വൈറസുകള്‍ ഉണ്ടാക്കുന്ന രോഗങ്ങളുടെ വ്യാപനമാണ് ലോകമെങ്ങും ഇപ്പോള്‍ ആരോഗ്യമേഖലയെ പ്രതിസന്ധിയിലാക്കുന്നത്. ഹന്റാ വൈറസിനും നോറോ വൈറസിനും ശേഷം ആഫ്രിക്കയില്‍ വ്യാപകമായി പടരുന്ന എബോള വൈറസാണ് പുതിയ ആശങ്ക. കോംഗോ, യുഗാണ്ട എന്നീ രാജ്യങ്ങളിലെ രോഗവ്യാപനത്തിന്റെ വേഗവും വ്യാപ്തിയും കണക്കിലെടുത്ത് ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകഴിഞ്ഞു. ഇതനുസരിച്ച് മിക്ക രാജ്യങ്ങളും അതിർത്തികളിൽ പരിശോധനയും ക്വാറന്റൈൻ സംവിധാനങ്ങളും വര്‍ധിപ്പിച്ചു.
എന്താണ് എബോള വൈറസ്? നമ്മൾ എന്തെല്ലാം മുൻകരുതലുകൾ എടുക്കണം?
എബോള വൈറസ് ഡിസീസ് (Ebola virus disease), എബോള ഹെമറേജിക് ഫീവർ (Ebola haemorrhagic fever) എന്നീ പേരുകളിൽ അറിയപ്പെടുന്ന എബോള, മനുഷ്യരിൽ മാരകമായ രക്തസ്രാവത്തോടുകൂടിയ പനിയുണ്ടാക്കുന്ന വൈറസ് രോഗമാണ്. 1976-ല്‍ കോംഗോയിലെ എബോള നദിയുടെ തീരത്തുള്ള ഒരു ഗ്രാമത്തിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തുന്നത്. സാധാരണ, പഴംതീനി വവ്വാലുകളിൽനിന്നാണ് ഈ വൈറസ് മനുഷ്യരിലെത്തുന്നത്. ചിമ്പൻസി, കുരങ്ങ്, ഗറില്ല, പന്നി തുടങ്ങിയ മൃഗങ്ങളിൽനിന്നും മനുഷ്യരിലേക്ക് വൈറസ് പകരുന്നതായി തെളിഞ്ഞിട്ടുണ്ട്. രോഗികളുടെ ശരീരസ്രവങ്ങൾ, രക്തം, അവർ ഉപയോഗിച്ച വസ്തുക്കൾ എന്നിവയുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് രോഗം പകരുന്നത്. ഇപ്പോൾ ആഫ്രിക്കയിൽ പടരുന്നത് എബോളയുടെ 'ബുന്ദിബുഗ്യോ' (Bundibugyo) എന്ന അപൂർവ്വ ഇനമാണ്. വൈറസ് ബാധ സംശയിക്കുന്ന ആയിരത്തോളം പേരില്‍ ഇരുനൂറിലേറെപ്പേര്‍ മരിച്ചു. പഴയ 'സയർ' (Zaire) വൈറസ് വകഭേദങ്ങളെ അപേക്ഷിച്ച് പുതിയ വകഭേദത്തിന് കൃത്യമായ ചികില്‍സയോ വാക്സീനോ ഇല്ല എന്നതും സാഹചര്യത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.
രോഗപ്പകര്‍ച്ചയും രോഗലക്ഷണങ്ങളും
രോഗികളുടെ രക്തം, മറ്റ് ശരീരസ്രവങ്ങൾ എന്നിവയിലൂടെയാണ് എബോള വൈറസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്നത്. വൈറസ് ശരീരത്തിൽ പ്രവേശിച്ചുകഴിഞ്ഞാൽ, 2 മുതൽ 21 ദിവസങ്ങൾക്കകം രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും. തുടക്കത്തില്‍ മറ്റ് പല രോഗങ്ങള്‍ക്കുമുള്ള പൊതുവായ ലക്ഷണങ്ങളാണ് പ്രകടമാകുക. പെട്ടെന്നുണ്ടാകുന്ന കടുത്ത പനി, ശരീരവേദന, പേശിവേദന, തലവേദന, അസഹ്യമായ തൊണ്ടവേദന, കടുത്ത ക്ഷീണം എന്നിവയാണ് ആദ്യ ഘട്ടത്തിൽ അനുഭവപ്പെടുക.
