഗസ് അല്‍പം അപകടകാരിയാണ്. ചീഞ്ഞ ഉള്ളിയില്‍ വളരുന്ന ഫംഗസ് മൈകോടോക്സിന്‍സ് എന്ന വിഷാശങ്ങള്‍ ഉല്‍പാദിപ്പിക്കും. ഇത് തുടര്‍ച്ചയായി കഴിച്ചാല്‍ കരളിനും വൃക്കകള്‍ക്കും അപകടകരമായേക്കാനുള്ള സാധ്യതയുണ്ട്. എന്നാല്‍ ഉള്ളിത്തൊലിയിലെ ഫംഗസിനെ മൂക്കിലേക്ക് വലിച്ചുകയറ്റിയാലാണ് പണിയാവുക. ഇത് സാധാരണ ഒരാള്‍ക്ക് തുമ്മലും ചുമയും ഉണ്ടാക്കും. എന്നാല്‍ ആസ്മ, പൂമ്പൊടി അലര്‍ജി (Pollen Allergy) ഉള്ളവര്‍ക്ക് ഇത് ഗുരുതരമായേക്കാം.
ചുരുക്കത്തില്‍ പറഞ്ഞാല്‍ ആരോഗ്യപരമായി പിന്നോട്ട് നില്‍ക്കുന്നവര്‍ക്ക് ഉള്ളിത്തൊലിയിലെ ഇത്തിരിക്കുഞ്ഞന്‍ ഫംഗസ് ഒത്തിരി അപകടങ്ങള്‍ക്ക് കാരണമായേക്കാം. പക്ഷെ ശരാശരി മനുഷ്യന് അത്ര ഡേഞ്ചറല്ല. ഉള്ളിത്തൊലിയിലെ ഫംഗസിനെ നിയന്ത്രിക്കണമെങ്കില്‍ കഴുകലാണ് പ്രധാന മാര്‍ഗം. കഴുകി തുടച്ചാല്‍ ഫംഗസ് മുഴുവനും ഒഴുകിപ്പോകും. ഇത് കൂടാതെ തണുത്ത കാലാവസ്ഥയില്‍ ഇതിന് പടരാനാകില്ല. റഫ്രിജറേറ്ററുകളില്‍ പാത്രത്തിലോ കവറിലോ ആക്കി വയ്ക്കുന്നത് നല്ലതായിരിക്കും. കൂടാതെ ഉരുളക്കിഴങ്ങുകളുമായി അകറ്റി വയ്ക്കുന്നതും ഫംഗസ് വളരാതിരിക്കാന്‍ കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്.