TOPICS COVERED

കാറും കാന്‍സറും തമ്മില്‍ എന്താണ് ബന്ധം. ഉണ്ടെന്ന് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു. കാറിനുള്ളില്‍ അഗ്നിയെ പ്രതിരോധിക്കാനായി TDCIPP എന്ന രാസവസ്തു അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. ഇത് കാന്‍സറിന് കാരണമാകുമോ എന്ന് പഠിക്കാന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിനോട് നിര്‍ദേശിച്ചിരിക്കുകയാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍. അര്‍ബുദം ഉണ്ടാക്കിയാലും ഇല്ലെങ്കിലും നിരവധി ആരോഗ്യപ്രശ്നങ്ങള്‍ TDCIPP സൃഷ്ടിക്കുന്നുവെന്ന് ഇതിനോടകം തെളിഞ്ഞിട്ടുണ്ട്. നാഡീ വ്യവസ്ഥയെയാണ് പ്രധാനമനായി ബാധിക്കുന്നത്. കൂടുതല്‍ സമയം കാറില്‍ ചെലവഴിക്കുന്ന ഡ്രൈവര്‍മാര്‍ക്കാണ് അപകടസാധ്യത കൂടുതല്‍. കുട്ടികളിലും ഇത് ദോഷകരമായി ബാധിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. 

2015 നും 2022 നും ഇടയിൽ 101 ഇലക്ട്രിക്, ഗ്യാസ്, ഹൈബ്രിഡ് കാറുകളുടെ കാബിൻ വായു ഗവേഷകർ വിശകലനം ചെയ്തു. 99% കാറുകളിലും ടിസിഐപിപി എന്ന ജ്വാല പ്രതിരോധകം അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. 2024 മെയ് മാസത്തിൽ എൻവയോൺമെന്റൽ സയൻസ് & ടെക്നോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ കാറുകളിൽ ക്യാൻസറിന് കാരണമാകുന്ന രാസവസ്തുക്കളുടെ സാന്നിധ്യം സ്ഥിരീകരിച്ചു. തീപിടുത്തം തടയാനുള്ള മാനദണ്ഡം പാലിക്കുന്നതിനായി കാർ നിർമ്മാതാക്കൾ സീറ്റുകളില്‍ അടക്കം TDCIPP ചേര്‍ക്കുന്നുണ്ട്. 

പഠനറിപ്പോര്‍ട്ടുകളെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ ഇതുസംബന്ധിച്ച് കേസ് റജിസ്റ്റര്‍ ചെയ്തതും പഠനം നടത്താന്‍ നിര്‍ദേശിച്ചതും. പഠനത്തിന് അനുമതി ലഭിച്ചിട്ടുണ്ടെന്നും ഒരാഴ്ചയ്ക്കുള്ളില്‍ നടപടികള്‍ ആരംഭിക്കുമെന്നും ഐ.സി.എം.ആര്‍. ഹരിത ട്രൈബ്യൂണലിന് അറിയിച്ചു. റിക്രൂട്ട്മെന്റ്, സാമ്പിൾ, ലബോറട്ടറി പരിശോധന, വിശകലനം, റിപ്പോർട്ടിംഗ് എന്നിവ ഉൾപ്പെടുന്ന പഠനത്തിന് ഏകദേശം 18 മാസമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. 85.33 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്നും ഐ.സി.എം.ആര്‍. അറിയിച്ചു.

ENGLISH SUMMARY:

Car and cancer connection is being investigated due to the presence of TDCIPP in car interiors. Studies suggest this chemical, used as a flame retardant, may pose health risks, prompting further research by ICMR.