രോഗം മൂർച്ഛിക്കുന്നതോടെ ഛർദ്ദി, വയറിളക്കം, ചർമ്മത്തിൽ ചുവന്ന പാടുകൾ, വൃക്കകളുടെയും കരളിന്റെയും പ്രവർത്തന തകരാറുകൾ എന്നിവ സംഭവിക്കാം. രോഗം വീണ്ടും വഷളായാല്‍ ആന്തരികവും ബാഹ്യവുമായ രക്തസ്രാവം ഉണ്ടാകും. ഇതാണ് ഏറ്റവും സങ്കീര്‍ണമായ അവസ്ഥ. മലത്തിലൂടെയും ഛർദ്ദിയിലൂടെയും രക്തം പോവുക, ചർമ്മത്തിനടിയിലും മൂക്കിൽ നിന്നും കണ്ണിൽ നിന്നും ചോര വരിക എന്നിവ സംഭവിക്കാം. മരണനിരക്ക് 50 ശതമാനത്തോളം വരും എന്നതാണ് ഏറ്റവും ഭീതിദമായ വസ്തുത. വൈറസ് ബാധ അതിജീവിച്ചവരില്‍ തലവേദന, സന്ധിവേദന തുടങ്ങിയ പ്രശ്നങ്ങള്‍ ദീർഘകാലം അനുഭവപ്പെട്ടേക്കാമെന്നും പഠനങ്ങള്‍ പറയുന്നു.
എബോള വൈറസ് കുടുംബത്തിൽ ആറ് ഇനങ്ങളാണുള്ളത്. ഇതിൽ സൈർ (Zaire ebolavirus), സുഡാൻ (Sudan ebolavirus), ബുണ്ടിബഗ്യോ (Bundibugyo ebolavirus), തായ് ഫോറസ്റ്റ് (Taï Forest ebolavirus) എന്നീ നാലു വകഭേദങ്ങളാണ് മനുഷ്യരിൽ രോഗമുണ്ടാക്കാൻ ശേഷിയുള്ളവ. കോംഗോയില്‍ ആദ്യം 318 പേരെ രോഗം ബാധിച്ചപ്പോള്‍ 280 പേര് മരിച്ചു. സുഡാനിൽ വൈറസ് ബാധിച്ച 284 പേരില്‍ 151 പേരും മരിച്ചു. 2014-'16 കാലയളവിൽ സിയറ ലിയോൺ, ലൈബീരിയ, ഗിനി എന്നീ രാജ്യങ്ങളിൽ വീണ്ടും എബോള പടര്‍ന്നുപിടിച്ചതോടെ ലോകം വീണ്ടും ആശങ്കയിലായി. 2018-'20 കാലത്തും കോംഗോയിൽ എബോള ബാധയില്‍ 2,299 പേർ മരിച്ചു. 2021ലും കോംഗോ, ഗിനി തുടങ്ങിയ രാജ്യങ്ങളിൽ ഒറ്റപ്പെട്ട കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.
