മാസങ്ങള്‍ക്ക് മുന്‍പ് ക്ഷീണിതനായി ബോളിവുഡിന്‍റെ സൂപ്പര്‍ താരം സൽമാൻ ഖാൻ സമൂഹമാധ്യമങ്ങളിലെ ചില വിഡിയോകളില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ആരാധകര്‍ ആശങ്കയിലായി. എന്താണ് സല്‍മാന്‍ ഖാന് പറ്റിയത് എന്നായിരുന്നു ആരാധകരുടെ ചോദ്യം. എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങളുണ്ടോ എന്നും ആശങ്ക വര്‍ധിച്ചു. എന്നാല്‍ ഉറക്കക്കുറവും തിരക്കേറിയ ഷെഡ്യൂളുമാണ് കാരണം എന്നായിരുന്നു സല്‍മാന്‍ ഖാന്‍ നല്‍കിയ മറുപടി. എന്നാല്‍ ഒടുവില്‍ ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ സീസൺ 3 ന്റെ ആദ്യ എപ്പിസോഡിൽ തന്‍റെ രോഗാവസ്ഥ തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടന്‍.
‘വേദന തിന്നാണ് ജീവിക്കുന്നത്, എല്ലുകള്‍ നുറുങ്ങുകയാണ്. ഇതിനെല്ലാം ഇടയിലും ഞാന്‍ ജോലി ചെയ്യുന്നു’ ഇതായിരുന്നു സല്‍മാന്‍ ഖാന്‍റെ വാക്കുകള്‍. തനിക്ക് ബ്രെയിൻ അന്യൂറിസം, ട്രൈജമിനൽ ന്യൂറൽജിയ, എവി മാൽഫോർമേഷൻ എന്നിവയുണ്ടെന്നാണ് നടന്‍ വ്യക്തമാക്കിയത്. ട്രൈജമിനൽ ന്യൂറൽജിയയുമായി ബന്ധപ്പെട്ട് 2011 ല്‍ സല്‍മാന്‍ ഖാന് ശസ്ത്രക്രിയ നടത്തിയിരുന്നു. പിന്നാലെ ഞെട്ടലിലാണ് സല്‍മാന്‍റെ ആരാധകരും. കടുത്ത സാഹചര്യത്തിലും പോരാടി മുന്നേറുന്ന അദ്ദേഹത്തിന് പ്രാര്‍ഥനകളും ആശംസകളുമായി രംഗത്തെത്തിയിരിക്കുകയാണ് ആരാധകര്‍. എന്നാല്‍ എന്താണ് സല്‍മാന്‍ പങ്കുവച്ച രോഗാവസ്ഥകള്‍ എന്നു നോക്കാം...
മയോ ക്ലിനിക്ക് പറയുന്നതനുസരിച്ച് തലച്ചോറിലെ രക്തക്കുഴലിൽ ഉണ്ടാകുന്ന വീക്കമാണ് ബ്രെയിൻ അന്യൂറിസം. ഈ വീക്കം പൊട്ടുകയോ മറ്റോ ചെയ്താല്‍ അത് തലച്ചോറിൽ രക്തസ്രാവത്തിന് കാരണമാകുന്നു, ഇതിനെ ഹെമറാജിക് സ്ട്രോക്ക് എന്ന് പറയുന്നു. ബ്രെയിൻ അന്യൂറിസം സാധാരണമാണെങ്കിലും, അത് പൊട്ടിയാൽ ജീവന് ഭീഷണിയാകാം. ഉയർന്ന രക്തസമ്മർദ്ദം, പുകവലി, ജനിതക കാരണങ്ങള്‍ എന്നിവയാണ് ബ്രെയിൻ അന്യൂറിസത്തിന് കാരണമാകുന്നത്,
അതേസമയം മുഖത്തിന്‍റെ ഒരു വശത്ത് വൈദ്യുതാഘാതം പോലുള്ള തീവ്രമായ വേദന ഉണ്ടാകുന്ന വിട്ടുമാറാത്ത അവസ്ഥയാണ് ട്രൈജമിനൽ ന്യൂറൽജിയ. മുഖത്ത് നിന്ന് തലച്ചോറിലേക്ക് സിഗ്നലുകൾ വഹിക്കുന്ന നാഡിയെയാണ് ഇത് ബാധിക്കുന്നത്. പല്ല് തേയ്ക്കുകയോ മേക്കപ്പ് ഇടുകയോ പോലുള്ള ലളിതമായ സന്ദര്‍ഭങ്ങളില്‍ പോലും വേദന ഉണ്ടാകാം. വേദന നിയന്ത്രിക്കാൻ പ്രയാസമാണ്, പലപ്പോഴും മരുന്നുകളോ ശസ്ത്രക്രിയയോ പോലും ആവശ്യമായി വരും.
എവി മാൽഫോർമേനെന്നാല്‍ രക്തക്കുഴലുകളുടെ അസാധാരണമായ കുരുക്ക് എന്നാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോളജിക്കൽ ഡിസോർഡേഴ്സ് ആൻഡ് സ്ട്രോക്ക് പറയുന്നത്. ഇത് ധമനികൾക്കും സിരകൾക്കും ഇടയില്‍ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. മിക്കപ്പോഴും സുഷുമ്‌നാ നാഡിയിലും തലച്ചോറിലുമാണ് ഇവ കാണപ്പെടുന്നതെങ്കിലും ശരീരത്തിന്‍റെ മറ്റെവിടെയെങ്കിലും വികസിക്കുകയും ചെയ്യാം. ഇത് കോശങ്ങളിലെ സാധാരണ രക്തചംക്രമണത്തെയും ഓക്‌സിജൻ കൈമാറ്റത്തെയും തടസ്സപ്പെടുത്തുകയും ചെയ്യുന്നു.