kid-death-hospital
  • കുത്തിവയ്പ്പിനു പിന്നാലെ രോഗി മരിക്കുന്നതെങ്ങനെ?
  • ‘അനാഫിലാക്സിസ്’ എന്ന അതിഗുരുതരമായ അവസ്ഥ
  • ആരോഗ്യവിദഗ്ധര്‍ പറയുന്നു

ശ്വാസതടസവുമായി തിരുവനന്തപുരം കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച രണ്ടര വയസുകാരി മരിച്ച വാര്‍ത്ത വളരെ ഞെട്ടലോടെയാണ് കേരളം കേട്ടത്. കുത്തിവയ്പ്പിനു പിന്നാലെ കുട്ടി മരിച്ചു എന്നായിരുന്നു കുടുംബം പരാതി നല്‍കിയത്. ആര്യനാട് സ്വദേശി സിദ്ധിഖ്, ഫാസിലത്ത് ദമ്പതികളുടെ മകൾ ഐഷ ഫാത്തിമയാണ് മരിച്ചത്. ആര്യനാട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണവും ആരംഭിച്ചു.

കുത്തിവയ്പ്പിനു പിന്നാലെ രോഗി മരിച്ചെന്ന തരത്തില്‍ ഇതിനു മുന്‍പും കേരളത്തില്‍ ഒട്ടേറെത്തവണ പരാതികളും വാര്‍ത്തകളും വന്നിട്ടുണ്ട്. പക്ഷേ യഥാര്‍ത്ഥത്തില്‍ കുത്തിവയ്പ് മരണത്തിനു കാരണമാകുമോ? എന്താണ് ഈ ആരോപണത്തിനു പിന്നിലെ സത്യം, വിദഗ്ധര്‍ പറയുന്നത് നോക്കാം. കുത്തിവയ്പ്പെടുത്തതുകൊണ്ട് ഒരാളും മരിക്കില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. വളരെ ഗുരുതരമായ ആരോഗ്യാവസ്ഥയില്‍ ആശുപത്രിയിലെത്തുന്ന രോഗികളെ രക്ഷിക്കാനാണ് ഡോക്ടര്‍മാര്‍ ശ്രമിക്കുക, ഇതിന്‍റെ ഭാഗമായാണ് കുത്തിവയ്പ്പുള്‍പ്പെടെയുള്ള ചികിത്സകള്‍ ആശുപത്രികള്‍ നല്‍കുന്നത്. എന്നാല്‍ ഇതിനിടെ ഉടനടി കുഴഞ്ഞുവീഴുന്ന ആളുകള്‍ മറ്റു പല സാഹചര്യങ്ങള്‍ കാരണമാണ് മരണപ്പെടുന്നതെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്.

doctor-reaction

കുത്തിവയ്പ്പിനു പിന്നാലെ മരിച്ചു എന്ന പ്രയോഗം പോലും അങ്ങേയറ്റം വിവാദപരവും മോശം സന്ദേശം നല്‍കുന്നതുമാണെന്ന് പറയുന്നു ഡോക്ടര്‍മാര്‍. കൊല്ലാനായിട്ട് ഒരു ഡോക്ടറും കുത്തിവയ്പ് നല്‍കില്ല, ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ഡോക്ടറെ ഇടിക്കാന്‍ തോന്നുന്നതും സ്വാഭാവികമാണ്, യഥാര്‍ഥത്തില്‍ ഈ മരണത്തില്‍ ഡോക്ടര്‍മാര്‍ക്ക് വീഴ്ചയുണ്ടോ? കുഞ്ഞിനെ കൊണ്ടുവന്നപ്പോള്‍ തന്നെ കണ്ണിന് ചുറ്റും നീരുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കണ്ണിന് ചുറ്റും നീര്, രണ്ട് അവസ്ഥയിലാണ് ഉണ്ടാകുന്നത്. ഒന്നാമത്തേത് വളരെ ഗുരുതരമായ അലര്‍ജി അവസ്ഥ , രണ്ട് കിഡ്നിയുടെ പ്രശ്നം.

