ലോകത്ത് ദശലക്ഷക്കണക്കിന് ആളുകൾക്കാണ് ദിവസവും ഹൃദയാഘാതം സംഭവിക്കുന്നത്. എന്നാല്‍ ഹൃദയാഘാതം ഉണ്ടാകുമ്പോൾ ആദ്യ ഒരു മണിക്കൂറിനുള്ളിൽ ചികിൽസ തേടിയാൽ രക്ഷപ്പെടാനുള്ള സാധ്യത 60 മുതൽ 70 ശതമാനം വരെ ആണെന്നാണ് വിദഗ്ദര്‍ പറയുന്നത്. പക്ഷേ ആ ഘട്ടത്തില്‍ ഒറ്റയ്ക്കാണെങ്കിലോ? പ്രാരംഭ ലക്ഷണങ്ങൾ തിരിച്ചറിയാൻ സാധിക്കാത്തകും വേണ്ടത്ര വേഗത്തിൽ പ്രതികരിക്കാൻ സാധിക്കാത്തതും വില്ലനായി വരാം. അതിനാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ എന്തുചെയ്യണം എന്ന് അറിഞ്ഞുവയ്ക്കുന്നത് ജീവന്‍ രക്ഷിക്കാന്‍ ഉപകരിക്കും.
ഹൃദയാഘാതം
ഹൃദയത്തിലേക്കുള്ള രക്തപ്രവാഹത്തിൽ തടസ്സം ഉണ്ടാകുമ്പോഴാണ് ഹൃദയാഘാതം സംഭവിക്കുന്നത്. ഹൃദയാഘാതത്തിന് ദിവസങ്ങൾക്കോ മാസങ്ങൾക്കോ മുൻപ് പ്രോഡ്രോമൽ സിംപ്റ്റംസ് എന്നറിയപ്പെടുന്ന ഹൃദയാഘാതത്തിലേക്കു നയിക്കുന്ന ലക്ഷണങ്ങൾ മിക്ക ആളുകളിലും പ്രകടമാകും. നെഞ്ചുവേദന, നെഞ്ചിന് കനം, ഹാർട്ട് പാൽപ്പിറ്റേഷൻസ്, ശ്വാസമെടുക്കാൻ പ്രയാസം, നെഞ്ചിന് എരിച്ചിൽ, കടുത്ത ക്ഷീണവും തളർച്ചയും എന്നിവയാണ് ലക്ഷണങ്ങള്‍. ഈ അപകടസൂചനകളെ തിരിച്ചറിഞ്ഞ് വൈദ്യസഹായം തേടുന്നത് പൂർണമായ രോഗമുക്തിക്ക് സഹായിക്കും.
ഹൃദയാഘാതത്തിന് മുമ്പ് മിക്ക ആളുകൾക്കും മുന്നറിയിപ്പ് ലക്ഷണങ്ങൾ കാണപ്പെടാറുണ്ട്. എന്നാല്‍ ഇവ പലപ്പോളും അവഗണിക്കപ്പെടുന്നു. ഇതില്‍ ഏറ്റവും സാധാരണമായ ലക്ഷണം നെഞ്ചിലെ സമ്മർദ്ദമോ ഭാരമോ ആണ്. താടിയെല്ല്, കഴുത്ത്, തോൾ, കൈ അല്ലെങ്കിൽ പുറം എന്നിവിടങ്ങളിലേക്ക് വ്യാപിക്കുന്ന തരത്തിലാകാം വേദന. കൂടാതെ ശ്വാസതടസ്സം, ഓക്കാനം, തലകറക്കം, വിയർക്കൽ എന്നിവയും ലക്ഷണങ്ങളാണ്. അതേസമയം, സ്ത്രീകളിലും പ്രമേഹരോഗികളിലും ക്ഷീണം, ദഹനക്കേട്, പുറം വേദന തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാം. ഈ മുന്നറിയിപ്പ് ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയുകയും ഉടൻ സഹായം തേടുകയും ചെയ്യുക എന്നതാണ് ആദ്യത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ ഘട്ടം.
അടിയന്തര സഹായം തേടുക
ഹൃദയാഘാതം ഉണ്ടാകുന്നുവെന്ന് സംശയം തോന്നിയാല്‍ ഉടൻ പ്രാദേശിക അടിയന്തര നമ്പറിൽ (ഇന്ത്യയിൽ 108) വിളിക്കുക. വൈദ്യസഹായം മിനിറ്റുകൾ പോലും വൈകിപ്പിക്കുന്നത് മരണസാധ്യത വർദ്ധിപ്പിക്കും. സഹായത്തിനെത്തുന്നവര്‍ക്കായി വീടിന്റെ വാതിൽ തുറന്നിടാനും ശ്രദ്ധിക്കണം. നിങ്ങൾ ഒറ്റയ്ക്കാണെങ്കിൽ ഫോൺ അടുത്ത് വയ്ക്കുക, നിങ്ങള്‍ക്ക് പെട്ടെന്ന് ബന്ധപ്പെടാവുന്ന അരെയെങ്കിലും (ഉദാ: അയൽക്കാരനെയോ കുടുംബാംഗത്തെയോ) വിവരം അറിയിക്കുക. സഹായിക്കാൻ മറ്റാരുമില്ലെങ്കില്‍പ്പോലും ആശുപത്രിയിലേക്ക് സ്വയം വാഹനമോടിക്കരുത്. അടിയന്തര സേവനങ്ങള്‍ക്ക് ആശുപത്രിയിലേക്കുള്ള വഴിയേതന്നെ ജീവൻ രക്ഷിക്കാനുള്ള ചികിത്സ ആരംഭിക്കാൻ കഴിയും.