കൃത്യമായ മരുന്നില്ലാത്തതിനാൽ പ്രതിരോധം മാത്രമാണ് എബോളയെ തടയാന്‍ ഏക വഴി. രോഗബാധിതരായ ആളുകളുടെ രക്തം, ഉമിനീര്, മൂത്രം, വിയർപ്പ് തുടങ്ങിയ ശരീരസ്രവങ്ങളുമായി ഒരു കാരണവശാലും നേരിട്ട് സമ്പർക്കം പുലർത്തരുത്. രോഗികൾ ഉപയോഗിച്ച വസ്ത്രങ്ങളോ കിടക്കയോ തൊടരുത്.രോഗബാധിത പ്രദേശങ്ങളിലെ വന്യമൃഗങ്ങളെ അകറ്റി നിർത്തണം. മൃഗങ്ങളുടെ പച്ചമാംസമോ ശരിയായി വേവിക്കാത്ത മാംസമോ കഴിക്കരുത്. കൈകള്‍ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക. ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ ഉപയോഗിക്കുക. എബോള ബാധിച്ചു മരിച്ച വ്യക്തികളുടെ ശരീരത്തിൽ വൈറസിന്റെ സാന്നിധ്യം വളരെ കൂടുതലായിരിക്കും. അതിനാൽ ആരോഗ്യപ്രവർത്തകരുടെ കർശനമായ മേൽനോട്ടത്തിൽ മാത്രമേ ശവസംസ്കാരം നടത്താവൂ.
കോവിഡ്-19 പോലെയുള്ള വൈറസുകൾ മഹാമാരിയായി മാറിയത്, അവയുടെ വ്യാപനശേഷി കൂടുതലായതും രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിനുമുൻപുതന്നെ വൈറസ് മറ്റുള്ളവരിലേക്ക് പകരുന്നതുമാണ്. എന്നാൽ, എബോള, നിപ, സാർസ്, മെർസ് തുടങ്ങിയ വൈറസുകളുടെ കാര്യത്തിൽ സാഹചര്യം അല്‍പ്പം വ്യത്യസ്തമാണ്. ഇവയുടെ ലക്ഷണങ്ങള്‍ പ്രകടമായിത്തുടങ്ങുമ്പോള് തന്നെ രോഗി ശാരീരികമായി ക്ഷീണിക്കുകയും ആശുപത്രികളിലേക്ക് മാറാൻ നിർബന്ധിതരാകുകയും ചെയ്യുന്നതിനാല്‍ രോഗവ്യാപനത്തിന് വേഗം കുറവായിരിക്കും.
ഇന്ത്യയിൽ എവിടെയും എബോള വൈറസ് കണ്ടെത്തിയിട്ടില്ല. എങ്കിലും കേന്ദ്ര ആരോഗ്യ മന്ത്രാലയം അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. മേയ് അവസാനം ഡൽഹിയിൽ നടക്കേണ്ടിയിരുന്ന ഇന്ത്യ-ആഫ്രിക്ക ഉച്ചകോടി മാറ്റിവെച്ചു. കോംഗോ, യുഗാണ്ട, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളിലേക്ക് അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാനും പൗരന്മാർക്ക് നിർദ്ദേശം നൽകി. ഈ രാജ്യങ്ങളിൽ നിന്ന് നേരിട്ടോ ട്രാൻസിറ്റ് ചെയ്തോ എത്തുന്ന യാത്രക്കാർക്ക് വിമാനത്താവളങ്ങളിൽ കർശന പരിശോധനയും ഏർപ്പെടുത്തിയിട്ടുണ്ട്.
എബോള മാരകമായ ഒരു രോഗമാണെങ്കിലും ശരിയായ അറിവും ജാഗ്രതയും ഉണ്ടെങ്കിൽ ഇതിനെ പ്രതിരോധിക്കാൻ സാധിക്കും. വിദേശത്തു നിന്ന്, പ്രത്യേകിച്ച് എബോള ബാധിത പ്രദേശങ്ങളിൽ നിന്നും എത്തിയവർക്ക് പനിയോ മറ്റ് ലക്ഷണങ്ങളോ കണ്ടാൽ സ്വയം ചികിത്സയ്ക്ക് മുതിരാതെ ഉടൻ ആരോഗ്യവകുപ്പിനെ അറിയിക്കുക. പരിഭ്രാന്തിയല്ല, കൃത്യമായ ജാഗ്രതയാണ് നമുക്കാവശ്യം.