ശ്വാസംമുട്ടലും കണ്ണിന് ചുറ്റും നീരുമുണ്ടെങ്കില്‍ അതിനര്‍ത്ഥം അനാഫിലാക്സിസിന്‍റെ ഒരു വേര്‍ഷന്‍ സംഭവിച്ചിട്ടുണ്ട് എന്നതാണ്. പല ആളുകള്‍ക്കും പല തരത്തിലായിരിക്കും അലര്‍ജി റിയാക്ഷന്‍ വരുന്നത്. എല്ലാ അലര്‍ജിയുടേയും എക്സ്ട്രീം വേര്‍ഷനാണ് ‘അനാഫിലാക്സിസ്’ അഥവാ മദര്‍ ഓഫ് അലര്‍ജി . കടല്‍വിഭവങ്ങള്‍, കൊഞ്ച്,ചെമ്മീന്‍,നിലക്കടല ഉള്‍പ്പെടെയുള്ള വിഭവങ്ങള്‍ അനാഫിലാക്സിസിന് കാരണമാകാറുണ്ട്. ഈ കുഞ്ഞിനേയും സമാനമായ അവസ്ഥയിലാകാം ആശുപത്രിയിലെത്തിച്ചത്.

വളര്‍ത്തുമൃഗങ്ങളില്‍ നിന്നോ, മരുന്നില്‍ നിന്നോ ഭക്ഷണത്തില്‍ നിന്നോ പരിസ്ഥിതിയില്‍ നിന്നോ ഒക്കെ ഈ അലര്‍ജി സംഭവിച്ചേക്കാം. അതിന്‍റെ ഭാഗമായാകാം ശ്വാസതടസം സംഭവിച്ചതെന്നും പറയുന്നു ഡോക്ടര്‍മാര്‍. ഈ രണ്ടര വയസുകാരിയെ ശ്വാസംമുട്ടലോടെയാണ് ആശുപത്രിയിലെത്തിയത് എന്ന് വ്യക്തമാണ്, ആ അവസ്ഥയില്‍ നല്‍കിയ ഇന്‍ജക്ഷന്‍ മരുന്നിന് പ്രവര്‍ത്തിക്കാനുള്ള സമയം പോലും കിട്ടിക്കാണില്ല. എമര്‍ജന്‍സി സിറ്റുവേഷനില്‍ ടെസ്റ്റ് ഡോസ് നല്‍കല്‍ പോലും പ്രാവര്‍ത്തികമല്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

peanut-allergy

മരണം ഏത് സാഹചര്യത്തില്‍?

പ്രധാനമായും ഗുരുതരമായ അലര്‍ജി റിയാക്ഷനുള്ള വ്യക്തികള്‍ക്കാണ് ഇങ്ങനെ സംഭവിക്കുക. ഒരു രോഗിക്ക് ഏതൊക്കെ മരുന്നുകളോടാണ് അലര്‍ജിയുള്ളതെന്ന് പലപ്പോഴും അവര്‍ക്കോ ഡോക്ടര്‍മാര്‍ക്കോ അറിയാന്‍ കഴിഞ്ഞെന്നുവരില്ല. ടെസ്റ്റ് ഡോസ് കൊടുത്ത ശേഷമേ ഇന്‍ജക്ഷന്‍ നല്‍കാവൂ എന്നുണ്ടെങ്കിലും ക്രിറ്റിക്കല്‍ അവസ്ഥയില്‍ വരുന്നൊരു രോഗിയില്‍ ടെസ്റ്റ് ഡോസിനുള്ള സമയം പോലും ലഭിക്കണമെന്നില്ല.