ശാന്തത പാലിക്കുക
സഹായത്തിനായി വിളിച്ചുകഴിഞ്ഞാൽ കഴിയുന്നത്ര ശാന്തത പാലിക്കുക. നിവർന്നു ഇരിക്കുക, പുറം താങ്ങി കാലുകൾ തറയിൽ ഉറപ്പിച്ച് ഇരിക്കുക. ഇത് ഹൃദയത്തിലെ സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. മലർന്നു കിടക്കുകയോ നടക്കുകയോ ചെയ്യരുത്. ഓരോ ചലനവും അല്ലെങ്കിൽ ശാരീരികമായ ഓരോ പ്രയത്നവും ഹൃദയത്തിൽ ഓക്സിജന്റെ ആവശ്യകത വർദ്ധിപ്പിക്കും, ഇത് കാര്യങ്ങള്‍ കൂടുതല്‍. ഇരിക്കുന്നത് കുഴഞ്ഞുവീഴുകയോ മറ്റോ ചെയ്യുമ്പോൾ ഉണ്ടാകാനിടയുള്ള പരിക്കുകൾ ഒഴിവാക്കുകയും ചെയ്യും. സഹായം എത്തുന്നത് വരെ ശാന്തമായിരിക്കുക. സാവധാനത്തിലും ആഴത്തിലും ശ്വസിക്കാൻ ശ്രമിക്കുക.
ആസ്പിരിൻ
നിങ്ങളുടെ കൈവശം 300 മില്ലിഗ്രാം ആസ്പിരിൻ ലഭ്യമാണെങ്കിൽ, അടിയന്തര സേവനങ്ങളെ അറിയിച്ച ശേഷം ഒരു ടാബ്‌ലെറ്റ് പതുക്കെ ചവയ്ക്കുക. അലർജിയോ രക്തസംബന്ധമായ രോഗങ്ങളോ ഒന്നുമില്ലെങ്കില്‍ മാത്രമേ ആസ്പിരിന്‍ ഉപയോഗിക്കാവൂ. ആസ്പിരിൻ രക്തം നേർപ്പിക്കാൻ സഹായിക്കും. ഇത് കൊറോണറി ധമനികളിൽ കൂടുതൽ കട്ടപിടിക്കുന്നത് തടയുന്നു. ഇത് സമയം ലാഭിക്കും, പക്ഷേ ചികിത്സയ്ക്ക് പകരമാവില്ല. നൈട്രോഗ്ലിസറിൻ നിർദ്ദേശിച്ചിട്ടുണ്ടെങ്കിൽ, നിർദ്ദേശിച്ചതുപോലെ അത് കഴിക്കാം.
കഫ് സിപിആര്‍ (Cough CPR) പാടില്ല
ഹൃദയാഘാത സമയത്ത് ജീവൻ രക്ഷിക്കാൻ കഫ് സിപിആറിന് (ഹൃദയാഘാതം ഉണ്ടാകുമ്പോൾ ശക്തമായി ചുമയ്ക്കും) സാധിക്കും എന്ന തെറ്റായ ധാരണ പൊതുവെ നിലവിലുണ്ട്. എന്നാല്‍ വീട്ടിൽ ഇത് പരീക്ഷിക്കരുത്. ചുമ മൂലം സമ്മര്‍ദ്ദം വര്‍ധിച്ചേക്കാം.
ഹൃദയാഘാതം പ്രവചനാതീതമാണെങ്കിലും കൃത്യമായ അവബോധവും വേഗത്തിലുള്ള നടപടികളും ജീവൻ രക്ഷിക്കാന്‍ സഹായിക്കും. ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയുക, അടിയന്തര സഹായം തേടുക, ശാന്തത പാലിക്കുക എന്നിവയാണ് പ്രധാനം. ഒറ്റയ്ക്കായിരിക്കുമ്പോൾ ഓരോ മിനിറ്റും പ്രധാനമാണ്, നിങ്ങളുടെ മികച്ച രക്ഷാമാര്‍ഗം അറിവും ഉടനടിയുള്ള പ്രതികരണവുമാണ്.