മള്‍ട്ടി വൈറ്റമിന്‍സ് മുതല്‍ പനി, കീമോതെറാപ്പി, എന്നീ സാഹചര്യങ്ങളില്‍ വരെ നല്‍കാവുന്ന ഇന്‍ജക്ഷനുകളുണ്ട്. ഏത് മരുന്നിനോടും ഇന്‍ജക്ഷനോടും ആര്‍ക്കും ഹൈപ്പര്‍ സെന്‍സിറ്റിവിറ്റി ഉണ്ടാകാം. എക്സ്ട്രീം റിയാക്ഷന്‍ വന്ന് അനാഫിലാക്സിസ് സംഭവിക്കാം. ഗുരുതരമായ അലര്‍ജിയാണിത്. അതായത് ഏതെങ്കിലും ഒരു മരുന്നിനോടോ വസ്തുവിനോടോ ഘടകത്തോടോ ഉള്ള ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തിന്റെ പ്രതികരണമാണിത്. ശ്വാസം മുട്ടല്‍, രക്തസമ്മര്‍ദത്തില്‍ വ്യതിയാനം, വളരെക്കുറഞ്ഞ ബ്ലഡ് പ്രഷര്‍, ബോധം നഷ്ടപ്പെടല്‍, ചൊറിച്ചില്‍ , ചര്‍മത്തിലെ വീക്കം, ഛര്‍ദി,വയറിളക്കം അങ്ങനെ പല തരത്തിലാകും ലക്ഷണങ്ങള്‍.

fish-allergy

അനാഫിലാക്സിസ് സംഭവിച്ചാല്‍ ബ്ലഡ് പ്രഷര്‍ കുറഞ്ഞ്, ഹൃദയം നിലയ്ക്കും. കാഷ്വാലിറ്റിയിലെത്തുന്ന രോഗിക്ക് പല പ്രശ്നങ്ങള്‍ കാണും, ആ സമയത്ത് രക്ഷക്കായി ചെയ്യുന്നത് പലപ്പോഴും വിപരീതഫലമുണ്ടാക്കുന്നത് ഇതിനാലാണ്. നമ്മുടെ സമൂഹത്തില്‍ ഡോക്ടര്‍മാര്‍ക്ക് സൂപ്പര്‍ ഹ്യൂമന്‍ സ്റ്റാറ്റസ് ആണ്, പക്ഷേ ഡോക്ടര്‍മാര്‍ക്ക് ഇത്തരം സാഹചര്യങ്ങളില്‍ ആ പദവിയോട് നൂറുശതമനം നീതിപുലര്‍ത്താനായെന്ന് വരില്ല. നിയന്ത്രണങ്ങള്‍ക്ക് അപ്പുറത്തുള്ള കാര്യങ്ങളാണ് മരണത്തിലേക്ക് എത്തിക്കുന്നത്. ഡോക്ടര്‍മാര്‍ അവരുടെ ജോലി കൃത്യമായി ചെയ്യുന്നു. ഫലം വിപരീതമായാല്‍ ഇടി ഉറപ്പ് എന്ന അവസ്ഥയാണ്.

മരണം എങ്ങിനെ സംഭവിച്ചു എന്ന് ഉറപ്പിക്കാനുള്ള മാര്‍ഗം പോസ്റ്റുമോര്‍ട്ടമാണ്. വിദേശങ്ങളില്‍ ആശുപത്രി മരണങ്ങള്‍ക്ക് പോലും പോസ്റ്റുമോര്‍ട്ടം നടത്തുമെന്നും അത് ഇവിടെയും പ്രാവര്‍ത്തികമാക്കണമെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നു. മരിച്ച രോഗിയെ ചികിത്സിച്ച ഡോക്ടറുടെ കണ്ടെത്തലും പാത്തോളജിസ്റ്റിന്റെ കണ്ടെത്തലും തമ്മില്‍ ബന്ധിപ്പിച്ച് പരിശോധിക്കണം. കേരളത്തിന്‍റെ യഥാര്‍ത്ഥ സിസ്റ്റം തകരാര്‍ മനുഷ്യവഭവശേഷിയിലാണ്. അത് വര്‍ധിപ്പിച്ച് മികച്ച നിലവാരത്തിലുള്ള ആരോഗ്യസുരക്ഷ എല്ലാ ആശുപത്രികളിലും ഉറപ്പാക്കണമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

ENGLISH SUMMARY:

Understanding the tragic death of a two-year-old girl in Kerala following an injection is crucial. While families often blame injections for child deaths, medical experts clarify that such fatalities are rarely caused by the injection itself but rather by severe underlying health conditions like anaphylaxis.